തന്റെ മാതാപിതാക്കൾ തീർച്ചയായും അവിടെയുണ്ടെന്ന് യുവാവ് പറഞ്ഞപ്പോൾ, മാനേജർ അടുത്തതായി പറഞ്ഞത് ആശുപത്രിയിൽ നിന്നും ജോലി ചെയ്യാനാണ്. 'അവിടെ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ലാത്തതില്ലല്ലോ അതിനാൽ ജോലി ചെയ്തുകൂടേ' എന്നാണത്രെ മാനേജർ യുവാവിനോട് ചോദിച്ചത്.

ഒരു കുഞ്ഞ് ജനിക്കുക എന്നാൽ അതീവസന്തോഷമുള്ള മുഹൂർത്തം എന്നാണ് അർത്ഥം. എന്നാൽ, ഒരു യുവാവിന് ആ സമയത്ത് കടന്നുപോകേണ്ടി വന്നത് വളരെയധികം സമ്മർദ്ദം നിറഞ്ഞ മുഹൂർത്തങ്ങളിലൂടെയായിരുന്നു. ഭാര്യക്ക് പ്രസവവേദന അനുഭവപ്പെട്ടപ്പോൾ ബോസ് ആശുപത്രിയിൽ നിന്ന് തന്നോട് ജോലി ചെയ്യാൻ ആവശ്യപ്പെട്ടുവെന്നാണ് റെഡ്ഡിറ്റിൽ പങ്കുവച്ചിരിക്കുന്ന പോസ്റ്റിൽ യുവാവ് പറയുന്നത്. 'ഭാര്യയുടെ പ്രസവസമയത്ത് എന്റെ ലീവപേക്ഷ കമ്പനി അവഗണിച്ചു' എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.

അത് ദമ്പതികളുടെ ആദ്യത്തെ കുഞ്ഞായിരുന്നു. പ്രസവത്തിനായി ആശുപത്രിയിൽ എത്തിയപ്പോൾ ഭാര്യയോടൊപ്പം നിൽക്കാൻ ആഗ്രഹിച്ചതിനാൽ യുവാവ് മാനേജരെ വിവരം അറിയിക്കുകയും രണ്ട് ദിവസത്തെ അവധിക്ക് അപേക്ഷിക്കുകയും ചെയ്തു. എന്നാൽ, ആ സമയത്ത് ജീവനക്കാരനെ സഹായിക്കുന്നതിന് പകരം വളരെ മോശമായിട്ടായിരുന്നു മാനേജരുടെ ഇടപെടൽ. അവധി മാറ്റിവച്ചുകൂടേ എന്നാണ് മാനേജർ ആദ്യം യുവാവിനോട് ചോദിച്ചത്. അടുത്തതായി പറഞ്ഞത്, കാര്യങ്ങളെല്ലാം നിങ്ങളുടെ മാതാപിതാക്കൾ നോക്കില്ലേ നിങ്ങൾക്ക് ജോലി ചെയ്തുകൂടേ എന്നാണത്രെ.

തന്റെ മാതാപിതാക്കൾ തീർച്ചയായും അവിടെയുണ്ടെന്ന് യുവാവ് പറഞ്ഞപ്പോൾ, മാനേജർ അടുത്തതായി പറഞ്ഞത് ആശുപത്രിയിൽ നിന്നും ജോലി ചെയ്യാനാണ്. 'അവിടെ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ലാത്തതില്ലല്ലോ അതിനാൽ ജോലി ചെയ്തുകൂടേ' എന്നാണത്രെ മാനേജർ യുവാവിനോട് ചോദിച്ചത്. തനിക്ക് ജോലി വിടാൻ സാധിക്കില്ല, തനിക്കിപ്പോൾ ഒരു കുഞ്ഞുണ്ടായിരിക്കുന്നു, ഉത്തരവാദിത്തങ്ങൾ കൂടുകയാണ് എന്നും യുവാവ് പറഞ്ഞു. എന്തായാലും, ആശുപത്രിയിലിരുന്ന് ജോലി ചെയ്യാൻ സാധിക്കില്ല എന്ന് ഉറപ്പിച്ച് പറഞ്ഞതോടെ ലീവ് അപേക്ഷ മെയിൽ ചെയ്യാനാണ് മാനേജർ പറഞ്ഞത്. എന്തുകൊണ്ടാണ് ഇന്ത്യൻ മാനേജർമാർ ജീവനക്കാർക്ക് അവരുടെ സ്വകാര്യജീവിതം കൂടിയുണ്ട് എന്ന് മനസിലാക്കാത്തത് എന്നാണ് യുവാവ് ചോദിക്കുന്നത്.

നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽ‌കിയത്. ലീവ് നമ്മുടെ അവകാശമാണ്. ബോസിനെ സാർ എന്ന് വിളിക്കേണ്ട കാര്യമില്ല. പേര് വിളിക്കുക. ഇത് ഒരു കോർപറേറ്റ് സംവിധാനമാണ്. പരിധികൾ നിശ്ചയിക്കുക. നമ്മുടെ സ്വകാര്യമായിട്ടുള്ള കാര്യങ്ങളൊന്നും തന്നെ പറയാതെ ലീവ് വേണം എന്ന് ആവശ്യപ്പെടുക എന്നാണ് മിക്കവരും കമന്റുകൾ നൽകിയത്.