യഥാർത്ഥ തീയതി മറച്ചുവച്ച് മറ്റൊരു തീയതി പതിച്ചതിനെ കുറിച്ച് വിശദമായി തന്നെ അഭിഭാഷകൻ വിശദീകരിച്ചു. തുടർന്ന് ഉപഭോക്താവിന് അനുകൂലമായി വിധി വരികയായിരുന്നു.
എക്സ്പയറി ഡേറ്റ് കഴിഞ്ഞ ഓട്‍സ് കഴിച്ച് യുവാവിന് അസുഖം ബാധിച്ചു. 10,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി. ബംഗളൂരുവിലെ ഒരു സൂപ്പർ മാർക്കറ്റിൽ നിന്നാണ് യുവാവ് ഓട്‍സ് വാങ്ങിയത്. ഇത് കഴിച്ചതിന് പിന്നാലെ വയ്യാതെയാവുകയായിരുന്നു. തുടർന്ന്, ഓട്‍സിന്റെ എക്സ്പയറി ഡേറ്റ് പരിശോധിച്ചപ്പോഴാണ് അത് കഴിഞ്ഞു പോയി എന്ന് മനസിലാവുന്നത്. തനിക്കുണ്ടായ നഷ്ടങ്ങൾക്ക് പരിഹാരം കാണണമെന്ന് കാണിച്ച് പിന്നാലെ യുവാവ് കേസ് കൊടുത്തു.
ജയാനഗറിലുള്ള സൂപ്പർ മാർക്കറ്റിൽ നിന്നാണ് ഇയാൾ ഹണി ഓട്‍സ് ഉൾപ്പടെ നിരവധി സാധനങ്ങൾ വാങ്ങിയത്. ഓട്‍സിന് വില 925 ആയിരുന്നു. എക്സ്പയറി ഡേറ്റ് കഴിഞ്ഞത് സൂപ്പർ മാർക്കറ്റ് മറച്ചു വച്ചിരുന്നു. ശേഷം അതിന് മുകളിൽ മറ്റൊരു തീയതിയും പതിച്ചിരുന്നു. അതോടെ സൂപ്പർ മാർക്കറ്റ് പറ്റിക്കുകയായിരുന്നു എന്ന് ഇയാൾക്ക് മനസിലായി.
പിന്നാലെ, ഇയാൾ വിശദീകരണം തേടി സൂപ്പർ മാർക്കറ്റിനെ സമീപിച്ചു എങ്കിലും തീരെ ഉത്തരവാദിത്തമില്ലാതെയാണ് ജീവനക്കാർ പെരുമാറിയത്. തൃപ്തികരമായ ഒരുത്തരവും അവർ നൽകിയില്ല. ശേഷം ഇയാൾ സൂപ്പർ മാർക്കറ്റിനെതിരെ വക്കീൽ നോട്ടീസയച്ചു. ബെംഗളൂരു അഡീഷണൽ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിലേക്കാണ് കേസ് പോയത്.
യഥാർത്ഥ തീയതി മറച്ചുവച്ച് മറ്റൊരു തീയതി പതിച്ചതിനെ കുറിച്ച് വിശദമായി തന്നെ അഭിഭാഷകൻ വിശദീകരിച്ചു. തുടർന്ന് ഉപഭോക്താവിന് അനുകൂലമായി വിധി വരികയായിരുന്നു. 925 രൂപ അതുപോലെ തിരികെ നൽകാൻ കോടതി നിർദ്ദേശിച്ചു. ഒപ്പം ഈ ഓട്‍സ് കഴിച്ചശേഷം അയാൾക്ക് ചികിത്സയ്ക്ക് വേണ്ടി ചിലവായ തുക എന്ന നിലയിൽ 5000 രൂപ നൽകാനും നിയമപരമായ ചിലവുകൾ വഹിക്കാൻ വേണ്ടി വന്ന 5000 രൂപ നൽകാനും സൂപ്പർ മാർക്കറ്റിനോട് ആവശ്യപ്പെടുകയും ചെയ്തു.
