വിദേശത്തേ പോയവര്‍ അതിസമ്പന്നതയില്‍ സുഖിച്ച് ജീവിക്കുകയാണെന്ന് നാട്ടുകാര്‍ കരുതുന്നു. എന്നാല്‍ ഇവിടെ ജീവന്‍ നിലനിര്‍ത്താന്‍ നൂഡിൽസ് കഴിക്കുകയാണ്. 

വിദേശത്ത് പോയാല്‍ ജീവിതം സെറ്റായെന്നാണ് മൂന്നാം ലോക രാജ്യങ്ങളിലെ ജനങ്ങളുടെ വിശ്വാസം. ഇന്ത്യയില്‍ നിന്നും ഓരോ വര്‍ഷവും പതിനായിരക്കണക്കിന് ആളുകളാണ് വിദേശ രാജ്യങ്ങളിലേക്ക് സുഖജീവിതം തേടി കുടിയേറുന്നത്. കൂടുതല്‍ പണവും സൗകര്യങ്ങളുമാണ് ഇതിന് പിന്നിലെ പ്രധാനകാരണം. എന്നാല്‍, കരുതുന്നത് പോലെ അത്ര മനോഹരമാണോ വിദേശ ജീവിതം? അല്ലെന്നും പട്ടിണി കിടക്കാതിരിക്കാന്‍ നൂഡിൽസ് മാത്രമാണ് കഴിക്കുന്നതെന്നുമുള്ള ഒരു എന്‍ആര്‍ഐ ഇന്ത്യക്കാരന്‍റെ കുറിപ്പ് വൈറൽ

'ഞാൻ വിദേശത്താണ് താമസിക്കുന്നതെന്ന് എന്‍റെ സുഹൃത്തുക്കളോട് പറയുമ്പോഴെല്ലാം, ഞാൻ ഒരു മാളികയിലാണ് താമസിക്കുന്നതെന്ന് അവർ കരുതുന്നു' എന്നാണ് റെഡ്ഡിറ്റ് ഉപഭോക്താവായ യുവാവ് തന്‍റെ കുറിപ്പ് തുടങ്ങുന്നത്. എന്തുകൊണ്ടാണ് നാട്ടിലുള്ളവരെല്ലാം ഒരു എന്‍ആര്‍ഐ ആണെന്ന് പറയുമ്പോൾ പണം സമ്പാദിക്കുന്നെന്നും മാളികയില്‍ താമസിക്കുന്നെന്നും കരുതുന്നതെന്ന ചോദ്യം യുവാവ് ചോദിക്കുന്നു. പിന്നാലെ അദ്ദേഹം യാഥാര്‍ത്ഥ്യം വെളിപ്പെടുത്തുന്നു. താന്‍ താമസിക്കുന്നത് വളരെ ചെറിയ ഒരു അപ്പാര്‍ട്ട്മെന്‍റിലാണെന്നും ഇന്‍സ്റ്റന്‍റ് നൂഡില്‍സ് കഴിച്ചാണ് ജീവിക്കുന്നതെന്നും യുവാവ് എഴുതി. മാത്രമല്ല, മറ്റ് എന്‍ആര്‍ഐകളില്‍ പലരും സമാനമായ ജീവിതമാണ് നയിക്കുന്നതെന്നും യുവാവ് എഴുതി.

യുവാവിന്‍റെ ആത്മസങ്ക‍ഷങ്ങളോട് പ്രതികരിച്ച് കൊണ്ട് സമൂഹ മാധ്യമ ഉപയോക്താക്കളുമെത്തി. പലരും പറഞ്ഞത് അത്തരമൊരു തെറ്റിദ്ധാരണയ്ക്ക് കാരണം യുവാവിന്‍റെ തെറ്റല്ലെന്നും മറിച്ച് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മുന്നില്‍ വീമ്പ് പറയുന്നതിലും യാഥാര്‍ത്ഥ്യ ബോധമില്ലാത്ത പ്രതീക്ഷകൾ നല്‍കുന്നതിലും ‌ഞങ്ങൾ ഇന്ത്യക്കാര്‍ മുന്നിലാണെന്നുമായിരുന്നു. തനിക്ക് ഓസ്ട്രേലിയയില്‍ മാലിന്യ ട്രക്ക് ഓടിക്കുന്ന ഒരു ഇന്ത്യന്‍ സുഹൃത്ത് ഉണ്ടെന്നും എന്നാല്‍ അയാൾ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളില്‍ മുസ്താങ് ജിടി. ഐജികളാണ് ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓരോ എൻആർഐയുടെയും കഥ. മറ്റ് എൻആർഐകൾക്ക് മാത്രമേ യാഥാർത്ഥ്യം അറിയൂ. ഇന്ത്യയിലെ മറ്റെല്ലാവരും വാഹ് ഭായ്, നിങ്ങൾ വിജയിച്ചു എന്ന് കരുതുന്നുവെന്നായിരുന്നു മറ്റൊരു കുറിപ്പ്. മറ്റ് ചിലര്‍ ആടിപ്പാടി നടക്കുന്ന എന്‍ആര്‍ഐകളുടെ വ്യാജ കഥകളിറക്കിയ ഇന്ത്യന്‍ സിനിമകളാണ് അത്തരമൊരു അവസ്ഥ സ‍ൃഷ്ടിച്ചതെന്ന് പരിതപ്പിച്ചു.