താൻ ഒറ്റയ്ക്കാണ് വരുന്നത് എന്നും മുംബൈയിലെ ജീവിതച്ചെലവും മറ്റും അറിയാൻ താല്പര്യമുണ്ട് എന്നും ഇയാൾ പറയുന്നു.

പലരും പല തരത്തിലുള്ള സംശയങ്ങളും ആശങ്കകളും പങ്കുവയ്ക്കുകയും ആളുകളിൽ നിന്നും അഭിപ്രായം സ്വീകരിക്കുകയും ചെയ്യുന്ന സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമാണ് റെഡ്ഡിറ്റ്. അടുത്തിടെ ഒരു മെക്സിക്കൻ -അമേരിക്കൻ അതിൽ ഒരു സംശയം ചോദിച്ചു. താൻ മുംബൈയിലേക്ക് ജോലി സംബന്ധമായി മാറുകയാണ്. തന്റെ വാർഷിക വരുമാനം 130,000 USD (ഒരു കോടി) ആണ്. അത് മുംബൈ ന​ഗരത്തിൽ ഒരു മികച്ച ജീവിതം ജീവിക്കാൻ‌ പര്യാപ്തമാണോ എന്നാണ് ഇയാളുടെ ചോദ്യം.

താൻ ഒരു വിമുക്തഭടൻ ആണെന്നും വീട് വിറ്റിട്ടാണ് വരുന്നത് എന്നുകൂടി ഇയാൾ പറയുന്നുണ്ട്. താൻ ഒറ്റയ്ക്കാണ് വരുന്നത് എന്നും മുംബൈയിലെ ജീവിതച്ചെലവും മറ്റും അറിയാൻ താല്പര്യമുണ്ട് എന്നും ഇയാൾ പറയുന്നു. ഒപ്പം തനിക്ക് ഐടി ഡിഫൻസ് സെക്ടറിൽ 10 വർഷത്തെ പരിചയമുണ്ട് എന്നും പറയുന്നുണ്ട്. 

എന്നാൽ, ഈ ചോദ്യം ആത്മാർത്ഥമായിട്ടുള്ളതാണോ അതോ വെറുതെ ചോദിക്കുന്നതാണോ എന്ന സംശയം ഉയരാം അല്ലേ? എന്നാൽ, ചോദ്യം സത്യമാണ് എന്നാണ് കരുതുന്നത്. അതിനാൽ തന്നെ നിരവധിപ്പേർ ഇയാൾക്ക് മറുപടിയും നൽകിയിട്ടുണ്ട്. അതിൽ ഏറെയും മുംബൈയിൽ നല്ല പരിചയമുള്ളവരാണ് മറുപടി നൽകിയിരിക്കുന്നത്. 

അതിൽ ഒരാൾ പറഞ്ഞത്, ജീവിതനിലവാരം മുംബൈയിൽ യൂറോപ്യൻ രാജ്യങ്ങളുടെ അത്ര മെച്ചപ്പെട്ടതായിരിക്കില്ല എന്നാണ്. മറ്റ് ചിലർ എവിടെയൊക്കെയാണ് ഈ കാശിന് നല്ല വീടുകൾ വാടകയ്ക്ക് കിട്ടുക, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നതെല്ലാം പറഞ്ഞിട്ടുണ്ട്. മറ്റൊരാൾ പറഞ്ഞത്, സെൻട്രൽ മുംബൈ എന്നതിലുപരി എവിടെയാണോ ഓഫീസ് അതിന് തൊട്ടടുത്തായി ഒരു വീട് എടുക്കുന്നതാവും നല്ലത്. കാരണം ട്രാഫിക്കിൽ അത്ര ദൂരം യാത്ര ചെയ്യുന്നത് ഒഴിവാക്കാമല്ലോ എന്നാണ്.