വീഡിയോയിൽ അവർ പെൺകുട്ടിയുടെ കയ്യിൽ പിടിച്ചിരിക്കുന്നതും മുഖത്തടിക്കുന്നതും കാണാം. കൂടാതെ അവർ പെൺകുട്ടിയുടെ മുടിയിൽ പിടിച്ച് വലിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.

ഉത്തർപ്രദേശിലെ നോയിഡയിൽ സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരികെ ചോദിച്ചതിന് ഒരു പേയിം​ഗ് ​ഗസ്റ്റിലെ ഓപ്പറേറ്റർ വിദ്യാർത്ഥിനിയെ ആക്രമിക്കുന്ന ഞെട്ടിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. സെക്ടർ 62 -ലെ രാജ് ഹോംസ് പിജിയിലാണ് സംഭവം നടന്നത്. ചൊവ്വാഴ്ച വൈകുന്നേരം നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയായിരുന്നു. പിജി ഓപ്പറേറ്ററായ സ്ത്രീ ഒരു പെൺകുട്ടിയെ ക്രൂരമായി മർദ്ദിക്കുന്നത് വീഡിയോയിൽ വ്യക്തമായി കാണാം. അതേസമയം സമീപത്തുണ്ടായിരുന്ന ആളുകൾ അത് തടയുന്നതിനുപകരം നോക്കിനിൽക്കുകയാണ് ചെയ്യുന്നത്.

റിപ്പോർട്ടുകൾ പ്രകാരം, മുറി ഒഴിഞ്ഞ ശേഷം, വിദ്യാർത്ഥിനി തന്റെ സെക്യൂരിറ്റ് ഡെപ്പോസിറ്റ് തിരികെ വാങ്ങാനാണ് സ്ത്രീയെ സമീപിച്ചത്. അവിടെ താമസിക്കുന്ന സമയത്ത് താൻ പണം സെക്യൂരിറ്റി ഡെപ്പോസിറ്റ് ആയി നൽകിയിരുന്നു എന്ന് പെൺകുട്ടി പറയുന്നു. എന്നാൽ, മുറി ഒഴിഞ്ഞ ശേഷം അത് തിരികെ ആവശ്യപ്പെട്ടപ്പോൾ അവർക്കിടയിൽ തർക്കമുണ്ടാവുകയായിരുന്നു. തർക്കം രൂക്ഷമായതോടെ പിജി ഓപ്പറേറ്റർ പെൺകുട്ടിയെ മർദ്ദിക്കാൻ തുടങ്ങി.

Scroll to load tweet…

വീഡിയോയിൽ അവർ പെൺകുട്ടിയുടെ കയ്യിൽ പിടിച്ചിരിക്കുന്നതും മുഖത്തടിക്കുന്നതും കാണാം. കൂടാതെ അവർ പെൺകുട്ടിയുടെ മുടിയിൽ പിടിച്ച് വലിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. പെൺകുട്ടിക്കൊപ്പം എത്തിയ യുവാവാണ് പുറത്ത് നിന്നും വീഡിയോ പകർത്തിയിരിക്കുന്നത്. പുരുഷന്മാർക്ക് പ്രവേശനമില്ലാത്തതിനാൽ അയാൾ പുറത്ത് നിൽക്കുകയായിരുന്നു. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ വലിയ വിമർശനമാണ് പിജി ഓപ്പറേറ്റർക്ക് നേരെ ഉണ്ടായിരിക്കുന്നത്. എന്തായാലും, സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്നും റിപ്പോർട്ടുകൾ പറയുന്നു. സെക്ടർ 58 കോട്‌വാലി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പെൺകുട്ടിയെ ബന്ധപ്പെട്ടതായും മൊഴിയെടുത്തതായും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ പിജി ഓപ്പറേറ്റർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും എസിപി പറഞ്ഞു.