Asianet News MalayalamAsianet News Malayalam

10 കൊല്ലം മുമ്പ് കാണാതായ അമ്മയുടെ അസ്ഥികൂടം, വീട് വൃത്തിയാക്കാൻ ആൾക്കാരെ വച്ചപ്പോൾ കണ്ടെത്തിയത്

ജോലി തുടങ്ങി മൂന്ന് മണിക്കൂർ കഴിഞ്ഞപ്പോഴാണ് അവർ ആ ഞെട്ടിക്കുന്ന കാര്യം കണ്ടെത്തിയത്. ഒരു മനുഷ്യന്റെ അസ്ഥികൂടമായിരുന്നു അത്. ഉടനെ തന്നെ അവർ വീട്ടുടമയായ യുവാവിനെ വിവരമറിയിച്ചു. 

man hires professional cleaners they found mans mothers 10 year old remains in japan
Author
First Published Aug 21, 2024, 12:46 PM IST | Last Updated Aug 21, 2024, 12:46 PM IST

അലങ്കോലമായിക്കിടക്കുന്ന വീട് വൃത്തിയാക്കാൻ പ്രൊഫഷണലായിട്ടുള്ള ക്ലീനർമാരുടെ സഹായം തേടിയതാണ് ജപ്പാനിൽ നിന്നുള്ള ഒരു യുവാവ്. എന്നാൽ‌, വീട് വൃത്തിയാക്കാനെത്തിയവർ കണ്ടത് ഒരു അസ്ഥികൂടം. ജപ്പാനിലെ ക്യോട്ടോ പ്രിഫെക്ചറിലാണ് സംഭവം നടന്നത്. 

തൻ്റെ മാതാപിതാക്കളോടും മൂത്ത സഹോദരിയോടും ഒപ്പം നേരത്തെ താമസിച്ചിരുന്ന യുവാവാണ് തൻ്റെ നാല് കിടപ്പുമുറികളുള്ള വീട് വൃത്തിയാക്കാൻ ഒരു പ്രൊഫഷണൽ ക്ലീനിംഗ് കമ്പനിയെ വിളിച്ചത്. 10 വർഷം മുമ്പ് യുവാവിന്റെ അമ്മയെ കാണാതായി. കുറച്ച് വർഷങ്ങൾക്ക് മുമ്പ് അച്ഛൻ മരിച്ചു. സഹോദരിയാണെങ്കിൽ ജോലി ആവശ്യത്തിനായി അവിടെ നിന്നും മാറിത്താമസിക്കുകയും ചെയ്തു. പിന്നാലെയാണ് ആകെ അലങ്കോലമായിക്കിടക്കുന്ന വീട് വൃത്തിയാക്കിയേക്കാം എന്ന് കരുതി യുവാവ് ക്ലീനിം​ഗിന് ആളുകളെ വിളിക്കുന്നത്. 

പുതിയൊരു ജോലിക്ക് പോകുന്നതിന് തൊട്ടുമുമ്പായിരുന്നു ഇയാൾ വീട് വൃത്തിയാക്കാൻ തീരുമാനിച്ചത്. എട്ട് പേരാണ് ക്ലീനിം​ഗിന് എത്തിയത്. ഏഴ് മണിക്കൂർ കൊണ്ട് ജോലി പൂർത്തിയാക്കും എന്നു പറഞ്ഞാണ് വന്നതും. ജോലി തുടങ്ങി മൂന്ന് മണിക്കൂർ കഴിഞ്ഞപ്പോഴാണ് അവർ ആ ഞെട്ടിക്കുന്ന കാര്യം കണ്ടെത്തിയത്. ഒരു മനുഷ്യന്റെ അസ്ഥികൂടമായിരുന്നു അത്. ഉടനെ തന്നെ അവർ വീട്ടുടമയായ യുവാവിനെ വിവരമറിയിച്ചു. 

ഇത് കാണാതായ തന്റെ അമ്മയുടെ അസ്ഥികൂടമാണ് എന്ന് തോന്നിയതോടെ യുവാവ് പൊലീസിനെ വിവരമറിയിച്ചു. പിന്നീട് ഇത് യുവാവിന്റെ അമ്മയുടെ അസ്ഥികൂടമാണ് എന്ന് സ്ഥിരീകരിച്ചു. യുവാവ് പറയുന്നത്, അമ്മ മിക്കവാറും വീട്ടിൽ നിന്നും ഇറങ്ങിപ്പോവാറുണ്ട്. മാത്രമല്ല, അധികമാരോടും മിണ്ടാറുമില്ല. വീട്ടിൽ നിന്നും ഇറങ്ങിപ്പോയ അമ്മ തിരികെ എത്തിയത് ആരും ശ്രദ്ധിച്ചു കാണില്ല. മുറിയിൽ കിടന്ന് മരിച്ചുകാണും. വീട് അലങ്കോലമായതിനാലും അല്ലാതെ തന്നെ പലതരം മണമുള്ളതുകൊണ്ടും ആരും ശ്രദ്ധിച്ചു കാണില്ല എന്നാണ്. 

വാർത്ത സോഷ്യൽ മീഡിയയിൽ ആളുകളെ ഞെട്ടിച്ചു. 'വിവാഹം കഴിച്ചു, രണ്ട് കുട്ടികളും ഉണ്ട്. എന്നിട്ടും നോക്കൂ സ്വന്തം വീട്ടിൽ മരിച്ചു കിടന്നിട്ടു പോലും ഒരാളും അറിഞ്ഞില്ല' എന്നായിരുന്നു ചിലർ കമന്റ് ചെയ്തത്. 

Latest Videos
Follow Us:
Download App:
  • android
  • ios