36000 രൂപ ഇഎംഐ എന്നത് തന്റെ ശമ്പളത്തിന്റെ ഏകദേശം 90 ശതമാനം വരും. അത് അടയ്ക്കുന്നത് താങ്ങാനാവാത്ത ഒരു കാര്യമാണ്.

അച്ഛന്റെ മരണശേഷമാണ് അദ്ദേഹമെടുത്ത ലോൺ തിരിച്ചടക്കാനുള്ള വിവരമറിയുന്നത്, ഒരു മാർ​ഗവുമില്ല. എന്ത് ചെയ്യും? സംശയവുമായി റെഡ്ഡിറ്റിൽ മകന്റെ പോസ്റ്റ്. കമന്റുകളിലൂടെ ഉപദേശങ്ങൾ നൽകി നെറ്റിസൺസ്. ഹൃദയാഘാതത്തെ തുടർന്ന് അച്ഛൻ മരിച്ചതിനെത്തുടർന്നാണ് അമ്മയും താനും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ചെന്നത്. ബാങ്ക് അക്കൗണ്ടുകൾ ക്ലോസ് ചെയ്യാൻ വേണ്ടിയാണ് ചെന്നത്. അപ്പോഴാണ് വായ്പയുടെ കാര്യം അറിയുന്നത്. 10.6 ലക്ഷം രൂപയാണ് അടക്കാൻ ഉണ്ടായിരുന്നത് എന്നും യുവാവ് പറയുന്നു. 18.5 ലക്ഷം രൂപയുടെ വായ്പയായിരുന്നു എടുത്തിരുന്നത്.

'എന്റെ അച്ഛൻ ഏകദേശം രണ്ടാഴ്ച മുമ്പ് ഹൃദയാഘാതം മൂലം മരിച്ചു. എന്റെ അമ്മയും ഞാനും രണ്ട് ദിവസം മുമ്പ് അദ്ദേഹത്തിന്റെ അക്കൗണ്ടുകൾ ക്ലോസ് ചെയ്യാൻ എസ്‌ബി‌ഐയിൽ പോയിരുന്നു. അപ്പോഴാണ് അദ്ദേഹത്തിന് ഒരു പേഴ്‌സണൽ ലോൺ ഉണ്ടെന്ന് ഞങ്ങളോട് പറയുന്നത്' യുവാവ് കുറിക്കുന്നു. കുടുംബത്തിൽ നിയമപരമായ ഏക അവകാശി താനാണെന്ന് യുവാവ് പറയുന്നു. എന്നാൽ, 36000 രൂപ ഇഎംഐ എന്നത് തന്റെ ശമ്പളത്തിന്റെ ഏകദേശം 90 ശതമാനം വരും. അത് അടയ്ക്കുന്നത് താങ്ങാനാവാത്ത ഒരു കാര്യമാണ്. ബാങ്കിലെ പേഴ്‌സണൽ ലോൺ കൈകാര്യം ചെയ്യുന്ന ജീവനക്കാരൻ തന്നോട് പറഞ്ഞത് വായ്പ ഇൻഷ്വർ ചെയ്തിട്ടില്ലെന്നും നിങ്ങൾ തന്നെ അത് തിരിച്ചടയ്ക്കേണ്ടിവരുമെന്നുമാണ് എന്നും യുവാവ് പറയുന്നു.

അച്ഛന്റെ പെൻഷനും പിഎഫും ഒക്കെ കിട്ടി വരാൻ കുറേ മാസങ്ങളെടുക്കും താൻ എന്താണ് ഇനി ചെയ്യുക എന്നാണ് യുവാവിന്റെ ചോദ്യം. നിരവധിപ്പേർ പോസ്റ്റിന് കമന്റുകൾ നൽകി. ഒരു വക്കീലിനെ കണ്ട ശേഷം മാത്രം കാര്യങ്ങൾ ചെയ്യുക എന്നാണ് ചിലർ യുവാവിനെ ഉപദേശിച്ചത്. നിയമപരമായി നോക്കിയാൽ യുവാവ് ലോൺ അടക്കേണ്ടി വരില്ല എന്നും പലരും പറഞ്ഞിട്ടുണ്ട്.