69 ദിവസം ലീവ് എടുത്തു, യുവാവിനെ ജോലിയിൽ നിന്ന് പുറത്താക്കി, ഒടുവിൽ 14 ലക്ഷം നഷ്ടപരിഹാരം!
താൻ ലീവ് എടുത്തത് അസുഖബാധിതനായിരുന്നതിനാൽ ആയിരുന്നെന്ന് മിഹാലിസ് കോടതിയെ ബോധിപ്പിച്ചു. അതുപ്രകാരം 69 ദിവസത്തെ അവധിക്ക് തനിക്ക് അവകാശമുണ്ടെന്നും അയാൾ കോടതിയെ ബോധിപ്പിച്ചു.

ഓരോ കമ്പനികളും അവരുടെ ജീവനക്കാർക്കായി നിശ്ചിത എണ്ണം ലീവ് അനുവദിക്കാറുണ്ട്. ജീവനക്കാർക്ക് ആ ലീവുകൾ അവരുടെ ഇഷ്ടാനുസരണം എടുക്കാം. എന്നാൽ, ലീവ് എടുത്തതിനെ തുടർന്ന് ഒരു ഐറിഷ് യുവാവിനെ ജോലിയിൽ നിന്നും പുറത്താക്കിയതുമായി ബന്ധപ്പെട്ട വാർത്തകൾ കഴിഞ്ഞ ദിവസം പുറത്തു വരികയുണ്ടായി.
അയർലൻഡിൽ നിന്നുള്ള ഈ യുവാവ് 69 ദിവസം ലീവ് എടുത്തതിനെ തുടർന്നാണ് കമ്പനി ഇയാളെ പുറത്താക്കിയത്. ഡെയ്ലി സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് മിഹാലിസ് ബ്യൂനെങ്കോ എന്ന ജീവനക്കാരനെയാണ് ലിഡൽ എന്ന കമ്പനി 2021 -ൽ പുറത്താക്കിയത്. മോശം ഹാജർനില ചൂണ്ടിക്കാട്ടിയായിരുന്നു കമ്പനിയുടെ ഈ നടപടി. പുറത്താക്കപ്പെടുന്നതിന് മുമ്പ് അദ്ദേഹം ഈ കമ്പനിയിൽ 11 വർഷം ജോലി ചെയ്തിരുന്നു.
എന്നാൽ, മിഹാലിസ് ബ്യൂനെങ്കോ കമ്പനിക്കെതിരെ കേസു കൊടുത്തു. വിഷയം കോടതിയിലെത്തി, കമ്പനിയെ പ്രതിനിധീകരിച്ച അഭിഭാഷകൻ മിഹാലിസ് 69 ലീവുകൾ എടുത്തിരുന്നതായും ഇതുകൂടാതെ പത്ത് തവണ അദ്ദേഹം നേരത്തെ പോവുകയും 13 തവണ മാനേജ്‌മെന്റിന്റെ അനുമതിയില്ലാതെ നീണ്ട ഇടവേള എടുക്കുകയും ചെയ്തുവെന്ന് കോടതിയിൽ വെളിപ്പെടുത്തി. കൂടാതെ കമ്പനിയെ പ്രതിനിധീകരിച്ച് കോടതിയിലെത്തിയ റീജിയണൽ ലോജിസ്റ്റിക്സ് മാനേജർ പ്രവൃത്തിദിവസത്തിന്റെ 20 ശതമാനവും മിഹാലിസ് നഷ്ടപ്പെടുത്തിയതായും അയാളുടെ അഭാവം നികത്താൻ, മറ്റ് ജീവനക്കാർക്ക് അധികമായി ജോലി ചെയ്യേണ്ടിവന്നതായും ചൂണ്ടികാണിച്ചു. കൂടാതെ ഈ വിഷയത്തിൽ ഒന്നിലധികം തവണ മിഹാലിസുമായി സംസാരിച്ചെങ്കിലും ഇയാൾ തന്റെ സ്വഭാവത്തിൽ മാറ്റം വരുത്തിയില്ലെന്നും ലോജിസ്റ്റിക്സ് മാനേജർ കൂട്ടിച്ചേർത്തു.
എന്നാൽ, താൻ ലീവ് എടുത്തത് അസുഖബാധിതനായിരുന്നതിനാൽ ആയിരുന്നെന്ന് മിഹാലിസ് കോടതിയെ ബോധിപ്പിച്ചു. അതുപ്രകാരം 69 ദിവസത്തെ അവധിക്ക് തനിക്ക് അവകാശമുണ്ടെന്നും അയാൾ കോടതിയെ ബോധിപ്പിച്ചു. ഒടുവിൽ കോടതി മിഹാലിസിന് അനുകൂലമായി വിധിക്കുകയും ലിഡൽ കമ്പനിയോട് മിഹാലിസിന് നഷ്ടപരിഹാരമായി 14 ലക്ഷം രൂപ നൽകാനും ഉത്തരവിട്ടു.
വായിക്കാം: ശവക്കല്ലറകൾക്ക് നടുവിലൊരു വീട് വിൽപ്പനയ്ക്ക്; വില ഇത്!
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: