എന്നാൽ, ജയിൽമോചിതനായ ഉടൻ തന്നെ, അദ്ദേഹത്തെ യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് ദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു.

64 വയസ്സുള്ള സുബ്രഹ്മണ്യം 'സുബു' വേദം തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ചെയ്യാത്ത കുറ്റത്തിന് ജയിലിൽ ചെലവഴിച്ചയാളാണ്. പെൻസിൽവാനിയയിലെ സ്റ്റേറ്റ് കോളേജിൽ പഠിക്കുന്ന സമയത്താണ് സുഹൃത്തിനെ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് വേദം പരോൾ ഇല്ലാതെ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെടുന്നത്. അന്ന് അദ്ദേഹത്തിന് 20 വയസായിരുന്നു. ഇപ്പോൾ, 43 വർഷങ്ങൾക്ക് ശേഷം, അദ്ദേഹം സ്വതന്ത്രനായിരിക്കയാണ്. എന്നാൽ, ഇപ്പോൾ അദ്ദേഹം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം ഇന്ത്യയിലേക്ക് അദ്ദേഹത്തെ നാടുകടത്താൻ പോവുകയാണ് എന്നതാണ്. വെറും ഒമ്പത് മാസം പ്രായമുള്ളപ്പോഴാണ് ഇന്ത്യയിൽ നിന്നും വേദം അമേരിക്കയിലെത്തുന്നത്.

ഒക്ടോബർ 3 -ന് രാവിലെയാണ് സുബ്രഹ്മണ്യം വേദം കഴിഞ്ഞ 43 വർഷമായി താൻ കഴിയുകയായിരുന്ന പെൻസിൽവാനിയ ജയിലായ ഹണ്ടിംഗ്ടൺ സ്റ്റേറ്റ് കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷനിൽ നിന്ന് പുറത്തിറങ്ങിയത്. ഇന്ത്യൻ വംശജനായ വേദത്തിന്റെ നിരപരാധിത്വം തെളിയിക്കുന്ന തെളിവുകൾ പ്രോസിക്യൂട്ടർമാർ മറച്ചുവെച്ചതായി കോടതി കണ്ടെത്തിയതിനെത്തുടർന്നാണ് വേദത്തെ വിട്ടയച്ചത്.

എന്നാൽ, ജയിൽമോചിതനായ ഉടൻ തന്നെ, അദ്ദേഹത്തെ യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് ദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. അദ്ദേഹത്തെ കാത്തിരുന്ന കുടുംബമറിഞ്ഞത് ഫെഡറൽ ഗവൺമെന്റ് തടവുകാരനായി അദ്ദേഹം കസ്റ്റഡിയിൽ തുടരുമെന്ന വിവരമാണ്. 'ഫ്രീ സുബ്ബു' എന്നൊരു വെബ്സൈറ്റ് കുടുംബം തയ്യാറാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ മോചനത്തിന് വേണ്ടിയാണ് ഇത്.

നേരത്തെയുള്ള കേസുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തത് എന്നും അത് ചെയ്യുന്നത് ശരിയല്ല എന്നുമാണ് കുടുംബത്തിന്റെ പക്ഷം. അതേസമയം, 19 -ാമത്തെ വയസിൽ മയക്കുമരുന്ന് വിതരണം ചെയ്തു എന്നൊരു കേസുകൂടി വേദത്തിന്റെ പേരിലുണ്ട്. അത് അന്ന് പ്രായത്തിന്റെ പേരിൽ സംഭവിച്ച തെറ്റാണ് എന്നും അദ്ദേഹത്തെ എത്രയും പെട്ടെന്ന് മോചിപ്പിക്കണം എന്നുമാണ് കുടുംബം ഇപ്പോൾ ആവശ്യപ്പെടുന്നത്.