വിവാഹമോചനം നേടിയതുമുതൽ ഈ വസ്തുവിലാണ് താൻ താമസിക്കുന്നതെന്നും അയൽവാസികൾക്കിടയിൽ ഇത് രഹസ്യമായിരുന്നില്ല എന്നും 65 -കാരൻ പറഞ്ഞു. മൂന്ന് ലിവിംഗ് ഏരിയകൾ, ഒരു കിടപ്പുമുറി, ഒരു കുളിമുറി എന്നിവ അടങ്ങിയതാണ് ഈ വീട്.
വീട് എന്നാൽ എങ്ങനെ ഉള്ളതാണ്, എത്ര വലുതാണ്, എത്ര ചെറുതാണ് ഇതിലൊന്നുമല്ല കാര്യം. എത്ര പ്രിയത്തോടെ നാം അതിൽ കഴിയുന്നു എന്നതിലാണ്. സ്റ്റീഫൺ ഗിബ്ബൺസിനെ പോലെ ഇത് അറിയുന്ന മറ്റൊരാളുണ്ടാവില്ല. കഴിഞ്ഞ 30 വർഷമായി അദ്ദേഹം കഴിയുന്നത് ഒരു ഷിപ്പിംഗ് കണ്ടെയ്നറിലാണ്.
ഗിബ്ബൺസിനെ സംബന്ധിച്ചിടത്തോളം, വെയിൽസിലെ മൂന്ന് ഏക്കർ സ്ഥലത്ത് ഒരു മെറ്റാലിക് ഷിപ്പിംഗ് കണ്ടെയ്നറാണ് അയാളുടെ വീട്. എന്നാൽ, ഇപ്പോൾ ആറ് മാസത്തിനകം ആ സ്ഥലം വിട്ടുനൽകണമെന്ന് ലോക്കൽ കൗൺസിൽ ഉത്തരവിട്ടിരിക്കുകയാണ്. അനുമതി ഇല്ലാത്തതാണ് ഒഴിയാൻ പറയാൻ കാരണം.
1990 -ൽ ഗിബ്ബൺസിന്റെ അച്ഛൻ വാങ്ങിയതാണ് ഈ ഷിപ്പിംഗ് കണ്ടെയ്നർ. 1992 മുതൽ, ന്യൂപോർട്ടിലെ സെന്റ് ബ്രൈഡിൽ ഈ കണ്ടെയ്‌നറിലാണ് അദ്ദേഹം താമസിക്കുന്നത്. രേഖകളൊന്നുമില്ലാതെ ഒരു കൃഷിഭൂമിയിലാണ് അദ്ദേഹം താമസിക്കുന്നത് എന്നാണ് കൗൺസിൽ പറയുന്നത്.
എന്നാൽ, ആ വീട് ഗിബ്ബൺസിനെ സംബന്ധിച്ചിടത്തോളം ഒരുപാട് വൈകാരികമായ ഓർമ്മകൾ നിറഞ്ഞതാണ്. 90 -കളിൽ അദ്ദേഹം അദ്ദേഹത്തിന്റെ നാല് മക്കളേയും വളർത്തിയത് ആ കണ്ടെയ്‍നർ വീട്ടിലാണ്. അടുത്ത ആറ് മാസത്തിനുള്ളിൽ അവിടെ നിന്നും ഇറങ്ങണം എന്നാണ് അദ്ദേഹത്തിന് നോട്ടീസ് നൽകിയിരിക്കുന്നത്. എന്നാൽ, അത്രയും വൈകാരികമായി അടുപ്പമുള്ള അവിടെ നിന്നും ഇറങ്ങുന്നത് അദ്ദേഹത്തിന് ചിന്തിക്കാനേ വയ്യ.
വിവാഹമോചനം നേടിയതുമുതൽ ഈ വസ്തുവിലാണ് താൻ താമസിക്കുന്നതെന്നും അയൽവാസികൾക്കിടയിൽ ഇത് രഹസ്യമായിരുന്നില്ല എന്നും 65 -കാരൻ പറഞ്ഞു. മൂന്ന് ലിവിംഗ് ഏരിയകൾ, ഒരു കിടപ്പുമുറി, ഒരു കുളിമുറി എന്നിവ അടങ്ങിയതാണ് ഈ വീട്.
വേനൽക്കാലത്ത് തണുപ്പും തണുത്ത കാലത്ത് ചൂടും നൽകുന്ന തരത്തിലുള്ള വീടാണ് ഇതെന്ന് സ്റ്റീഫൻ പറയുന്നു. എല്ലാവരും വീടുകൾ പുതുക്കി പണിയുകയും പുതിയ തരം വീട് വാങ്ങുകയും ഒക്കെ ചെയ്യുന്നു. പക്ഷേ, താൻ കഴിഞ്ഞ 30 വർഷമായി ഇവിടെയാണ് കഴിയുന്നത്. തന്റെ മക്കൾക്കൊപ്പമുള്ള നല്ല ഓർമ്മകളെല്ലാം ഇവിടെയാണ് എന്നും സ്റ്റീഫൻ കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം എൻഫോഴ്‌സ്‌മെന്റ് നോട്ടീസിനെതിരെ ഗിബ്ബൺസ് അപ്പീൽ നൽകിയിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ, അയാൾക്ക് അനുകൂലമായി വിധി വരാനുള്ള സാധ്യത വളരെ കുറവാണ്.
