തിഹാർ ജയിൽ. ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ ജയിൽ എന്നാണ് തിഹാർ അറിയപ്പെടുന്നത്. ജയിൽ എന്ന് വിളിക്കരുത് തിഹാർ ആശ്രമം എന്നുവേണം വിളിക്കാൻ എന്നാണ്, കിരൺ ബേദി ഐപിഎസ് നടപ്പിൽ വരുത്തിയ സമൂലപരിഷ്‌ക്കാരങ്ങൾക്ക് ശേഷം ജയിൽ അധികൃതർ വരുന്നവരോടൊക്കെ പറയുന്നത്. ന്യൂഡൽഹിയ്ക്ക് പടിഞ്ഞാറ് ചാണക്യപുരയ്ക്കും ഏഴ് കിലോമീറ്റർ അകലെയാണ് തിഹാർ ജയിൽ കോംപ്ലക്സ്  സ്ഥിതിചെയ്യുന്നത്. ഇവിടേക്ക് കാരാഗൃഹവാസത്തിന് പറഞ്ഞയക്കുന്നവരെ പലതരം തൊഴിലുകളിൽ ഏർപ്പെടുത്തിയും, യോഗ ചെയ്യിച്ചും മറ്റും അവരിലെ കുറ്റവാസനകളെ തീർത്തും ഇല്ലാതാക്കി, അവരെ പുതിയ മനുഷ്യരാക്കി തിരികെ സമൂഹത്തിലേക്ക് ഇറക്കിവിടുകയാണ് ചെയ്യാറുള്ളതത്രെ. ഇന്ത്യയിലെ ഏറ്റവുമധികം അന്തേവാസികളുള്ളതും തിഹാർ ജയിലിൽ തന്നെ. 

പൊതുവെ അക്രമങ്ങളും കൊലപാതകങ്ങളും ഒക്കെ കുറവേ ഈ ജയിലിന്റെ ചുവരുകൾക്കുള്ളിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടാറുള്ളൂ. എന്നാൽ, ഇന്നലെ, ജൂൺ 30 -ന് തിഹാർ ജയിലിലെ ഒരു തടവുകാരൻ, മറ്റൊരു തടവുകാരനെ ജയിലിനുള്ളിൽ നിന്നുതന്നെ സംഘടിപ്പിച്ച ഒരു ലോഹക്കഷണം നിലത്തുരച്ച് കൂർപ്പിച്ചുണ്ടാക്കിയ കത്തികൊണ്ട് കുത്തിക്കൊന്നുകളഞ്ഞു. പ്രാഥമികാന്വേഷണം സൂചിപ്പിക്കുന്നത് അത് സക്കീറിന്റെ പ്രായപൂർത്തിയാകാത്ത സഹോദരിയെ മെഹ്താബ് ബലാത്സംഗം ചെയ്തതിനുള്ള പ്രതികാരമായിരുന്നു എന്നാണാണ്.

2014 ദില്ലിയിലെ അംബേദ്‌കർ നഗർ ഏരിയയിൽ വെച്ചാണ് സക്കീറിന്റെ പ്രായപൂർത്തിയാകാത്ത സഹോദരിയെ മെഹ്താബ് ബലാത്‌സംഗം ചെയ്യുന്നത്. സംഭവം നടക്കുമ്പോൾ പതിനഞ്ചു വയസ്സുമാത്രമേ സക്കീറിനുണ്ടായിരുന്നുള്ളൂ. അതിനിടെ, ബലാത്സംഗത്തിന്റെ മാനസികപീഡകൾ സഹിക്കാനാകാതെ സക്കീറിന്റെ സഹോദരി ആത്മാഹുതി ചെയ്തു. 

2014 -ൽ വീണ്ടും ഒരു ബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലായ മെഹ്താബ് പിന്നീട് പുറത്തിറങ്ങിയിരുന്നില്ല. 2018 -ൽ ഒരു കൊലപാതക്കേസിന്റെ വിചാരണ കാലയളവിൽ സക്കീറും മെഹ്താബിനെ പാർപ്പിച്ചിരുന്ന അതെ തിഹാർ ജയിലിൽ തന്നെ എത്തി. പക്ഷേ ഇരുവരും തിഹാർ കോംപ്ലക്സിനുള്ളിൽ തന്നെയുള്ള വെവ്വേറെ ജയിലുകളിലായിരുന്നു. മെഹ്താബ് എട്ടാം ജയിലിലും സക്കീർ അഞ്ചാം നമ്പർ ജയിലിലും ആണ് കഴിഞ്ഞിരുന്നത്. കഴിഞ്ഞ ദിവസമാണ് അഞ്ചാം നമ്പർ ജയിലിൽ നിന്ന് സക്കീറിനെ എട്ടാം നമ്പർ ജയിലിലേക്ക് മാറ്റിയത്. തന്നെ അഞ്ചാം നമ്പർ ജയിലിൽ തന്നെ നിന്ന് മാറ്റാൻ വേണ്ടി വാർഡിലെ സഹതടവുകാരോട് ഇടയ്ക്കിടെ ഒരു കാര്യവുമില്ലാതെ അടിപിടിയുണ്ടാക്കിക്കൊണ്ടിരുന്നു സക്കീർ എന്ന് ജയിലർ മാധ്യമങ്ങളോട് പറഞ്ഞു.. അങ്ങനെ നിത്യശല്യക്കാരനായി സക്കീർ മാറിയതോടെ അയാളെ കഴിഞ്ഞ ദിവസം അധികൃതർ അവിടെ നിന്ന് എട്ടാം നമ്പർ ജയിലിലേക്ക് മാറ്റുകയായിരുന്നു

എട്ടാം നമ്പർ ജയിലിലെ ഒന്നാം നിലയിലായിരുന്നു മെഹ്താബ് കഴിഞ്ഞിരുന്നത്. അഞ്ചാം നമ്പർ ജയിലിൽ നിന്ന് മാറ്റിയ സക്കീർ എത്തിപ്പെട്ടത് അവിടത്തെ താഴെ നിലയിലും. etടുത്ത ദിവസം രാവിലെ ആറുമണിയോടെ നിസ്കാരത്തിനായി മെഹ്താബ് താഴേക്ക് ഇറങ്ങി വന്ന സമയത്താണ് തലേദിവസം തയ്യാറാക്കി വെച്ചിരുന്ന മൂർച്ചയുള്ള ലോഹക്കഷ്ണം കൊണ്ട് സക്കീർ മെഹ്താബിന്റെ കഴുത്തിനും, വയറിനും ആഞ്ഞാഞ്ഞു കുത്തിയത്. വളരെ ആഴത്തിലുള്ള കുത്തുകളേറ്റ മെഹ്താബിനെ ജയിൽ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിലെ അടിയന്തര ചികിത്സാ വിഭാഗത്തിലേക്ക് മാറ്റി എങ്കിലും പരിക്കുകളെ അതിജീവിക്കാൻ മെഹ്താബിനായില്ല.