കുട്ടികളോട് യുവാവ് ‘ചാടൂ ചാടൂ’ എന്ന് പറയുന്നുണ്ടായിരുന്നു. എന്നാൽ, ഒരു കുട്ടി മാത്രമാണ് പുറത്തേക്ക് ചാടിയത്. ഒരു കുട്ടി പുറത്തേക്ക് ചാടാതെ വന്നതോടെയാണ് യുവാവ് അകത്തേക്ക് ചെന്നത്.
സ്ഫോടനത്തെ തുടർന്ന് കത്തിക്കൊണ്ടിരിക്കുന്ന വീട്ടിൽ നിന്നും കുട്ടികളെ രക്ഷിക്കാനായി സ്വന്തം ജീവൻ അപകടത്തിലാക്കി രണ്ടാനച്ഛൻ. ക്ലീവ്‌ലാൻഡിൽ നിന്നുള്ള 30 -കാരനായ യുവാവാണ് കുട്ടികളെ രക്ഷിക്കാനായി കത്തിക്കൊണ്ടിരിക്കുന്ന വീട്ടിലേക്ക് ഓടിക്കയറിയത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഗാർഡൻ വാലി ഹൗസിംഗ് കോംപ്ലക്സിലാണ് അപകടം ഉണ്ടായത്. സംഭവത്തിൽ കോർഡേൽ ഷെഫീൽഡെന്ന യുവാവിന് ശരീരത്തിന്റെ 92 ശതമാനത്തിലധികം പൊള്ളലേറ്റതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
വൈകുന്നേരം 4:30 ഓടെയാണ് അപാർട്മെന്റിൽ സ്ഫോടനം നടന്നത്. ഉഗ്രസ്ഫോടനത്തിന്റെ ശക്തിയിൽ ഷെഫീൽഡ് അപ്പാർട്ട്മെന്റിൽ നിന്നും പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു എന്ന് യുവാവിന്റെ സഹോദരി സിയാറ അൽഖാവി പറയുന്നു. എന്നാൽ, അപ്പോഴും കുട്ടികൾ തീപിടിച്ച അപ്പാർട്മെന്റിന്റെ അകത്ത് തന്നെയാണ് എന്ന് മനസിലായപ്പോൾ ഷെഫീൽഡ് വീണ്ടും തീയിലൂടെ ഓടി അകത്തെത്തുകയായിരുന്നു.
കുട്ടികളോട് യുവാവ് ‘ചാടൂ ചാടൂ’ എന്ന് പറയുന്നുണ്ടായിരുന്നു. എന്നാൽ, ഒരു കുട്ടി മാത്രമാണ് പുറത്തേക്ക് ചാടിയത്. ഒരു കുട്ടി പുറത്തേക്ക് ചാടാതെ വന്നതോടെയാണ് യുവാവ് അകത്തേക്ക് ചെന്നത്. അങ്ങനെ യുവാവിന് ഗുരുതരമായി പൊള്ളലേൽക്കുകയായിരുന്നു. ശരീരത്തിൻറെ 92 ശതമാനവും പൊള്ളലേറ്റു എന്നും സഹോദരി പറയുന്നു.
ഇതിന്റെ അസ്വസ്ഥതയും വേദനയും ഉളവാക്കുന്ന വീഡിയോ പിന്നീട് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. താനും ആ വീഡിയോ കണ്ടിരുന്നു, എന്നാൽ ആ തീയിൽ പെട്ടത് തന്റെ സഹോദരനാണ് എന്ന് അറിഞ്ഞിരുന്നില്ല എന്ന് സഹോദരി സിയാറ പറയുന്നു.
ക്ലീവ്‍ലാൻഡ് ഫയർ ഡിപാർട്മെന്റും തീപിടുത്തത്തിന്റെ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. നിലവിൽ യുവാവ് ഗുരുതരാവസ്ഥയിലാണ്. നിരവധി സർജറികളും കഴിഞ്ഞു. ആറ് മാസമെങ്കിലും യുവാവിന് ആശുപത്രിയിൽ കഴിയേണ്ടി വരും. ഷെഫീൽഡ് രക്ഷിക്കാൻ ശ്രമിച്ച കുട്ടികൾ സുരക്ഷിതരായിരിക്കുന്നു എന്നും റിപ്പോർട്ടുകൾ പറയുന്നു.


