ആമസോണ്‍ കാടുകളടക്കം കത്തിനശിക്കുന്നു. ലോകമാകെ കനത്ത പാരിസ്ഥിതിക പ്രശ്നങ്ങളെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നു. വനനശീകരണം ലോകത്താകെ നടക്കുമ്പോഴാണ് മണിപ്പൂരില്‍ നിന്നുള്ള ഈ യുവാവ് 18 വര്‍ഷം കൊണ്ട് 300 ഏക്കര്‍ സ്ഥലത്ത് കാടുണ്ടാക്കിയിരിക്കുന്നത്. പുന്‍ഷിലോക്ക് എന്നാണ് വനത്തിന്‍റെ പേര്. ഇതിന്‍റെ അര്‍ത്ഥം തന്നെ ജീവിതത്തിന്‍റെ വസന്തം എന്നാണ്.

 

കുട്ടിയായിരിക്കുമ്പോള്‍ തന്നെ മൊയിരെങ്തം ലോയ, സേനാപതി ജില്ലയിലെ കൗബ്രു മലനിരകളിലേക്ക് പോകാറുണ്ടായിരുന്നു. അന്നത്തെ സന്ദര്‍ശനങ്ങളിലെല്ലാം ചുറ്റും പച്ചപ്പ് നിറഞ്ഞ കാഴ്ചകളായിരുന്നു. പക്ഷേ, 2000 -ത്തില്‍ കോളേജ് പഠനം പൂര്‍ത്തിയാക്കിയ ശേഷം നാട്ടില്‍ തിരികെയെത്തിയ മൊയിരെങ്തം കണ്ടത് മുഴുവന്‍ വനങ്ങളും നശിച്ചിരിക്കുന്നതാണ്. ആ സ്ഥലത്തിന്‍റെ പച്ചപ്പ് എങ്ങനെയായാലും തിരിച്ചെടുത്തേ തീരൂവെന്ന് അന്ന് അദ്ദേഹം തീരുമാനിച്ചു. അങ്ങനെ 2002 മുതല്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിനായി സ്ഥലമന്വേഷിച്ചു തുടങ്ങി. അതദ്ദേഹത്തെ എത്തിച്ചത് ഈ പുന്‍ഷിലോക്കിലാണ്. ചെല്ലുന്ന സമയത്ത് അവിടെ മരങ്ങളൊന്നും തന്നെയില്ലായിരുന്നു.

 

മെഡിക്കല്‍ റെപ്രസെന്‍റേറ്റീവായി ജോലി നോക്കുകയായിരുന്നു ആ സമയത്ത് ലോയ. ആ ജോലി ഉപേക്ഷിച്ച ലോയ അത്യാവശ്യത്തിനുള്ള വസ്ത്രങ്ങളും ഭക്ഷണസാധനങ്ങളും മാത്രം ബാഗിലാക്കി പുന്‍ഷിലോക്കിലേക്ക് പോയി. അവിടെ സ്വന്തമായി ഒരു കുടില്‍ നിര്‍മ്മിച്ച് താമസം തുടങ്ങി. അവിടെയുള്ള ആദ്യത്തെ ആറ് വര്‍ഷത്തെ ജീവിതത്തില്‍ ഓക്ക്, മുള, പ്ലാവ് തുടങ്ങി വിവിധതരം ചെടികള്‍ നട്ടുപിടിപ്പിച്ചു. സുഹൃത്തുക്കളുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും സഹായത്തോടെയായിരുന്നു ആദ്യമെല്ലാം ഇങ്ങനെ ചെടികള്‍ നട്ടിരുന്നത്. ലോയയുടെ പ്രവര്‍ത്തനം വളരെ പെട്ടെന്നുതന്നെ ആ സ്ഥലത്തെ പച്ചപ്പുള്ളതാക്കി. 

ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 51 A (g) അനുസരിച്ച് ഓരോ പൗരനും അവന്‍റെ പരിസ്ഥിതിയെ സംരക്ഷിക്കാന്‍ ബാധ്യസ്ഥനാണ്. വനങ്ങളും പുഴകളും തടാകങ്ങളുമെല്ലാം സംരക്ഷിക്കുന്ന തരത്തിലാകണം അവന്‍റെ പ്രവര്‍ത്തനങ്ങള്‍. ലോയയുടെ പ്രവര്‍ത്തനങ്ങള്‍ പച്ച പിടിച്ചു തുടങ്ങിയപ്പോള്‍ വനം കയ്യേറി നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയിരുന്ന പലരേയും സര്‍ക്കാര്‍ അവിടെനിന്നും ഒഴിപ്പിച്ചു. 

ലോയയും സുഹൃത്തുക്കളും കൂടി 300 ഏക്കറായി കിടക്കുന്ന വനത്തിലെ ജീവജാലങ്ങളേ കൂടി സംരക്ഷിക്കുന്നതിനായി ഒരു സൊസൈറ്റി കൂടി ആരംഭിച്ചിട്ടുണ്ട്. ഇപ്പോഴവിടെ വ്യത്യസ്തമായ നിരവധി മരങ്ങളുണ്ട്. അടുത്തുള്ള ഗ്രാമീണര്‍ക്കും ഈ വനം വന്നതിനുശേഷം കാലാവസ്ഥയിലുള്ള മാറ്റങ്ങളറിയാനാകുന്നുണ്ട്. എല്ലാ കാലാവസ്ഥയിലുമുള്ള തണുപ്പും, പക്ഷികളുടെ ശബ്ദവുമെല്ലാം അവരും അനുഭവിക്കുന്നു. സാമൂഹ്യപ്രവര്‍ത്തകയായ ഇറോം ശര്‍മ്മിള തന്‍റെ നീണ്ട കാലത്തെ നിരാഹാരം അവസാനിപ്പിച്ചതിനു ശേഷം ഇവിടം സന്ദര്‍ശിച്ചിട്ടുണ്ട്.

 

ലോയ തന്നെക്കാണുന്നത് ഒരു ആര്‍ട്ടിസ്റ്റായിട്ടാണ്. എല്ലാവരും വരയ്ക്കാനായി ബ്രഷും കാന്‍വാസും ഉപയോഗിക്കുന്നുവെങ്കില്‍ അദ്ദേഹം ആ പുന്‍ഷിലോക്കിനെ കാന്‍വാസായും മരങ്ങളെയും പൂക്കളെയും ചിത്രമായും കാണുന്നു.