പിന്നീട് കാണുന്നത് യുവാവിന്റെ ഓവർ സ്മാർട്നെസ് ആണ്. യുവാവ് കച്ചവടക്കാരിൽ നിന്നും സ്നാക്സുകൾ കൈലാക്കുന്നതാണ് കാണുന്നത്.
ചില വീഡിയോകൾ സോഷ്യൽ മീഡിയയിൽ ആളുകളെ വല്ലാതെ രോഷാകുലരാക്കാറുണ്ട്. അതിൽ മിക്കവാറും യാതൊരു മര്യാദയും കൂടാതെ പെരുമാറുന്ന ആളുകളുടെ വീഡിയോയിരിക്കും. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്.
വീഡിയോ ഷെയർ ചെയ്തിരിക്കുന്നത് സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിലാണ്. അത്യാവശ്യം തിരക്കുള്ള ഒരു ട്രെയിനിൽ വച്ചാണ് ഈ രംഗം പകർത്തിയിരിക്കുന്നത്. ട്രെയിനിലെ കച്ചവടക്കാരിൽ നിന്നും സാധനങ്ങൾ മോഷ്ടിക്കുന്ന ഒരു യുവാവിനെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്.
വീഡിയോയിൽ ട്രെയിനിന്റെ ഉൾഭാഗം കാണാം. അതിൽ മേൽപ്പറഞ്ഞ യുവാവ് ഒരു അപ്പർ ബർത്തിൽ ഇരിക്കുന്നതാണ് കാണുന്നത്. അതുവഴി വെള്ളവുമായും സ്നാക്സുമായും ഒക്കെ കച്ചവടക്കാർ നടക്കുന്നതും കാണാം. എന്നാൽ, പിന്നീട് കാണുന്നത് യുവാവിന്റെ ഓവർ സ്മാർട്നെസ് ആണ്. യുവാവ് കച്ചവടക്കാരിൽ നിന്നും സ്നാക്സുകൾ കൈലാക്കുന്നതാണ് കാണുന്നത്.
പല കച്ചവടക്കാരും വിൽക്കാൻ കൊണ്ടുവരുന്ന വസ്തുക്കൾ തങ്ങളുടെ തലയിൽ ചുമന്നുകൊണ്ടാണ് പോകുന്നത്. അതിൽ ആദ്യം തന്നെ ബിസ്കറ്റോ മറ്റോ ആയി പോകുന്ന ഒരാളിൽ നിന്നും അവ തട്ടിയെടുക്കുന്നതാണ് കാണുന്നത്. പിന്നാലെ സ്നാക്സുമായി പോകുന്ന ഒരാളെ കാണാം. അതിൽ നിന്നും ഒരെണ്ണം എടുക്കുകയാണ് യുവാവ്. കച്ചവടക്കാരൻ ഇത് അറിയുന്നതേ ഇല്ല. പിന്നാലെ യുവാവ് ചിരിക്കുന്നതും കാണാം.
പിന്നീട് വരുന്നത് കുപ്പിവെള്ളം വിൽക്കുന്ന ഒരാളാണ്. അയാൾ കടന്നുപോകുമ്പോൾ യുവാവ് അതിൽ നിന്നും ഒരു കുപ്പി വെള്ളം കൈക്കലാക്കുന്നതും കാണാം. പിന്നാലെ വീണ്ടും ഒരാളിൽ നിന്നുകൂടി ഇതുപോലെ ഇയാൾ സ്നാക്സ് കൈക്കലാക്കുന്നുണ്ട്. വീണ്ടും ചിരിക്കുന്നതും കാണാം. യാത്രക്കാരിൽ പലരും യുവാവിന്റെ ഈ പ്രവൃത്തി കാണുകയും ചിരിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്.
എന്നാൽ, വീഡിയോ വൈറലായി മാറിയതോടെ വലിയ വിമർശനമാണ് യുവാവിന് നേരെ ഉയർന്നത്. പലരും യുവാവിനെ അറസ്റ്റ് ചെയ്യണം എന്നും ആവശ്യപ്പെട്ടു. പാവപ്പെട്ട കച്ചവടക്കാരിൽ നിന്നും ഇതുപോലെ സാധനങ്ങൾ കൈക്കലാക്കുന്നത് ഒട്ടും നല്ല കാര്യമല്ല എന്നാണ് പലരും അഭിപ്രായപ്പെട്ടത്. അതേസമയം, ഇതുകണ്ട് ചിരിച്ച യാത്രക്കാരെയും പലരും വിമർശിച്ചു.
