ജൂലൈ 8 -ന് വൈകുന്നേരം ന്യൂ മെക്സിക്കോയിലെ റുയിഡോസോയിൽ പെയ്ത ശക്തമായ മഴയിലാണ് നദികൾ കരകവിയുകയും നഗരം വെള്ളത്തിനടിയിൽ ആവുകയും ചെയ്തത്.

എന്തിനെയും അതിജീവിക്കാൻ ശേഷിയുള്ളവനാണെന്ന് മനുഷ്യൻ വീമ്പു പറയാറുണ്ടെങ്കിലും ചില കാര്യങ്ങളിൽ നിസ്സഹായരായി നോക്കിനിൽക്കാൻ മാത്രമേ മനുഷ്യർക്കും സാധിക്കാറുള്ളൂ. അതിൽ പ്രധാനപ്പെട്ടതാണ് പ്രകൃതിദുരന്തങ്ങൾ. അത്തരം സന്ദർഭങ്ങളിൽ ചിലപ്പോൾ നമുക്ക് സഹായകരാവുക നാം ഒട്ടും പ്രതീക്ഷിക്കാത്തവരായിരിക്കും.

കഴിഞ്ഞദിവസം അത്തരത്തിൽ ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യപ്പെടുകയുണ്ടായി. അരയ്ക്കു മുകളിൽ വെള്ളം പൊങ്ങിയ റോഡിലൂടെ അതിസാഹസികമായി നീങ്ങുന്ന ഒരു കുതിരയുടെയും അതിൻറെ റൈഡറുടെയും വീഡിയോ ദൃശ്യങ്ങളായിരുന്നു ഇത്. വെള്ളപ്പൊക്കത്തിലും കാലിടറാതെ തൻറെ യജമാനനെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിച്ച കുതിര ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒരു താരം തന്നെയാണ്.

Scroll to load tweet…

ജൂലൈ 8 -ന് വൈകുന്നേരം ന്യൂ മെക്സിക്കോയിലെ റുയിഡോസോയിൽ പെയ്ത ശക്തമായ മഴയിലാണ് നദികൾ കരകവിയുകയും നഗരം വെള്ളത്തിനടിയിൽ ആവുകയും ചെയ്തത്. റുയിഡോസോ ഡൗൺസിലെ റേസ്‌ട്രാക്കുകൾ ഒഴുകിപ്പോവുകയും ചെയ്തു. ഇതോടെ ഇവിടെയുണ്ടായിരുന്ന കുതിരകൾ ഒരുവശത്ത് കുടുങ്ങിപ്പോയി. വെള്ളപ്പൊക്കം ഭയന്ന് കാത്തുനിന്നാൽ അവയുടെ ജീവൻ നഷ്ടമാകുമെന്ന് ഉറപ്പായിരുന്നു. പക്ഷേ അവയെ അങ്ങനെ കൈവിട്ടു കളയാൻ രണ്ടുപേർ തയ്യാറായില്ല. ആ ആ രണ്ടുപേരിൽ ഒരാൾ അവിടുത്തെ ഒരു ഹോഴ്സ് റൈഡറും അടുത്തത് ഒരു കുതിരയും ആയിരുന്നു.

ഇരുവരും അപകടകരമായ വെള്ളപ്പൊക്കത്തെ മറികടന്ന് മറ്റു കുതിരകളെ രക്ഷിക്കാനായി കുടുങ്ങി കിടന്ന സ്ഥലത്തേക്ക് പോകാൻ തീരുമാനിച്ചു. അങ്ങനെ അരയ്ക്കു മുകളിൽ പൊങ്ങിനിൽക്കുന്ന വെള്ളത്തിലൂടെ അവർ അതിസാഹസികയാത്ര നടത്തി. ഇതിൻറെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

വീഡിയോ ദൃശ്യങ്ങളിൽ കുതിരയുടെ പകുതിക്ക് മുകളിൽ വെള്ളം കുത്തിയൊഴുകുന്നുണ്ട്. പലയിടങ്ങളിലും റോളുകൾ ഒഴുകിപ്പോയതിന്റെയും കെട്ടിടങ്ങൾ തകർന്നുവീണതിന്റെയും അവശിഷ്ടങ്ങൾ കാണാം. ഇതിനിടയിലൂടെയാണ് ഈ കുതിര റൈഡറുമായി കുതിച്ചു പായുന്നത്. ഒറ്റപ്പെട്ടു പോയ കുതിരകളെ മുഴുവൻ ഉയർന്ന സ്ഥലത്തേക്ക് മാറ്റി രക്ഷപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ പറയുന്നത്. വെള്ളപ്പൊക്കത്തിൽ റുയിഡോസോ നഗരത്തിൽ മാത്രം മൂന്നോളം മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.