കഴിഞ്ഞ രണ്ടു വർഷക്കാലമായി ഇദ്ദേഹത്തിൻറെ വാന്‍ അപ്പാർട്ട്മെന്റിനു മുകളിലാണ് നിർത്തിയിട്ടിരിക്കുന്നത്. അപ്പാർട്ട്മെന്റിലെ മറ്റ് അന്തേവാസികളുടെ ഭാഗത്ത് നിന്നും എതിർപ്പ് രൂക്ഷമാവുകയും പരാതി നൽകുകയും ചെയ്തതിനെ തുടർന്ന് രണ്ടു വർഷങ്ങൾക്കുശേഷം ഒടുവിൽ അദ്ദേഹം വാഹനം താഴെയിറക്കാൻ തയ്യാറായി എന്നാണ് ചൈന ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.

സ്വന്തമായി ഒരു വാഹനം എന്നത് എല്ലാവരുടെയും ആഗ്രഹമായിരിക്കും. എന്നാൽ, ആശിച്ചു മോഹിച്ച് ഒരു വാഹനം വാങ്ങി കഴിയുമ്പോൾ അത് പാർക്ക് ചെയ്യാൻ മതിയായ സൗകര്യം ലഭിച്ചില്ലെങ്കിൽ എന്ത് ചെയ്യും? വലഞ്ഞത് തന്നെ അല്ലേ. അത്തരത്തിൽ ഒരു ഊരാക്കുടുക്കിൽ പെട്ട തായ്‌വാൻ സ്വദേശിയായ ഒരു മനുഷ്യൻ തന്റെ വാഹനം പാർക്ക് ചെയ്യുന്നതിനായി എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് ഒരു മാർഗ്ഗം കണ്ടെത്തി. താമസിക്കുന്ന അപ്പാർട്ട്മെൻറ് കെട്ടിടത്തിന്റെ മുകളിലാണ് ഇദ്ദേഹം ഇപ്പോൾ വാന്‍ പാർക്ക് ചെയ്യുന്നത്. അപ്പാർട്ട്മെന്റിന് പുറത്ത് വാന്‍ നിർത്തിയിടാൻ തുടർച്ചയായി പണം ഈടാക്കിയതോടെയാണ് അദ്ദേഹം ഇത്തരത്തിൽ ഒരു മാർഗ്ഗം സ്വീകരിച്ചത്.

തായ്‌വാനിലെ തായ്പേയ് നഗരത്തിൽ നിന്നുള്ള യുവാവാണ് നഗരസഭാ അധികാരികളെയും പരിസരവാസികളെയും അമ്പരപ്പിച്ചുകൊണ്ട് ഇത്തരത്തിൽ ഒരു തീരുമാനം എടുത്തത്. ക്രെയിൻ ഉപയോഗിച്ചാണ് ഇദ്ദേഹം തന്റെ വാഹനം അപ്പാർട്ട്മെന്റിനു മുകളിൽ കയറ്റിയത്. എന്നാൽ, ഇദ്ദേഹത്തിൻറെ പ്രവൃത്തിയിൽ അപ്പാർട്ട്മെന്റിലെ താമസക്കാരും നഗരസഭാ അധികാരികളും അതൃപ്തി പ്രകടിപ്പിക്കുകയും വാഹനം കെട്ടിടത്തിന് മുകളിൽ പാർക്ക് ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായാണ് ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

കഴിഞ്ഞ രണ്ടു വർഷക്കാലമായി ഇദ്ദേഹത്തിൻറെ വാന്‍ അപ്പാർട്ട്മെന്റിനു മുകളിലാണ് നിർത്തിയിട്ടിരിക്കുന്നത്. അപ്പാർട്ട്മെന്റിലെ മറ്റ് അന്തേവാസികളുടെ ഭാഗത്ത് നിന്നും എതിർപ്പ് രൂക്ഷമാവുകയും പരാതി നൽകുകയും ചെയ്തതിനെ തുടർന്ന് രണ്ടു വർഷങ്ങൾക്കുശേഷം ഒടുവിൽ അദ്ദേഹം വാഹനം താഴെയിറക്കാൻ തയ്യാറായി എന്നാണ് ചൈന ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. യാതൊരു വിധത്തിലുള്ള നിയമലംഘനങ്ങളും ഇദ്ദേഹം നടത്തിയിട്ടില്ലെങ്കിലും പൊതുജനങ്ങളുടെ സുരക്ഷയെ മുൻനിർത്തിയാണ് വാഹനം എത്രയും വേഗത്തിൽ താഴെയിറക്കണമെന്ന് പൊലീസ് ഇദ്ദേഹത്തോട് ആവശ്യപ്പെട്ടത്. 

ഏതായാലും താഴെയിറക്കിയ വാഹനങ്ങൾ ഇപ്പോൾ പാർക്ക് ചെയ്യാൻ മറ്റു സൗകര്യങ്ങളൊന്നും ഇല്ലാത്തതിനാൽ തായ്‍വാൻ മലനിരകളിൽ വാന്‍ പാർക്ക് ചെയ്യുന്നതിനായി സ്ഥലം വാങ്ങി അവിടേക്ക് മാറ്റാനാണ് ഇദ്ദേഹത്തിൻറെ തീരുമാനം. ഒക്ടോബറിൽ ഈ പ്രവർത്തനങ്ങൾ പൂർത്തിയാകുമെന്നും വാഹനം അങ്ങോട്ടേക്ക് മാറ്റുമെന്നും ഇദ്ദേഹം ഉറപ്പുനൽകിയതായാണ് ചൈന ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.