റെഡ്ഡിറ്റിലെ ഒരു പോസ്റ്റോടെയാണ് സംഭവം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. നടന്നു പോകുന്നവർക്കും വാഹനത്തിൽ യാത്ര ചെയ്യുന്നവർക്കുമെല്ലാം അപകടം വരുത്തി വയ്ക്കുന്ന കുഴികളാണ് ഈ റോഡുകളിൽ ഉള്ളത് എന്നും റിപ്പോർട്ടുകൾ പറയുന്നു.
റോഡിലെ അപകടകരമായ കുഴികൾ അധികൃതർ നികത്താത്തതിനെ തുടർന്ന് തിരക്കേറിയ റോഡിൽ കുത്തിയിരുന്ന് യുവാവിന്റെ ഒറ്റയാൾ പ്രതിഷേധം. സംഭവം നടന്നത് ബെംഗളൂരുവിലാണ്. അസാധാരണമായ ഈ പ്രതിഷേധം ഇതുവഴി വാഹനത്തിലും നടന്നും പോവുകയായിരുന്ന യാത്രക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റി, പിന്നാലെ അവരിൽ പലരും സ്ഥലത്ത് നിന്നശേഷം ഇയാളുടെ ഫോട്ടോകളും വീഡിയോകളും പകർത്തി. യുവാവ് കുഴികൾ നിറഞ്ഞ റോഡിൽ ഇരിക്കുന്നതും വാഹനങ്ങൾ അയാളെ തട്ടാതെ ശ്രദ്ധയോടെ കടന്നു പോകുന്നതുമായ ചിത്രങ്ങളും വീഡിയോകളുമാണ് പ്രചരിക്കുന്നത്.
റെഡ്ഡിറ്റിലെ ഒരു പോസ്റ്റോടെയാണ് സംഭവം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. നടന്നു പോകുന്നവർക്കും വാഹനത്തിൽ യാത്ര ചെയ്യുന്നവർക്കുമെല്ലാം അപകടം വരുത്തി വയ്ക്കുന്ന കുഴികളാണ് ഈ റോഡുകളിൽ ഉള്ളത് എന്നും റിപ്പോർട്ടുകൾ പറയുന്നു. അതിനെതിരെയാണ് യുവാവിന്റെ ഈ ഒറ്റയാൾ പ്രതിഷേധം. അപകടകരമായ കുഴികൾക്കെതിരെയാണ് മുന്നേകൊല്ലലിൽ തിരക്കേറിയ റോഡിന്റെ നടുവിലിരുന്ന് ഇയാൾ പ്രതിഷേധിക്കുന്നത് എന്നാണ് സംഭവം നേരിൽ കണ്ട ഒരാൾ പറയുന്നത്.
എന്തായാലും, പോസ്റ്റ് വൈറലായി മാറിയതോടെ നിരവധിപ്പേരാണ് ഇതിന് കമന്റുകളുമായി എത്തിയത്. തികച്ചും സമാധാനപൂർണമായിട്ടാണ് യുവാവിന്റെ പ്രതിഷേധമെന്നും ഇത് ശരിക്കും അഭിനന്ദിക്കപ്പെടേണ്ട ഒന്ന് തന്നെയാണ് എന്നും പലരും അഭിപ്രായപ്പെട്ടു. അതേസമയം, ഇത് ഈ റോഡിലെ മാത്രം കാഴ്ചയല്ല. നഗരത്തിലെ പല റോഡുകളും കുഴികളും മറ്റുമായി അപകടകരമായ രീതിയിൽ മാറിയിരിക്കുകയാണ് എന്നാണ് മറ്റ് പലരും അഭിപ്രായപ്പെട്ടിരിക്കുന്നത്. അടുത്ത തവണ അദ്ദേഹത്തെ കാണുമ്പോൾ ഒരു ഹാൻഡ്ഷേക്ക് നൽകണം എന്നാണ് മറ്റ് ചിലർ പറഞ്ഞത്. എന്തായാലും യുവാവിനെ അഭിനന്ദിച്ചു കൊണ്ട് നിരവധിപ്പേരാണ് മുന്നോട്ട് വന്നിരിക്കുന്നത്.


