Asianet News MalayalamAsianet News Malayalam

സാത്താനായി വളരുമെന്ന സംശയം, അച്ഛൻ മക്കളെ കൊലപ്പെടുത്തി, ലോകത്തെ രക്ഷിക്കാനെന്ന് വാദം

ഒരു എഫ്ബിഐ ഏജന്റുമായുള്ള അഭിമുഖത്തിനിടെ അയാള്‍ പറഞ്ഞത്, തന്റെ ഭാര്യ, എസിക്ക് സാത്താന്‍റെ ഡിഎൻഎ ഉണ്ടെന്നും അത് കുട്ടികൾക്ക് കൈമാറിയെന്നും തനിക്ക് വെളിപാട് കിട്ടിയെന്നാണ്. 

man killed his children and said he was enlightened by QAnon
Author
USA, First Published Aug 13, 2021, 12:20 PM IST
  • Facebook
  • Twitter
  • Whatsapp

കാലിഫോർണിയയിലെ ഒരു സർഫിംഗ് സ്കൂൾ ഉടമ തന്റെ രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ സാന്താ ബാർബറയിലെ വീട്ടിൽ നിന്ന് മെക്സിക്കോയിലേക്ക് കൊണ്ടുപോയതിന് ശേഷം കൊലപ്പെടുത്തിയിരിക്കുകയാണ്. എഫ്ബിഐക്ക് നൽകിയ അഭിമുഖത്തിൽ, മാത്യു ടെയ്ലർ കോൾമാൻ തന്റെ രണ്ട് വയസുള്ള മകനെയും 10 മാസം പ്രായമുള്ള മകളെയും മെക്സിക്കോയിലെ റൊസാരിറ്റോയിലേക്ക് കൊണ്ടുപോയതായി സമ്മതിച്ചു. അവിടെ വച്ച് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയതായും ഇയാള്‍ സമ്മതിച്ചിരിക്കുകയാണ് എന്ന് ഒരു എഫ്ബിഐ ഏജന്റ് സമർപ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

സത്യവാങ്മൂലം അനുസരിച്ച്, ക്യു അന്നാൻ, ഇല്ലുമിനാറ്റി ഗൂഢാലോചന സിദ്ധാന്തങ്ങളാൽ തനിക്ക് വെളിപാടുകിട്ടി. തന്‍റെ മക്കള്‍ രാക്ഷസന്മാരായി വളരുമെന്നും തോന്നി. അതിനാലാണ് അവരെ കൊലപ്പെടുത്തേണ്ടി വന്നതെന്നാണ് 40 -കാരൻ പറഞ്ഞിരിക്കുകയാണ്. യുഎസ് പൗരന്മാരുടെ വിദേശ കൊലപാതകത്തിന് കോൾമാനെതിരെ കേസെടുത്തതായി യുഎസ് അറ്റോർണി ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു. ഓഗസ്റ്റ് 31 ന് വിചാരണയുണ്ടാകുമെന്നും ഓഫീസ് അറിയിച്ചു. കോൾമാനുവേണ്ടി സംസാരിക്കാൻ ഒരു അറ്റോർണി ഉണ്ടോ എന്ന് വ്യക്തമല്ല. 

അമേരിക്കയില്‍ തീവ്ര വലതുപക്ഷ വിഭാഗങ്ങൾക്കിടയിൽ പ്രചാരമുള്ള ഒരു ഗൂഡാലോചന സിദ്ധാന്തം ആണ് ക്യു അന്നാൻ. സാത്താൻ സേവകരായ ഡെമോക്രാറ്റുകളും താരങ്ങളുമെല്ലാമടങ്ങുന്ന ഒരു കൂട്ടം കുട്ടികളെ ലൈംഗിക അതിക്രമത്തിന് വിധേയരാക്കുകയും കുട്ടിക്കടത്തൽ നടത്തുകയും ചെയ്യുന്നുണ്ട് എന്ന് ക്യു അന്നാൻ പിന്തുടരുന്നവർ വിശ്വസിക്കുന്നു. അത് നിലവില്‍ വാക്സിനും ലോക്ക്ഡൌണിനും എതിരെ നിലനില്‍ക്കുന്ന ഗൂഢാലോചനാ സിദ്ധാന്തക്കാരുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു എന്നാണ് പറയുന്നത്. 

ക്യു അന്നാന്‍ രാഷ്ട്രീയവും വ്യക്തിപരവുമായ അക്രമങ്ങളുമായി ആവർത്തിച്ച് ബന്ധപ്പെട്ടിരിക്കുന്നു. മാതാപിതാക്കൾ കുട്ടികളെ തട്ടിക്കൊണ്ടുപോയ നിരവധി കേസുകൾ ഉൾപ്പെടെ ഇതില്‍ പെടുന്നു. എന്നാൽ, കോൾമാൻ കുടുംബത്തിന് സംഭവിച്ച ദുരന്തത്തെക്കുറിച്ച് കൂടുതൽ വ്യക്തമല്ല. യുഎസ് അതിർത്തിയിൽ നിന്ന് 40 മിനിറ്റ് അകലെ ബജാ കാലിഫോർണിയയിലെ റൊസാരിറ്റോ റിസോർട്ടിനടുത്തുള്ള റാഞ്ചിലാണ് തിങ്കളാഴ്ച കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. ഒരു കർഷകത്തൊഴിലാളിയാണ് മൃതദേഹങ്ങള്‍ കണ്ടതെന്ന് മെക്സിക്കൻ അധികൃതർ പറഞ്ഞു. 

കോൾമാനും കുട്ടികളും ശനിയാഴ്ച റൊസാരിറ്റോയിലെ ഒരു ഹോട്ടലിൽ ചെക്ക് ചെയ്തിട്ടുണ്ടെന്ന് അവിടത്തെ അധികാരികൾ പറയുന്നു. എന്നാൽ, വീഡിയോ ഫൂട്ടേജിൽ തിങ്കളാഴ്ച നേരം പുലരുന്നതിന് മുമ്പ് അവർ പോകുന്നത് കണ്ടു. കോൾമാൻ അന്ന് രാവിലെ തനിച്ച് മടങ്ങി, തുടർന്ന് ഹോട്ടൽ വിട്ടു, അവർ കൂട്ടിച്ചേർത്തു. 

കുടുംബത്തിന്റെ വാനിൽ തന്റെ ഭർത്താവ് കുട്ടികളുമായി പോയെന്ന് കോൾമാന്റെ ഭാര്യ ശനിയാഴ്ച സാന്താ ബാർബറ പൊലീസിൽ റിപ്പോർട്ട് ചെയ്തിരുന്നു. കുടുംബം ഒരു ക്യാമ്പിംഗ് യാത്രയ്ക്ക് പോകേണ്ടതായിരുന്നുവെന്നും, അവൾ പൊലീസിനോട് പറഞ്ഞു. പക്ഷേ, കോൾമാൻ കുട്ടികളുമായി എവിടേക്കാണ് പോകുന്നതെന്ന് പറയാതെ വീടുവിട്ട് പോയി. ഭര്‍ത്താവുമായി തനിക്ക് പ്രശ്നങ്ങളൊന്നുമില്ലാത്തതിനാല്‍ തന്നെ കുട്ടികള്‍ക്ക് എന്തെങ്കിലും സംഭവിച്ചിരിക്കാമെന്ന് അവള്‍ തീരെ പ്രതീക്ഷിച്ചിരുന്നില്ല എന്നും പൊലീസ് പറഞ്ഞു. 

പൊലീസും വീട്ടുകാരും കോള്‍മാനെ വിളിക്കാന്‍ ശ്രമിച്ചുവെങ്കിലും കിട്ടിയില്ല. ഒടുവില്‍ ഫോണിലെ ഒരു ആപ്ലിക്കേഷന്‍ വഴി അയാളെ പിന്തുടരുകയായിരുന്നു. തിങ്കളാഴ്ച മെക്സിക്കോയിലെ ഒരു പോര്‍ട്ടില്‍ ഇയാളെത്തിയതായി മനസിലാക്കി. അതിർത്തി ചെക്ക്‌പോസ്റ്റിൽ കോൾമാനെ അധികൃതർ തടഞ്ഞുവെച്ചു, അവിടെ ഒരു എഫ്ബിഐ ഏജന്റുമായുള്ള അഭിമുഖത്തിനിടെ അയാള്‍ പറഞ്ഞത്, തന്റെ ഭാര്യ, എസിക്ക് സാത്താന്‍റെ ഡിഎൻഎ ഉണ്ടെന്നും അത് കുട്ടികൾക്ക് കൈമാറിയെന്നും തനിക്ക് വെളിപാട് കിട്ടിയെന്നാണ്. കോടതി രേഖകൾ പ്രകാരം താൻ ചെയ്തത് തെറ്റാണെന്ന് തനിക്കറിയാമെന്നും എന്നാൽ ലോകത്തെ രക്ഷിക്കാന്‍ തനിക്ക് ഇതല്ലാതെ മറ്റ് മാര്‍ഗങ്ങളുണ്ടായിരുന്നില്ലായെന്നുമാണ് അയാള്‍ പറഞ്ഞത്. 

അക്രമത്തിന് പ്രചോദനം നൽകാനുള്ള ക്യു അന്നാന്‍- ന്റെ സാധ്യതകളെക്കുറിച്ച് എഫ്ബിഐ വളരെക്കാലമായി മുന്നറിയിപ്പ് നൽകുന്നുണ്ട്. 

Follow Us:
Download App:
  • android
  • ios