സർക്കാർ ഉദ്യോഗസ്ഥനായ ഭർത്താവ് വീട്ടമ്മയായ ഭാര്യയ്ക്ക് വീട്ടുജോലികൾക്കായി എല്ലാ മാസവും ശമ്പളം നൽകുന്നു. റെഡ്ഡിറ്റിൽ പങ്കുവെച്ച ഈ തീരുമാനം, വീട്ടമ്മമാരുടെ അധ്വാനത്തിൻ്റെ മൂല്യത്തെക്കുറിച്ചും വിവാഹബന്ധത്തിലെ സാമ്പത്തിക പങ്കാളിത്തത്തെക്കുറിച്ചും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചു.
വീട്ടുജോലിക്ക് ശമ്പളം നൽകണമെന്ന ആശയം സാധാരണയായി ചർച്ചകളിൽ മാത്രം ഒതുങ്ങുകയാണ് പതിവ്. എന്നാൽ അത്തരമൊരു വിപ്ലവകരമായ ആശയം പ്രാവർത്തികമാക്കിയിരിക്കുകയാണ് ഒരു ദമ്പതികൾ. വീട്ടമ്മയായ ഭാര്യയ്ക്ക് എല്ലാ മാസവും നിശ്ചിത തുക ‘ശമ്പളമായി’ നൽകുന്ന ഭർത്താവിന്‍റെ തീരുമാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
ഭർത്താവ് സർക്കാർ ഉദ്യോഗസ്ഥൻ
റെഡിറ്റിലൂടെയാണ് ഈ അനുഭവം പുറത്തുവന്നത്. പോസ്റ്റ് പങ്കുവച്ച വ്യക്തിയുടെ ജ്യേഷ്ഠൻ സർക്കാർ ഉദ്യോഗസ്ഥനാണെന്നും വീട്ടമ്മയായ ഭാര്യയ്ക്ക് വീട്ടുജോലികൾക്കായി പ്രത്യേകമായി മാസശമ്പളം നൽകുന്നുണ്ടെന്നുമായിരുന്നു റെഡ്ഡിറ്റിലെ വെളിപ്പെടുത്തൽ. പാചകം, വൃത്തിയാക്കൽ തുടങ്ങി വീട്ടിലെ ദൈനംദിന ഉത്തരവാദിത്തങ്ങളെല്ലാം ഭാര്യയാണ് പ്രധാനമായും നിർവഹിക്കുന്നത്. അതേസമയം വീട്ടുചെലവുകൾ, പലചരക്ക് സാധനങ്ങൾ, മറ്റ് ബില്ലുകൾ എന്നിവ ഭർത്താവ് പ്രത്യേകം വഹിക്കുകയും ചെയ്യുന്നു.
വീട്ടുജോലി, ഭാര്യയ്ക്ക് പ്രതിഫലം
വീട്ടുജോലിയെ ‘ഭാര്യയുടെ കടമ’യായി കണ്ട് പ്രതിഫലം നൽകാതിരിക്കുന്നതിനോട് ഭർത്താവിന് യോജിപ്പില്ലെന്നാണ് പോസ്റ്റിൽ പറയുന്നത്. പാചകക്കാരിയെയോ വീട്ടുജോലിക്കാരിയെയോ ഹോം മാനേജരെയോ പുറത്തുനിന്ന് നിയമിച്ചാൽ അതിന് വിപണി നിരക്കിൽ പണം നൽകേണ്ടിവരും. അങ്ങനെയിരിക്കെ, അതേ ജോലി ഭാര്യ ചെയ്യുമ്പോൾ അതിന്‍റെ മൂല്യം പൂജ്യമാകുന്നത് എന്തുകൊണ്ടാണെന്നാണ് അദ്ദേഹത്തിന്‍റെ ചോദ്യം. ഈ ചോദ്യത്തിന് അദ്ദേഹം കണ്ടെത്തിയ പരിഹാരമാണ് ഭാര്യ ചെയ്യുന്ന വീട്ടു ജോലിക്ക് മാസശമ്പളം നൽകുകയെന്നത്.
സമ്മിശ്ര പ്രതികരണം
ഈ തീരുമാനത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ഉണ്ടായത്. പലരും ആശയത്തെ പിന്തുണച്ച് രംഗത്തെത്തി. വീട്ടമ്മമാരുടെ അധ്വാനത്തിന് അംഗീകാരം നൽകുന്നതിനൊപ്പം സ്വന്തം ആവശ്യങ്ങൾക്കായി ആരോടും പണം ചോദിക്കേണ്ട സാഹചര്യം ഒഴിവാക്കാനും ഇത്തരം സംവിധാനം സഹായിക്കുമെന്ന് ചിലർ അഭിപ്രായപ്പെട്ടു. അതേസമയം, വിവാഹബന്ധം ‘ബോസ് – ജീവനക്കാരൻ’ ബന്ധമായി മാറരുതെന്ന് ചിലർ ചൂണ്ടിക്കാട്ടി. സാമ്പത്തിക സ്വാതന്ത്ര്യം നൽകുന്നത് നല്ലതാണെങ്കിലും, ശമ്പളത്തിന് ഒരു കരിയറിനെ പകരം വയ്ക്കാനാകില്ലെന്നും മറ്റ് ചിലർ അഭിപ്രായപ്പെട്ടു.


