ഇത്തവണ ഒരാഴ്ചത്തെ നീണ്ട വെക്കേഷനാണ് ഞങ്ങൾ പദ്ധതിയിട്ടിരുന്നത്. കഴിഞ്ഞ തവണത്തെ പോലെ സംഭവിക്കരുത് എന്ന് തനിക്ക് നിർബന്ധമുണ്ടായിരുന്നു. രാവിലെ തന്നെ ഭാര്യയെ വിളിച്ച് എഴുന്നേൽപ്പിച്ചു. എയർപോർട്ടിലേക്ക് പോയി.

വായിച്ചാൽ വളരെ വിചിത്രമെന്ന് തോന്നുന്ന പല പോസ്റ്റുകളും പ്രത്യക്ഷപ്പെടുന്ന ഒരു പ്ലാറ്റ്‍ഫോമാണ് റെഡ്ഡിറ്റ്. അവിടെ ഒരാൾ പങ്ക് വച്ച പോസ്റ്റാണ് ഇപ്പോൾ ചർച്ചയാവുന്നത്. യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിന്നുള്ള 47 -കാരനാണ് സ്വന്തം അനുഭവം വിവരിച്ചതിന്റെ പേരിൽ ചർച്ചയായിരിക്കുന്നത്. 

താൻ തന്റെ 43 -കാരിയായ ഭാര്യ മേ​ഗിനെ എയർപോർട്ടിൽ നിന്നും കൂട്ടാതെ വിമാനത്തിൽ കയറി പോയി എന്നാണ് ഇയാൾ പോസ്റ്റിൽ പറയുന്നത്. മുൻ ഭാര്യയിൽ ഇയാൾക്ക് ജെസ്സ് എന്നൊരു മകളുണ്ട്. മറ്റൊരു സ്റ്റേറ്റിൽ പഠിക്കുന്ന മകളെ കാണാൻ ഇയാളും ഭാര്യ മേ​ഗും പോകാറുണ്ടായിരുന്നു. ഇത്തവണയും അതിന് വേണ്ടി തന്നെയായിരുന്നു യാത്ര. 

ഇയാൾ പറയുന്നത് തന്റെ സ്വഭാവം മെച്ചപ്പെട്ടതാണ് എന്നാണ്. വളരെ കൃത്യമായി കാര്യങ്ങൾ ചെയ്യുന്ന ആൾ. പ്രത്യേകിച്ച് യാത്ര ചെയ്യുകയാണ് എങ്കിൽ സമയത്തിന് എത്തണമെന്നും എല്ലാ കാര്യങ്ങളും നോക്കണമെന്നുമൊക്കെ ഇയാൾക്ക് നിർബന്ധമാണ്. എന്നാൽ, ഭാര്യയുടെ സ്വഭാവം നേരെ വിപരീതമാണ്. താൻ രാവിലെ ഉണർന്നു. എന്നാൽ, ഭാര്യയ്ക്ക് രാവിലെ എഴുന്നേൽക്കാനേ താല്പര്യമില്ല. മെല്ലെ എഴുന്നേറ്റ്, കാപ്പിയൊക്കെ കുടിച്ച്, കുളിച്ചാണ് അവൾ റെഡിയായത്. അന്ന് അങ്ങനെ ഫ്ലൈറ്റ് മിസ്സായി. ടിക്കറ്റിന്റെ പൈസയും തിരിച്ച് കിട്ടിയില്ല. പിറ്റേന്നാണ് പോയി മകളെ കണ്ടത്. അതിന്റെ പരിഭവം മകൾക്കും ഉണ്ടായിരുന്നു. 

എന്നാൽ, ഇത്തവണ ഒരാഴ്ചത്തെ നീണ്ട വെക്കേഷനാണ് ഞങ്ങൾ പദ്ധതിയിട്ടിരുന്നത്. കഴിഞ്ഞ തവണത്തെ പോലെ സംഭവിക്കരുത് എന്ന് തനിക്ക് നിർബന്ധമുണ്ടായിരുന്നു. രാവിലെ തന്നെ ഭാര്യയെ വിളിച്ച് എഴുന്നേൽപ്പിച്ചു. എയർപോർട്ടിലേക്ക് പോയി. 45 മിനിറ്റ് നേരത്തെയാണ് എത്തിയത്. അതിന്റെ പേരിൽ ഭാര്യ ഒരുപാട് ദേഷ്യപ്പെട്ടു. ഏതായാലും അവിടെ നിന്നും ഫ്ലൈറ്റിൽ അടുത്ത എയർപോർട്ടിൽ എത്തി. കണക്ഷൻ ഫ്ലൈറ്റിന് പോകാനുണ്ടായിരുന്നു. ടെർമിനലിൽ എത്തി. 15 മിനിറ്റ് മാത്രമാണ് പിന്നെ ഫ്ലൈറ്റിനുണ്ടായിരുന്നത്. 

ആ സമയത്ത് തനിക്ക് കോഫി വേണം എന്ന് ഭാര്യ പറഞ്ഞു. അവിടെ അടുത്ത് ഒരു ഷോപ്പ് ഉണ്ടായിരുന്നു. അവിടെ നിന്നും വാങ്ങാം എന്ന് പറഞ്ഞപ്പോൾ ഭാര്യ തനിക്ക് സ്റ്റാർബക്ക്സ് തന്നെ വേണം എന്ന് പറയുകയായിരുന്നു. എന്നാൽ, സ്റ്റാർബക്ക്സ് വളരെ ദൂരെയായിരുന്നു. അവിടെ പോയാൽ ഫ്ലൈറ്റ് മിസ്സാവും എന്ന് പറഞ്ഞപ്പോൾ ഭാര്യ പറഞ്ഞത് നിങ്ങൾ വരുന്നില്ലെങ്കിലും ഞാൻ പോവും എന്നാണ്. ഭാര്യ കോഫിക്ക് വേണ്ടി പോയി. എന്നാൽ, സമയത്തിന് തിരികെ എത്തിയില്ല. ഭർത്താവ് പല തവണ വിളിച്ചു. അവസാനത്തെ കോളാണ് എടുത്തത്. വരുന്നു എന്ന് പറഞ്ഞെങ്കിലും അവർക്ക് എത്താനായില്ല. അവർ ഭർത്താവിനോട് ഫ്ലൈറ്റിൽ നിന്നും ഇറങ്ങാനാണ് പറഞ്ഞത്. അതിന് സാധ്യമല്ല മകളെ നിരാശപ്പെടുത്താൻ വയ്യ എന്ന് അയാൾ മറുപടിയും പറഞ്ഞു. അങ്ങനെ ഭാര്യയില്ലാതെ അയാൾ മകളുടെ അടുത്തേക്ക് പോയി.

തിരികെ വന്ന് ഒരാഴ്ചയായിട്ടും ഭാര്യ തന്നോട് മിണ്ടുന്നില്ല എന്നും താൻ ചെയ്തത് തെറ്റാണോ എന്നുമായിരുന്നു അയാളുടെ സംശ‌യം. ഏതായാലും ഭൂരിഭാ​ഗം ആൾക്കാരും പറഞ്ഞത് ചെയ്തതിൽ ഒരു തെറ്റും ഇല്ല എന്നാണ്.