'ആളുകൾ വർക്ക് ഫ്രം ഹോം ചെയ്യുന്നതിനെക്കുറിച്ച് സംസാരിക്കുമ്പോൾ സാധാരണയായി ഉറക്കമോ യാത്രയോ ആണ് പ്രധാനമായും പരാമർശിക്കുന്നത്, എനിക്കുണ്ടായ മാറ്റം ഭാര്യയോടൊപ്പം ഇപ്പോൾ എത്രത്തോളം കൂടുതൽ സമയം ലഭിക്കുന്നു എന്നതാണ്' എന്നാണ് യുവാവ് പോസ്റ്റിൽ പറയുന്നത്.
ജോലിത്തിരക്കുകൾ കാരണം നമ്മുടെ പ്രിയപ്പെട്ടവർക്കൊപ്പം വേണ്ടത്ര സമയം ചിലവഴിക്കാൻ പറ്റാത്തവരാണ് നമ്മിൽ പലരും. ഒരുതരം ഓട്ടമാണ് ജീവിതം എന്ന് പറയാം. എന്നാൽ, വർക്ക് ഫ്രം ഹോം അതെങ്ങനെ മാറ്റിമറിച്ചു എന്ന് ഒരു യുവാവ് പങ്കുവയ്ക്കുന്ന പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിൽ ശ്രദ്ധിക്കപ്പെടുന്നത്. പോസ്റ്റിൽ പറയുന്നത്, തന്റെ വിവാഹജീവിതം തകരാതിരിക്കാൻ എങ്ങനെ വർക്ക് ഫ്രം ഹോം സഹായിച്ചു എന്നാണ്. ഭാര്യയ്ക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ സാധിച്ചു. ഒപ്പം തന്നെ ജോലിയെ ഒരുതരത്തിലും ബാധിക്കാതിരിക്കാൻ കൃത്യമായ ബൗണ്ടറികളും (പരിധി) നിശ്ചയിച്ചിരുന്നു എന്നും പോസ്റ്റിൽ പറയുന്നു.
'ആളുകൾ വർക്ക് ഫ്രം ഹോം ചെയ്യുന്നതിനെക്കുറിച്ച് സംസാരിക്കുമ്പോൾ സാധാരണയായി ഉറക്കമോ യാത്രയോ ആണ് പ്രധാനമായും പരാമർശിക്കുന്നത്, പക്ഷേ എനിക്കുണ്ടായ ഏറ്റവും വലിയ മാറ്റം എന്റെ ഭാര്യയോടൊപ്പം ഇപ്പോൾ എത്രത്തോളം കൂടുതൽ സമയം ലഭിക്കുന്നു എന്നതാണ്' എന്നാണ് യുവാവ് പോസ്റ്റിൽ പറയുന്നത്. 'കൊവിഡിന് മുമ്പ് അവൾ ഉണരുന്നതിന് മുമ്പ് ഞാൻ വീട്ടിൽ നിന്ന് ഇറങ്ങും, ഏകദേശം 7 അല്ലെങ്കിൽ 8 മണിയോടെയാണ് ക്ഷീണിതനായി തിരിച്ചെത്തുന്നത്. പാതിയുറക്കത്തിൽ മാത്രമാണ് ഒരുമിച്ച് അത്താഴം കഴിച്ചിരുന്നത്' എന്നും യുവാവ് പറയുന്നു.
'ഇപ്പോൾ ബെഡ്റൂമിൽ നിന്നും 12 സ്റ്റെപ്പ് വച്ചാൽ സ്വീകരണമുറിയുടെ മൂലയിലുള്ള ജോലി ചെയ്യുന്ന ഡെസ്കിലെത്താം. ഒരുമിച്ച് കാപ്പി കുടിച്ച് ദിവസം തുടങ്ങുന്ന ശീലമുണ്ടാക്കി. ആദ്യത്തെ മഗ്ഗ് കുടിച്ചതിനുശേഷം മാത്രമേ ഞാൻ എന്റെ ലാപ്‌ടോപ്പ് തുറക്കൂ. ഉച്ചയ്ക്ക് അര മണിക്കൂർ ഒരുമിച്ച് എന്തെങ്കിലും കുക്ക് ചെയ്യുകയോ, അവിടെ എവിടെയെങ്കിലും നടക്കുകയോ ചെയ്യുന്നു' എന്നും പോസ്റ്റിൽ പറയുന്നു. അതുപോലെ ജോലിയുള്ള സമയത്ത് അതിൽ മാത്രം മുഴുകുന്നതിനെ കുറിച്ചും യുവാവ് സൂചിപ്പിക്കുന്നു.
വർക്ക് ഫ്രം ഹോമിന് ശേഷം പെർഫോമൻസ് കുറയും എന്ന് ചിലപ്പോൾ പറയാറുണ്ട്. എന്നാൽ, തന്റെ ജോലി കൂടുതൽ നന്നായി എന്നാണ് യുവാവ് പറയുന്നത്. എന്തായാലും, വർക്ക് ഫ്രം ഹോമും ഭാര്യയുമായി കൂടുതൽ നേരം ഒരുമിച്ച് ചെലവഴിക്കുന്നതുമെല്ലാം ബന്ധം ദൃഢമാക്കുകയും ജീവിതം മനോഹരമാക്കുകയും ചെയ്തുവെന്നാണ് യുവാവ് പറയുന്നത്.


