രാത്രി മുഴുവനും അയാൾ ഫോൺ ഉണക്കാനിട്ടു. രാവിലെ അത് ചാർജ് ചെയ്യാൻ ശ്രമിച്ചു. അയാൾക്ക് വിശ്വസിക്കാനായില്ല. ഫോൺ ചാർജ് കേറുന്നുണ്ടായിരുന്നു. മാത്രമല്ല, അതിന്റെ സ്ക്രീൻ സേവറിൽ ആ ഫോൺ നഷ്ടപ്പെട്ട ദിവസത്തെ തീയതിയും വ്യക്തമായിരുന്നു.
മൊബൈലുകൾ എവിടെയെങ്കിലും കളഞ്ഞുപോവുന്ന ഒരുപാട് സംഭവങ്ങളുണ്ടാകാറുണ്ട് അല്ലേ? എന്നാൽ, ഇവിടെ ഒരാൾക്ക് നഷ്ടപ്പെട്ട മൊബൈൽ 10 മാസത്തിന് ശേഷം തിരികെ കിട്ടിയിരിക്കയാണ്. മാത്രമല്ല, അത് ഇപ്പോഴും ശരിയായി പ്രവർത്തിക്കുന്നു. കാനോയിങ്ങിനിടയിലാണ് ഒവൈൻ ഡേവീസിന് തന്റെ ഐഫോൺ നഷ്ടപ്പെട്ടത്.
എന്നാൽ, മിഗുവേൽ എന്നൊരാൾ തന്റെ കുടുംബത്തോടൊപ്പം കാനോയിംഗ് നടത്തുന്നതിനിടയിൽ ഈ ഫോൺ കണ്ടെത്തുകയായിരുന്നു. വീട്ടിലെത്തി ഫോൺ ഉണക്കിയെടുത്ത ശേഷം അയാൾ അതിന്റെ ചിത്രങ്ങളെടുത്ത് ഓൺലൈനിൽ പോസ്റ്റ് ചെയ്യുകയും ഉടമയെ അന്വേഷിക്കുകയും ചെയ്തു. അത് പ്രവർത്തിക്കുമെന്ന് മിഗുവേലിന് യാതൊരു ധാരണയും ഇല്ലായിരുന്നു. അത് ഉണക്കിയെടുക്കാൻ താൻ ഒരുപാട് കഷ്ടപ്പെട്ടു എന്ന് മിഗുവേൽ ബിബിസി -യോട് പറഞ്ഞു.
'അതിനകത്ത് ഒരാൾക്ക് പ്രിയപ്പെട്ട എന്തെല്ലാം കാണുമെന്ന ധാരണയുണ്ടായിരുന്നത് കൊണ്ടാണ് താനത് ഉണക്കിയെടുത്ത് ഉടമയെ കണ്ടെത്താൻ ശ്രമിച്ചത്. എന്റെ ഫോണാണ് നഷ്ടപ്പെടുന്നത് എങ്കിൽ അതിൽ തന്റെ കുട്ടികളുടെ ഒരുപാട് ചിത്രങ്ങളുണ്ടാവുമായിരുന്നു. അത് തിരികെ വേണം എന്ന് ഞാനത്രയും ആഗ്രഹിച്ചേനെ' എന്നും മിഗുവേൽ പറയുന്നു.
രാത്രി മുഴുവനും അയാൾ ഫോൺ ഉണക്കാനിട്ടു. രാവിലെ അത് ചാർജ് ചെയ്യാൻ ശ്രമിച്ചു. അയാൾക്ക് വിശ്വസിക്കാനായില്ല. ഫോൺ ചാർജ് കേറുന്നുണ്ടായിരുന്നു. മാത്രമല്ല, അതിന്റെ സ്ക്രീൻ സേവറിൽ ആ ഫോൺ നഷ്ടപ്പെട്ട ദിവസത്തെ തീയതിയും വ്യക്തമായിരുന്നു. ഒരു പുരുഷന്റെയും സ്ത്രീയുടെയും ചിത്രവുമുണ്ടായിരുന്നു. ഒരു ഫേസ്ബുക്ക് ഗ്രൂപ്പിൽ ആ ചിത്രങ്ങൾ മിഗുവേൽ പോസ്റ്റ് ചെയ്തു. നിരവധിപ്പേർ അത് ഷെയർ ചെയ്തു.
കഴിഞ്ഞ ആറ് മാസമായി ഫോണിന്റെ ഉടമ സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. എന്നാലും, ഒടുവിൽ എഡിൻബർഗിൽ താമസിക്കുന്ന ഒവൈൻ ഡേവിസിന്റെയും പ്രതിശ്രുതവധു ഫിയോണ ഗാർഡ്നറുടെയും സുഹൃത്തുക്കൾ ആ ഫോട്ടോ തിരിച്ചറിഞ്ഞു.
കാനോയിംഗിനിടയിൽ പാന്റിന്റെ ബാക്ക് പോക്കറ്റിൽ കിടന്ന ഫോൺ വെള്ളത്തിലേക്ക് വീഴുകയായിരുന്നു എന്ന് ഡേവിസ് പറഞ്ഞു. ഏതായാലും തന്റെ ഫോൺ ഉണക്കിയെടുക്കാനും തിരികെ ഏൽപ്പിക്കാനും മിഗുവേൽ നടത്തിയ ശ്രമങ്ങളെ അത്ഭുതത്തോടെയാണ് ഡേവിസ് നോക്കിക്കണ്ടത്. അതിൽ പ്രത്യേകം സന്തോഷവും നന്ദിയുമുണ്ട് എന്നും ഡേവിസ് പറയുന്നു.
