മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്ന ഒരു വാർത്തയാണ് ചൈനയിലെ സെജിയാങ്ങിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഒരാൾ തന്റെ രണ്ട് വയസ്സുള്ള മകനെ വിൽക്കുകയും, ആ പണം ഉപയോഗിച്ച് ടൂർ പോവുകയും ചെയ്‌തു. സംഭവം പുറത്തറിഞ്ഞ ശേഷം ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സെജിയാങ് ലീഗൽ ഡെയ്‌ലി പറയുന്നതനുസരിച്ച്, എഫ്‌സി എന്ന വിളിക്കുന്ന അയാൾ തന്റെ രണ്ടാമത്തെ ഭാര്യയുമായി നിരന്തരം വഴക്കിടുമായിരുന്നു. ഒടുവിൽ കുട്ടിയെ നോക്കുന്നത് ഒരു ഭാരമായി തീർന്ന അയാൾ ജിയാജിയ എന്ന വിളിപ്പേരുള്ള ആൺകുട്ടിയെ വിറ്റതായി ആരോപിക്കപ്പെടുന്നു.

ആദ്യ ഭാര്യയെ വിവാഹമോചനം ചെയ്ത ശേഷം മകളെ അമ്മയുടെ കസ്റ്റഡിയിലും, മകനെ എഫ്‌സിയുടെ കസ്റ്റഡിയിലും വിടാൻ കോടതി ഉത്തരവിട്ടു. എന്നാൽ മറ്റൊരു നഗരത്തിൽ ജോലി ചെയ്തിരുന്ന ഇയാൾ, ആൺകുട്ടിയെ സഹോദരൻ ലിനിന്റെയും മറ്റ് കുടുംബാംഗങ്ങളുടെയും സംരക്ഷണയിൽ ഹുഷോ നഗരത്തിൽ ഉപേക്ഷിച്ചു. എന്നിരുന്നാലും, കഴിഞ്ഞ മാസം, കുട്ടിയുടെ അമ്മയ്ക്ക് കുട്ടിയെ കാണണമെന്ന് കള്ളം പറഞ്ഞ് അയാൾ മകനെ സഹോദരൻ ലിനിന്റെ വീട്ടിൽ നിന്ന് കൊണ്ടുപോയി. കുറച്ച് ദിവസങ്ങൾക്ക് ശേഷം, ആൺകുട്ടിയുടെ വിവരം ഒന്നും കിട്ടാതായപ്പോൾ, ലിൻ പോലീസുമായി ബന്ധപ്പെട്ടു.

പൊലീസ് അന്വേഷിച്ചപ്പോൾ, ചാങ്‌ഷു എന്ന നഗരത്തിലെ കുട്ടികളില്ലാത്ത ദമ്പതികൾക്ക് 18 ലക്ഷം രൂപയ്ക്ക് അയാൾ സ്വന്തം കുട്ടിയെ വിറ്റതായി അറിയാൻ കഴിഞ്ഞു. തുടർന്ന് ആ പണം ഉപയോഗിച്ച് അയാൾ തന്റെ പുതിയ ഭാര്യയുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കറങ്ങുകയായിരുന്നു. കഴിഞ്ഞ മാസം അവസാനം ജിയാജിയയെ എഫ്‌സിയുടെ സഹോദരന്റെ അടുത്തേക്ക് പൊലീസ് തിരിച്ചയച്ചു. എഫ്‌സിയും പുതിയ ഭാര്യയും ഇപ്പോൾ ക്രിമിനൽ നടപടികൾ നേരിടുകയാണ്.  

സമീപകാലത്ത് ചൈനയിൽ ഇത്തരം നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൊറോണ വൈറസ് മഹാമാരി മൂലം ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് കുടുംബത്തെ സഹായിക്കാനായി ഏകദേശം 17.74 ലക്ഷം രൂപയ്ക്ക് തന്റെ നവജാത ശിശുവിനെ ഇൻറർനെറ്റിൽ അപരിചിതന് വിറ്റെന്നാരോപിച്ച് കഴിഞ്ഞ വർഷം ചൈനയിലെ ഒരു കുടിയേറ്റ തൊഴിലാളിയെ അറസ്റ്റ് ചെയ്തിരുന്നു. 2016 ൽ, 19 വയസുകാരൻ തന്റെ മകളെ ഒരു പുതിയ ഐഫോണും മോട്ടോർ ബൈക്കും വാങ്ങാൻ വിറ്റതും വലിയ വാർത്തയായിരുന്നു.  

(ചിത്രം പ്രതീകാത്മകം)