ആദ്യ വിവാഹം നിയമപരമായി വേർപെടുത്താതെ, രണ്ടാമതൊരു വിവാഹം കഴിക്കാൻ ഇം​ഗ്ലണ്ടിലെ നിയമം അനുവദിക്കുന്നില്ല. അങ്ങനെയെങ്കിൽ, അയാൾ രണ്ടാം വിവാഹം നിയമപ്രകാരം രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ, നിയമത്തിന് മുന്നിൽ അയാൾ കുറ്റക്കാരനായി തീരും. 

ഭാര്യയുടെ വ്യാജ ഒപ്പിട്ട്(Forged signature) വിവാഹമോചനം നേടിയ ഭർത്താവ്, അത് രഹസ്യമാക്കി വച്ചത് 12 വർഷക്കാലം. ഇത്രയും വർഷം താൻ വിവാഹമോചിതയായതറിയാതെ ഭാര്യ ആ വിവാഹബന്ധത്തിൽ തുടർന്നു. യുകെയിലാണ് സംഭവം. ഭാര്യ അറിയാതെ ഭാര്യയുടെ കള്ള ഒപ്പിട്ടാണ് ഭർത്താവ് വിവാഹമോചന നടപടികൾ പൂർത്തിയാക്കിയത്. എന്നാൽ, വ്യാജരേഖ ചമച്ചതും, തന്നിൽ നിന്ന് വിവാഹമോചനം നേടിയതും അറിയാതെ ഭാര്യ കഴിഞ്ഞു. ഒടുവിൽ ഇതേകുറിച്ച് ഭാര്യക്ക് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് ജഡ്ജി കണ്ടെത്തിയതോടെ, ഇന്ത്യൻ വംശജരായ ദമ്പതികളുടെ വിവാഹമോചനം യുകെ കോടതി റദ്ദാക്കി.

1978 ഓഗസ്റ്റിലായിരുന്നു ഇവരുടെ വിവാഹം. അന്ന് ഭാര്യ റാച്ച്പാല(Rachpal)യ്ക്ക് 19 -ഉം, ഭർത്താവ് കേവൽ രൺധാവ(Kewal Randhawa)യ്ക്ക് 16 -ഉം വയസ്സായിരുന്നു. തെക്ക്-കിഴക്കൻ ഇംഗ്ലണ്ടിലെ സ്ലോയിലെ ഒരു രജിസ്ട്രി ഓഫീസിൽ വെച്ചായിരുന്നു അവരുടെ വിവാഹം. പിന്നീട് 2009 -ൽ അവർ വേർപിരിഞ്ഞു. അതിന് ശേഷം രൺധാവ മറ്റൊരു സ്ത്രീയുടെ കൂടെ താമസമാക്കി. ഇനി ഒരിക്കലും ഒന്നിച്ച് പോകാൻ കഴിയില്ല എന്ന കാരണത്താൽ അയാൾ 2010 -ൽ ആദ്യ ഭാര്യയുമായുള്ള വിവാഹമോചനത്തിന് അപേക്ഷ നൽകി.

അതേസമയം താനും തന്റെ ഭർത്താവും പിരിഞ്ഞു കഴിയുകയാണെങ്കിലും, ഇപ്പോഴും തങ്ങൾ വിവാഹിതരാണെന്ന് ഭാര്യ റാച്ച്പാൽ വിശ്വസിച്ചു. കൂടാതെ, കുടുംബ ചടങ്ങുകളിലടക്കം അവർ ഭാര്യാഭർത്താക്കന്മാരായി പങ്കെടുത്തിരുന്നു. തന്റെ ഭർത്താവിന് മറ്റൊരു സ്ത്രീയിൽ ഒരു കുട്ടിയുണ്ടെന്നും മറ്റുമുള്ള ചില കഥകൾ അവൾ കേട്ടെങ്കിലും, അതെല്ലാം വെറും അഭ്യൂഹങ്ങളാണെന്ന് അവൾ കരുതി. “രൺധാവയുടേതായ നിക്ഷിപ്ത താൽപ്പര്യങ്ങൾ മൂലമാണ് 2010 -ൽ റാച്ച്പാലിൽ നിന്ന് അയാൾ വിവാഹമോചനം നേടിയതെന്ന് കോടതി മനസ്സിലാക്കുന്നു. എന്നാൽ, വിവാഹമോചന നടപടികളെക്കുറിച്ച് ആദ്യ ഭാര്യയ്ക്ക് അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ വിവാഹമോചന പ്രക്രിയയിൽ ഭാഗമായിരിക്കുന്നത് രൺധാവ മാത്രമാണ്” കുടുംബ കോടതി ജഡ്ജി കാംബിസ് മൊറാദിഫർ കഴിഞ്ഞ മാസം തന്റെ വിധിയിൽ പറഞ്ഞു.

"2010 ഫെബ്രുവരി 11 -ലെ വിവാഹമോചന ഹർജിയിൽ കാണുന്ന ശ്രീമതി രൺധാവയുടെ ഒപ്പ് വ്യാജമാണ്. പ്രസ്തുത ഒപ്പ് അവരുടെ ഭർത്താവ് രൺധാവ വ്യാജമായി കെട്ടിച്ചമച്ചതാണ്. അതനുസരിച്ച്, 2010 ജനുവരി 22 -ലെ വിവാഹമോചന ഹർജിയുടെ അടിസ്ഥാനത്തിൽ അനുവദിച്ച വിവാഹമോചന ഉത്തരവ് കോടതി റദ്ദാക്കുന്നു” അദ്ദേഹം ഉപസംഹരിച്ചു. കോടതി രേഖകൾ അനുസരിച്ച്, 2019 ഡിസംബറിൽ ആദ്യഭാര്യ വിവാഹമോചനത്തിന് അപേക്ഷ നൽകുന്നതു വരെ ഇതേകുറിച്ച് അവർക്ക് അറിവുണ്ടായിരുന്നില്ല.

2011 -ൽ വീണ്ടും വിവാഹിതനായ ഭർത്താവിന് പുതിയ ഭാര്യയിൽ ഒരു കുട്ടിയുമുണ്ട്. ആദ്യ വിവാഹം നിയമപരമായി വേർപെടുത്താതെ, രണ്ടാമതൊരു വിവാഹം കഴിക്കാൻ ഇം​ഗ്ലണ്ടിലെ നിയമം അനുവദിക്കുന്നില്ല. അങ്ങനെയെങ്കിൽ, അയാൾ രണ്ടാം വിവാഹം നിയമപ്രകാരം രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ, നിയമത്തിന് മുന്നിൽ അയാൾ കുറ്റക്കാരനായി തീരും. ആദ്യവിവാഹത്തിൽ ദമ്പതികൾക്ക് നാല് കുട്ടികളുണ്ട്. മാതാപിതാക്കൾക്കിടയിൽ ഒട്ടും സ്വരച്ചേർച്ചയില്ലെന്ന് മക്കൾ കോടതിയിൽ തുറന്ന് പറഞ്ഞു. 2003 ൽ 14 വയസ്സുള്ള മകന്റെ മരണത്തോടെ ആ കുടുംബം പൂർണ്ണമായും തകർന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി.

അതേസമയം, വിവാഹമോചനത്തെക്കുറിച്ച് അറിയില്ലെന്ന ഭാര്യയുടെ ആരോപണങ്ങൾ നിഷേധിച്ച ഭർത്താവ്, അവൾക്ക് പൂർണ്ണമായും ഇതേകുറിച്ച് അറിയാമെന്നും, വിവാഹമോചന പ്രക്രിയയിൽ അവളും പങ്കാളിയായിരുന്നുവെന്നും അവകാശപ്പെട്ടു. മറ്റുള്ളവർ അറിഞ്ഞാലുള്ള നാണക്കേടും, കുട്ടികളുടെ ഭാവിയെ കുറിച്ചുളള ഉത്കണ്ഠയും കാരണം ഭാര്യ വിവാഹമോചനം രഹസ്യമാക്കി വെക്കുകയായിരുന്നെന്നും ഭർത്താവ് ആരോപിച്ചു.

(ചിത്രം പ്രതീകാത്മകം)