30 വർഷമായി അദ്ദേഹം ഒരേ 2BHK ഫ്ലാറ്റിലാണ് താമസിച്ചത്. സ്കൂട്ടറാണ് ഉപയോഗിച്ചിരുന്നത്. അപൂർവ്വമായിട്ടാണ് യാത്രകൾ പോയിരുന്നത്.
45 -ാമത്തെ വയസിൽ ജോലിയിൽ നിന്നും വിരമിച്ച ഒരാൾ. വലിയ ബിസിനസോ ഒന്നും തന്നെ നടത്താതെ തന്നെ 4.7 കോടിയുടെ സ്വത്തുമുണ്ടാക്കി. ഇങ്ങനെയുള്ള ഒരു പോസ്റ്റാണ് ഇപ്പോൾ റെഡ്ഡിറ്റിൽ ചർച്ചയാവുന്നത്. തന്റെ അമ്മാവനെ കുറിച്ചാണ് ഒരു യുവാവ് പോസ്റ്റിട്ടിരിക്കുന്നത്. വലിയ ശമ്പളമുള്ള ജോലിയല്ല, സൈഡായിട്ട് മറ്റ് ജോലികളോ കാര്യങ്ങളോ ഒന്നും ചെയ്തിരുന്നില്ല. എന്നിട്ടും 45 -ാം വയസിൽ അമ്മാവൻ ഇത്രയും സമ്പാദിച്ചു എന്നാണ് ഇയാൾ പറയുന്നത്.
@u/CAGRGuy എന്ന റെഡ്ഡിറ്റ് യൂസറാണ് ഈ പോസ്റ്റ് ഷെയർ ചെയ്തത്. 45 വയസ്സുള്ളപ്പോൾ 4.7 കോടി സമ്പാദിച്ച തന്റെ അമ്മാവൻ വളരെ ലളിതമായ ഒരു ജീവിതമാണ് നയിച്ചിരുന്നതെന്ന് പോസ്റ്റിൽ പറയുന്നു. 30 വർഷമായി അദ്ദേഹം ഒരേ 2BHK ഫ്ലാറ്റിലാണ് താമസിച്ചത്. സ്കൂട്ടറാണ് ഉപയോഗിച്ചിരുന്നത്. അപൂർവ്വമായിട്ടാണ് യാത്രകൾ പോയിരുന്നത്. അദ്ദേഹം ഒരിക്കലും ഒരു ബിസിനസ്സ് ആരംഭിച്ചിരുന്നില്ല, ഓഹരി വ്യാപാരത്തിലൊന്നും ഏർപ്പെട്ടിരുന്നില്ല, പണം ഉപയോഗിച്ച് ആഡംബരങ്ങളൊന്നും കാണിച്ചില്ല. സ്ഥിരമായ ഒരു ജോലിയിൽ നിന്നായിരുന്നു അദ്ദേഹത്തിന്റെ ഏക വരുമാനം എന്നും പോസ്റ്റിൽ കാണാം.
അമ്മാവന് സമ്പാദ്യവും നിക്ഷേപവും നടത്തുന്ന ഒരു ശീലമുണ്ടെന്നും പോസ്റ്റിൽ പരാമർശിക്കുന്നുണ്ട്. 1998 -ൽ അദ്ദേഹം ഒരു മ്യൂച്വൽ ഫണ്ടിലേക്ക് 10,000 രൂപ നിക്ഷേപിക്കാൻ തുടങ്ങി. പിന്നീട്, അദ്ദേഹം 500 രൂപ SIP (സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ) ആരംഭിച്ചു. ശമ്പളം വർദ്ധിക്കുമ്പോഴെല്ലാം, അദ്ദേഹം തുക ഉയർത്തി, ആദ്യം 1,000, പിന്നീട് 2,000, പിന്നീട് 5,000 എന്നിങ്ങനെ.
45 -ാമത്തെ വയസ്സിൽ വിരമിച്ചപ്പോൾ, എങ്ങനെ ഇത് ചെയ്തുവെന്ന് താൻ അദ്ദേഹത്തോട് ചോദിച്ചു. അദ്ദേഹം തന്റെ പാസ്ബുക്കും CAMS -ൽ നിന്ന് പ്രിന്റ് ചെയ്ത ഒരു ഷീറ്റും തനിക്ക് തന്നു. അതിൽ ആകെ സമ്പാദ്യം 4.7 കോടി ആയിരുന്നു എന്നും പോസ്റ്റിൽ പറയുന്നു.
നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി വന്നത്. ചിട്ടയോടെ ഉള്ള ജീവിതവും ചെലവും എങ്ങനെ കാശുണ്ടാക്കാനും നേരത്തെ വിരമിക്കാനും സഹായിക്കുന്നു എന്നതിനെ കുറിച്ചാണ് പലരും പറഞ്ഞത്.


