ശരീരഭാരം കുറയ്ക്കാനെന്നും യുവത്വം നിലനിർത്താനെന്നും പറഞ്ഞാണ് വിവിധ ട്രീറ്റ്മെന്റുകൾ ചെയ്തത്. വലിയ തുകയാണ് ഇതിന് ഓരോന്നിനും വാങ്ങിയത്.
ആളുകൾ തങ്ങളുടെ ഫിറ്റ്നെസ്സും സൗന്ദര്യവും കൂട്ടുന്നതിന് വേണ്ടി ഇഷ്ടം പോലെ തുക ചെലവഴിക്കാറുണ്ട്. എന്നാൽ, ചൈനയിലെ ഒരു യുവാവ് ചെലവഴിച്ച തുക കേട്ടാൽ ആരായാലും ഞെട്ടിപ്പോകും. അതും ഡീടോക്സിനും വെൽനെസിനും വേണ്ടിയാണ് ഒരു സലൂണിൽ ഇയാൾ 4.3 മില്ല്യൺ യുവാൻ (5,20,10,091.00 രൂപ) ചെലവഴിച്ചത്. എന്നാൽ, ഇത് അയാളിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുകയായിരുന്നു. പിന്നാലെ, റീഫണ്ടിന് വേണ്ടി സ്ഥാപനത്തെ ബന്ധപ്പെട്ടെങ്കിലും സലൂൺ അത് നൽകാൻ വിസമ്മതിച്ചു.
വടക്കൻ ചൈനയിലെ അൻഹുയി പ്രവിശ്യയിൽ നിന്നുള്ള ചെങ് എന്നയാളാണ് കോടികൾ ചെലവഴിച്ചതിന് പിന്നാലെ അസുഖബാധിതനായത്. ചെങ് ആദ്യമായി സലൂൺ ടീമിനെ കാണുന്നത് 2023 ഏപ്രിലിൽ ഹെഫെയിൽ വെച്ചാണ്. അവിടെ വെച്ച് സലൂണിന്റെ മാനേജറായ ചെൻ പുതിയ സലൂൺ ബ്രാഞ്ചിന്റെ ഉദ്ഘാടനത്തിന് ചെങ്ങിനെ ക്ഷണിച്ചു. മറ്റൊരു മാനേജറായ ഷൗവാണ് സലൂണിലെത്തിയ ചെങ്ങിനെ ബ്യൂട്ടീഷ്യൻസ് മസാജ് എന്ന ഒരു ട്രീറ്റ്മെന്റ് പരീക്ഷിച്ചുനോക്കാൻ മുകളിലെ നിലയിലേക്ക് എത്തിക്കുന്നത്. അതായിരുന്നു എല്ലാത്തിന്റെയും തുടക്കമെന്നും പിന്നാലെ ഇതുപോലെ പലതും ചെയ്യിപ്പിക്കുകയായിരുന്നു എന്നും ചെങ് പറഞ്ഞു.
അവിടെയെല്ലാം യുവാക്കളായിരുന്നു. അവർ തങ്ങളുടെ മുട്ടിലിരുന്ന് തന്നോട് വിവിധ ട്രീറ്റ്മെന്റുകൾ ചെയ്യാൻ അപേക്ഷിച്ചു. ഇവിടെ വരുന്ന കസ്റ്റമറിനെയപേക്ഷിച്ചാണ് അവരുടെ ജീവിതം, അവരെ കൈവിടരുത്, എല്ലാം പാവപ്പെട്ടവരാണ് വാടക കൊടുക്കാൻ പോലും കഴിവില്ലാത്തവരാണ് എന്നു പറഞ്ഞതായും ചെങ് പറയുന്നു.
ശരീരഭാരം കുറയ്ക്കാനെന്നും യുവത്വം നിലനിർത്താനെന്നും പറഞ്ഞാണ് വിവിധ ട്രീറ്റ്മെന്റുകൾ ചെയ്തത്. വലിയ തുകയാണ് ഇതിന് ഓരോന്നിനും വാങ്ങിയത്. അവസാനം കോടികൾ ചെങ് മുടക്കി. എന്നാൽ, വിവിധ ട്രീറ്റ്മെന്റുകൾക്ക് പിന്നാലെ ഗുരുതരമായ പല അസുഖങ്ങളും ചെങ്ങിന് പിടിപെട്ടു. സൂചി ഉപയോഗിച്ച് നടത്തിയ ചികിത്സയുടെ ഭാഗമായി മുറിവുണ്ടാവുകയും ഉണങ്ങാതിരിക്കുകയും ചെയ്തു. സലൂണിനെ സമീപിച്ച് റീഫണ്ട് ആവശ്യപ്പെട്ടെങ്കിലും കിട്ടിയില്ല.
പിന്നാലെ ചെങ് പൊലീസിനെ സമീപിക്കുകയായിരുന്നു. കേസിൽ അന്വേഷണം നടക്കുകയാണ്.
