യുവതി തന്റെ മുറിയിൽ ഉറങ്ങുകയായിരുന്നു. പുലർച്ചെ മൂന്ന് മണിയോടെ ആരോ തന്റെ മുറിയിൽ കയറിയതായി അവൾക്ക് തോന്നി. റൂംമേറ്റായിരിക്കും എന്നാണ് കരുതിയത്.

പുലർച്ചെ വീട്ടിൽ അതിക്രമിച്ച് കയറി താമസക്കാരിയായ യുവതിയെ അക്രമിച്ച് പണം കവർന്ന് അജ്ഞാതൻ. ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത് ബെം​ഗളൂരു പൊലീസാണ്. യുവതി പേയിം​ഗ് ​ഗസ്റ്റായി താമസിക്കുന്ന വീട്ടിലാണ് പ്രതി അതിക്രമിച്ച് കയറിയത്. ഇയാളെ പിന്നീട് അറസ്റ്റ് ചെയ്തതായും പൊലീസ് ഷെയർ ചെയ്തിരിക്കുന്ന വീഡിയോയിൽ പറയുന്നു. വീഡിയോയിൽ പെൺകുട്ടി ഇയാളെ പ്രതിരോധിക്കുന്നതും അടിച്ച് വീടിന് വെളിയിലിറക്കാൻ ശ്രമിക്കുന്നതും കാണാം. സിസിടിവി ദൃശ്യങ്ങളാണ് പൊലീസ് പങ്കുവച്ചിരിക്കുന്നത്.

അ​ഗസ്ത് 29 -നാണ് സുദ്ദുഗുണ്ടേപാളയ പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന പിജിയിൽ ഒരു അജ്ഞാതന്‍ അതിക്രമിച്ച് കയറുകയും യുവതിയോട് മോശമായി പെരുമാറുകയും പണം മോഷ്ടിക്കുകയും ചെയ്തത്. ഉടൻ തന്നെ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. പിന്നാലെ, അന്വേഷണം നടക്കുകയും ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയും ചെയ്തു

യുവതി തന്റെ മുറിയിൽ ഉറങ്ങുകയായിരുന്നു. പുലർച്ചെ മൂന്ന് മണിയോടെ ആരോ തന്റെ മുറിയിൽ കയറിയതായി അവൾക്ക് തോന്നി. റൂംമേറ്റായിരിക്കും എന്നാണ് കരുതിയത്. എന്നാൽ, ആരോ തന്നെ സ്പർശിക്കുന്നത് പോലെ തോന്നിയപ്പോൾ ഞെട്ടിയെഴുന്നേറ്റു. മറ്റാരോ അതിക്രമിച്ച് കയറിയതാണ് എന്ന് അപ്പോഴാണ് മനസിലാവുന്നത്.

View post on Instagram

ഇയാൾ യുവതിയുടെ കഴുത്തിൽ കത്തിവച്ച് മിണ്ടാതിരിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ, അവൾ എങ്ങനെയൊക്കെയോ ഇയാളോട് എതിരിട്ട് നിന്നു. 2500 രൂപ ഇയാൾ റൂമിൽ നിന്നും മോഷ്ടിച്ചതായും യുവതി പറയുന്നു. പിന്നീട്, പൊലീസിനെ വിവരം അറിയിക്കുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

സ്ത്രീകളോടുള്ള അതിക്രമവും മോഷണവും ​ഗുരുതരമായ കുറ്റകൃത്യങ്ങളാണ് എന്നും അങ്ങനെ എന്തെങ്കിലും ഉണ്ടായാൽ 112 -ൽ വിളിക്കാം, ബെം​ഗളൂരു സിറ്റി പൊലീസ് സഹായത്തിനുണ്ടാവുമെന്നും പൊലീസ് പോസ്റ്റിൽ പറയുന്നു.