പാസ്പോർട്ടും മറ്റ് രേഖകളും നഷ്ടപ്പെട്ടതായാണ് മോഹി പറഞ്ഞതെങ്കിലും പോലീസ് നടത്തിയ അന്വേഷണത്തിൽ അത് കണ്ടെടുത്തു. 2017 -ൽ അവരുടെ വിസ കാലാവധി കഴിഞ്ഞതായി കണ്ടെത്തി.
കർണാടകയിലെ ഗോകർണയിൽ രണ്ട് പെൺമക്കളോടൊപ്പം ഗുഹയിൽ താമസമാക്കിയ 40 വയസ്സുള്ള ഒരു റഷ്യൻ സ്ത്രീയെ കണ്ടെത്തി. ഉത്തര കന്നഡ ജില്ലയിലെ ഗോകർണയിലെ നിബിഡവനത്തിൽ പോലീസ് നടത്തിയ പതിവ് പട്രോളിങ്ങിനിടെയാണ് സ്ത്രീയെ കണ്ടെത്തിയത്. റിപ്പോർട്ടുകൾ പ്രകാരം മോഹി എന്നാണ് ഈ സ്ത്രീയുടെ പേര്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി നാലും ആറും വയസ്സുള്ള പെൺമക്കളോടൊപ്പം ഇവർ രാമതീർത്ഥ വനമേഖലയിലെ ഗുഹയിൽ താമസിച്ചു വരികയായിരുന്നു. ആത്മീയത തേടിയാണ് താൻ ഗുഹയിൽ താമസമാക്കിയത് എന്നാണ് ഇവർ പോലീസിനോട് പറഞ്ഞത്.
ഗോവ വഴി ഇന്ത്യയിലെത്തിയ മോഹി ഗോകർണയിൽ എത്തുകയായിരുന്നു. തുടർന്ന് 'അവശേഷിക്കുന്ന കാലം ധ്യാനത്തിനായി ഏകാന്തതയിൽ ജീവിക്കാൻ തീരുമാനിച്ചു. ഇതിൻറെ ഭാഗമായി എല്ലാ ദിവസവും ഗുഹയിൽ പ്രത്യേക പൂജകളും പ്രാർത്ഥനകളും നടത്തിയിരുന്നതായിട്ടാണ് റിപ്പോർട്ടുകൾ പറയുന്നത്. കുട്ടികളോടൊപ്പം പ്രകൃതിയുടെ മടിയിൽ ഒറ്റപ്പെട്ട ജീവിതം നയിക്കുകയായിരുന്നു താൻ എന്നാണ് ഇവർ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നത്.
ജൂലൈ 9 -ന് ഒരു ചെറിയ മണ്ണിടിച്ചിൽ ഉണ്ടായതായി റിപ്പോർട്ടുകൾ ലഭിച്ചതിനെത്തുടർന്ന് പ്രദേശത്ത് പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘമാണ് ഗുഹയ്ക്കുള്ളിൽ സ്ത്രീയെ കണ്ടെത്തിയത്. പട്രോളിംഗ് നടത്തുന്നതിനിടെ ഗുഹയിലെ ആളനക്കം പോലീസിന്റെ ശ്രദ്ധയിൽ പെടുകയായിരുന്നു. തുടർന്ന് ഗുഹയ്ക്ക് അരികിലെത്തി പരിശോധന നടത്തിയപ്പോഴാണ് സ്ത്രീയെയും കുട്ടികളെയും അതിനുള്ളിൽ കണ്ടെത്തിയത്.
മണ്ണിടിച്ചിൽ, വന്യമൃഗങ്ങൾ, പാമ്പുകൾ എന്നിങ്ങനെ പലവിധ കാരണങ്ങളാൽ ഏറെ അപകടകരമായ മേഖലയിലായിരുന്നു ഈ ഗുഹ സ്ഥിതി ചെയ്തിരുന്നത്. ഗുഹയിൽ നിന്ന് എത്രയും വേഗം സുരക്ഷിതമായ സ്ഥലത്തേക്ക് മാറണമെന്ന് പോലീസ് മോഹിയോട് നിർദ്ദേശിച്ചെങ്കിലും അവർ അതിന് തയ്യാറായില്ല. പ്രദേശത്തിന്റെ അപകടാവസ്ഥ അവരെ ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും അവർ അത് കാര്യമായി പരിഗണിച്ചില്ല. ഒടുവിൽ ഏറെ നേരത്തെ പരിശ്രമത്തിനു ശേഷം ഇവരെ തൊട്ടടുത്തുള്ള ഒരു ആശ്രമത്തിലേക്ക് മാറ്റാൻ പോലീസിന് കഴിഞ്ഞു.
പാസ്പോർട്ടും മറ്റ് രേഖകളും നഷ്ടപ്പെട്ടതായാണ് മോഹി പറഞ്ഞതെങ്കിലും പോലീസ് നടത്തിയ അന്വേഷണത്തിൽ അത് കണ്ടെടുത്തു. 2017 -ൽ അവരുടെ വിസ കാലാവധി കഴിഞ്ഞതായി കണ്ടെത്തി. അതിനുശേഷം അവർ രാജ്യം വിട്ട് നേപ്പാളിലേക്ക് പ്രവേശിച്ചു. എന്നാൽ, നേപ്പാളിൽ നിന്ന് വീണ്ടും ഇവർ അനധികൃതമായി ഇന്ത്യയിലേക്ക് പ്രവേശിക്കുകയായിരുന്നു. ഇക്കാര്യം ബെംഗളൂരുവിലെ ഫോറിനേഴ്‌സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇപ്പോൾ മോഹിയേയും കുട്ടികളെയും റഷ്യയിലേക്ക് തിരിച്ചയക്കാനുള്ള ക്രമീകരണങ്ങൾ ചെയ്തു വരികയാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.


