ഓൺലൈൻ സൈറ്റ് പരിശോധിച്ചപ്പോഴാണ് 10 കണ്ണടകൾക്ക് പകരം 60 കണ്ണടകളാണ് താൻ ഓർഡർ ചെയ്തിരിക്കുന്നത് എന്ന് മനസ്സിലായത്.

ഓൺലൈൻ ഷോപ്പിങ്ങിനിടയിൽ അബദ്ധം പറ്റുന്നത് ഒരു സാധാരണ സംഭവമാണ്. ആവശ്യമില്ലാത്ത സാധനങ്ങൾ കൂടി ഓർഡർ ചെയ്തും, ഉദ്ദേശിക്കുന്നതിൽ അധികം സാധനങ്ങൾ ഓർഡർ ചെയ്തും ഒക്കെ അബദ്ധം പറ്റിയ നിരവധി ആളുകൾ നമുക്ക് ചുറ്റും ഉണ്ടാകും. പലപ്പോഴും മാതാപിതാക്കളുടെ ഫോൺ കുട്ടികൾ ഉപയോഗിക്കുന്നതിനിടയിൽ അബദ്ധത്തിൽ സാധനങ്ങൾ ഓർഡർ ചെയ്തു പോകുന്നതും സാധനങ്ങൾ വീട്ടിൽ എത്തുമ്പോൾ മാത്രം മാതാപിതാക്കൾ അറിയുന്നതുമൊക്കെ നിരവധി തവണ മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സമാനമായ രീതിയിൽ കഴിഞ്ഞദിവസം തന്റെ പിതാവിന് പറ്റിയ ഒരു അബദ്ധം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് ഇംഗ്ലണ്ടിലെ ബ്രിസ്റ്റോൾ സ്വദേശിയായ ഒരു യുവാവ്.

റേഡിയോ ജോക്കിയായ റിച്ചാർഡ് അർനോൾഡ് എന്ന യുവാവാണ് ട്വിറ്റർ അക്കൗണ്ടിൽ തൻറെ പിതാവ് ടോമിന് ഓൺലൈൻ ഷോപ്പിങ്ങിന് ഇടയിൽ പറ്റിയ അബദ്ധത്തെക്കുറിച്ച് പങ്കുവെച്ചത്. തനിക്കും തന്റെ ഭാര്യക്കും ആണ് ടോം വായിക്കാൻ ഉപയോഗിക്കുന്ന 10 കണ്ണടകൾ ഓൺലൈനിൽ ഓർഡർ ചെയ്തത്. വായിച്ചതിനുശേഷം കണ്ണടകൾ എവിടെയെങ്കിലും വെച്ച് മറന്നുപോകുന്നത് രണ്ടുപേർക്കും പതിവായതിനാലാണ് വീടിൻറെ പല സ്ഥലങ്ങളിൽ വെക്കുന്നതിനായി ഇരുവർക്കും ആയി 10 കണ്ണടകൾ അദ്ദേഹം ഓർഡർ ചെയ്തത്. പക്ഷേ ദൗർഭാഗ്യകരം എന്ന് പറഞ്ഞാൽ മതിയല്ലോ സാധനം കയ്യിൽ കിട്ടിക്കഴിഞ്ഞപ്പോൾ മാത്രമാണ് തനിക്ക് അബദ്ധം പറ്റിയത് അദ്ദേഹം അറിഞ്ഞത്. പിന്നീട് ഓൺലൈൻ സൈറ്റ് പരിശോധിച്ചപ്പോഴാണ് 10 കണ്ണടകൾക്ക് പകരം 60 കണ്ണടകളാണ് താൻ ഓർഡർ ചെയ്തിരിക്കുന്നത് എന്ന് മനസ്സിലായത്.

Scroll to load tweet…

റിച്ചാർഡ് അർനോൾഡിന്റെ പോസ്റ്റ് വൈറൽ ആയതോടെ കണ്ണട കമ്പനിയും സംഭവത്തെക്കുറിച്ച് അന്വേഷിച്ചു. അവരോട് മറുപടിയായി അർണോൾഡിന് ചോദിക്കാൻ ഉണ്ടായിരുന്നത് തന്റെ പിതാവിന്റെ കൈയിൽ നിന്നും ബാക്കി കണ്ണടകൾ തിരികെ വാങ്ങിക്കാമോ എന്നായിരുന്നു. എന്നാൽ ഇതിന് വ്യക്തമായി മറുപടി കമ്പനി നൽകിയില്ല.