2019 മെയ് 30 -നാണ് ദത്ത ആദ്യം ഹോട്ടലിൽ ചെക്ക് ഇൻ ചെയ്‌തത്, ഒരു രാത്രി മാത്രമായിരുന്നു മുറി ബുക്ക് ചെയ്തിരുന്നത്. എന്നാൽ, മെയ് 31 -ന് ചെക്ക് ഔട്ട് ചെയ്യുന്നതിനുപകരം, 2021 ജനുവരി 22 വരെ തുടർച്ചയായി താമസം നീട്ടി.
ഡൽഹിയിലെ ആഡംബര ഹോട്ടലിൽ രണ്ട് വർഷത്തോളം സുഖവാസം നടത്തിയ ആൾ ഒടുവിൽ ബില്ലടയ്ക്കാതെ മുങ്ങി. 58 ലക്ഷം രൂപയാണ് ഇയാൾ ഹോട്ടലിൽ അടയ്ക്കേണ്ടിയിരുന്നത്. ഈ തുക നൽകാതെയാണ് ഇയാൾ ഹോട്ടലിൽ നിന്ന് മുങ്ങിയത്. ഡൽഹിയിലെ ആഡംബര ഹോട്ടലായ റോസേറ്റ് ഹൗസ് ആണ് ഇത്തരത്തിൽ ഒരു ആരോപണം ഉന്നയിച്ചിരിക്കുന്നത്. അങ്കുഷ് ദത്ത എന്നയാൾക്കെതിരെയാണ് പരാതി. രണ്ട് വർഷത്തോളം ഹോട്ടലിൽ ആഡംബര ജീവിതം നയിച്ച ഇയാൾ ഒടുവിൽ കുടിശ്ശിക തീർക്കാതെ കടന്നു കളയുകയായിരുന്നു.
ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിന് സമീപം സ്ഥിതി ചെയ്യുന്ന ഹോട്ടലിലെ ഒരു ജീവനക്കാരനാണ് തട്ടിപ്പ് നടത്താൻ അങ്കുഷ് ദത്തയെ സഹായിച്ചത് എന്നാണ് റിപ്പോർട്ട്. ഫ്രണ്ട് ഓഫീസ് ഡിപ്പാർട്ട്‌മെന്റ് തലവനായ പ്രേം പ്രകാശ് എന്നയാളാണ് കമ്പ്യൂട്ടർ സംവിധാനത്തിൽ തിരിമറി നടത്തി അങ്കുഷ് ദത്തയെ രക്ഷപ്പെടാൻ സഹായിച്ചത് എന്നാണ് ഹോട്ടൽ മാനാജ്മെന്റ് പരാതിയിൽ പറയുന്നത്. അതിഥികളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്ന ഹോട്ടലിന്റെ സംവിധാനത്തിൽ കൃത്രിമം കാണിച്ചതിനും കൂടുതൽ സമയം താമസിക്കാൻ അനുവദിച്ചതിനും പകരമായി അങ്കുഷ് ദത്തയിൽ നിന്ന് പ്രേം പ്രകാശ് പണം വാങ്ങിയിരിക്കാമെന്നാണ് ഹോട്ടൽ മാനേജ്മെന്റിന്റെ സംശയം. പ്രേം പ്രകാശ്, അങ്കുഷ് ദത്ത എന്നിവരെയും മറ്റ് ചില ജീവനക്കാരെയും പ്രതികളാക്കി എഫ് ഐ ആർ രജിസ്റ്റർ ചെയ്തതായാണ് ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നത്.
2019 മെയ് 30 -നാണ് ദത്ത ആദ്യം ഹോട്ടലിൽ ചെക്ക് ഇൻ ചെയ്‌തത്, ഒരു രാത്രി മാത്രമായിരുന്നു മുറി ബുക്ക് ചെയ്തിരുന്നത്. എന്നാൽ, മെയ് 31 -ന് ചെക്ക് ഔട്ട് ചെയ്യുന്നതിനുപകരം, 2021 ജനുവരി 22 വരെ തുടർച്ചയായി താമസം നീട്ടി. ഹോട്ടലിന്റെ നയമനുസരിച്ച്, അതിഥിയുടെ കുടിശ്ശിക 72 മണിക്കൂർ കവിയുന്നുവെങ്കിൽ ജീവനക്കാർ സിഇഒയെയും എഫ്‌സിയെയും (ഫ്രണ്ട് ഓഫീസ് വകുപ്പ്) അറിയിക്കേണ്ടത് നിർബന്ധമാണ്. എന്നാൽ, അങ്കുഷ് ദത്ത വിവിധ തീയതികളിലായി നൽകിയ 10 ലക്ഷം, ഏഴ് ലക്ഷം, 20 ലക്ഷം എന്നിങ്ങനെ മൂന്ന് ചെക്കുകൾ ബൗൺസ് ആയി. ഈ നിർണായക വിവരത്തെക്കുറിച്ച് പ്രേം പ്രകാശ് മനഃപൂർവം മൗനം പാലിക്കുകയായിരുന്നുവെന്നാണ് ഹോട്ടൽ മാനേജ്മെന്റിന്റെ ആക്ഷേപം.
