40 കിലോമീറ്റർ യുവാവ് നടന്നു. കാട്ടുപഴങ്ങളും അരുവിയിലെ വെള്ളവും കുടിച്ചാണ് അതിജീവിച്ചത്. യുവാവിനെ തങ്ങൾ കണ്ടെത്തുമ്പോൾ അയാളുടെ വസ്ത്രങ്ങളൊക്കെ കീറിപ്പറിഞ്ഞ നിലയിലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
പ്രണയബന്ധം തകരുക എന്നത് ആരെ സംബന്ധിച്ചും അല്പം വേദനാജനകമായ അനുഭവം തന്നെയാണ്. ചിലർക്ക് അത് തീരെ ഉൾക്കൊള്ളാൻ സാധിക്കണം എന്നില്ല. അതുപോലെയുള്ള ഒരു ചൈനീസ് യുവാവാണ് ഇപ്പോൾ ചൈനയിലെ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറുന്നത്.
വെള്ളമോ ഭക്ഷണമോ സ്മാർട്ട് ഫോണോ ഒന്നും തന്നെ ഇല്ലാതെ ആറ് ദിവസമായി ഇവിടെ ഒരു മലമുകളിലൂടെ അലഞ്ഞ് തിരിഞ്ഞു നടക്കുകയായിരുന്നത്രെ ഈ യുവാവ്. തന്റെ എക്സ് ഗേൾഫ്രണ്ടിനെ മറക്കാൻ വേണ്ടിയാണത്രെ യുവാവ് ഇങ്ങനെ അലഞ്ഞുതിരിഞ്ഞു നടന്നത്.
ജൂൺ 20 -നാണ് സിയാവലിൻ എന്ന യുവാവ് വാടകയ്ക്ക് താമസിച്ചിരുന്ന ഫ്ലാറ്റിൽ നിന്ന് കാൽനടയായി ഇറങ്ങിപ്പോയത്. പിറ്റേന്ന് പുലർച്ചെ ഒരു മണിയോടെ ദലാങ് പർവത പ്രദേശത്തെവിടെയോ എത്തിച്ചേർന്നു.
സിയാവലിന്റെ ഇളയ സഹോദരൻ പിന്നാലെ യുഹാങ് ജില്ലയിലെ പോലീസിൽ വിളിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. സിയാവലിന്റെ ഫ്ലാറ്റ് ഒഴിഞ്ഞുകിടക്കുന്നതും, മൊബൈൽ ഫോൺ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതും, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ യുവാവ് ഫ്ലാറ്റ് വിട്ടുപോകുന്നത് കണ്ടതുമാണ് പോലീസിനെ സമീപിക്കാൻ സഹോദരനെ പ്രേരിപ്പിച്ചത്.
സംഭവത്തിൽ ദുരൂഹത വർദ്ധിച്ചതോടെ, യുഹാങ് പോലീസ് നൂറിലധികം ഉദ്യോഗസ്ഥരെയും പ്രദേശവാസികളെയും ഇവിടമൊക്കെ തിരച്ചിൽ നടത്താൻ നിയോഗിച്ചു. മാത്രമല്ല, പോലീസ് നായ്ക്കളെയും, ഡ്രോണുകളും, സോണാർ ഉപകരണങ്ങളും ഒക്കെ ഉപയോഗിച്ചിട്ടും ഫലമുണ്ടായില്ല. യുവാവിനെ കണ്ടെത്താനായില്ല.
എന്നാൽ, ജൂൺ 26 -ന് പോലീസിന് ഒരു തുമ്പ് കിട്ടി. ലിനാൻ ജില്ലയിലെ ഒരു പാർക്കിലെ നിരീക്ഷണ ക്യാമറകളിൽ സിയാവലിനെ കണ്ടു. ഉടനെ പ്രാദേശിക അധികാരികളെ വിവരമറിയിക്കുകയും സിയാവലിനെ കണ്ടെത്തുകയും ചെയ്യുകയായിരുന്നു.
ഒടുവിൽ യുവാവ് തന്നെയാണ് പോലീസിനോട് പിരിഞ്ഞുപോയ കാമുകിയെ മറക്കാനും മനസ് ശാന്തമാക്കാനുമാണ് പർവതത്തിലേക്ക് കയറാൻ തീരുമാനിച്ചത് എന്ന് പറഞ്ഞത്. 40 കിലോമീറ്റർ യുവാവ് നടന്നു. കാട്ടുപഴങ്ങളും അരുവിയിലെ വെള്ളവും കുടിച്ചാണ് അതിജീവിച്ചത്. യുവാവിനെ തങ്ങൾ കണ്ടെത്തുമ്പോൾ അയാളുടെ വസ്ത്രങ്ങളൊക്കെ കീറിപ്പറിഞ്ഞ നിലയിലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
ആദ്യത്തെ മൂന്ന് ദിവസം അയാൾ ഒന്നും കഴിച്ചില്ല. ശരീരത്തിന് ഇനിയും താങ്ങാനാവില്ല എന്ന് വന്നതോടെയാണ് കാട്ടുപഴങ്ങളും അരുവിയിലെ ജലവും കഴിച്ചത് എന്നും പൊലീസ് പറഞ്ഞു. പിന്നീട്, സമീപത്തെ ഗ്രാമങ്ങളിലുള്ള വീടുകളിൽ നിന്നും ഭക്ഷണം വാങ്ങിക്കഴിച്ചു.
എന്തായാലും, യുവാവിനെ അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ചകൾ നടക്കുകയാണത്രെ ചൈനയിലെ സോഷ്യൽ മീഡിയയിൽ.


