രണ്ട് മുറികളിലായി ഉറങ്ങുന്നത് തങ്ങളുടെ ഉറക്കം തന്നെ മെച്ചപ്പെടുത്തി എന്നും വിവാഹജീവിതം നന്നായി മുന്നോട്ട് പോകാൻ സഹായകരമായി എന്നുമാണ് അവർ പറയുന്നത്.

വിവാഹം കഴിഞ്ഞാൽ ഭർത്താവും ഭാര്യയും ഒരേ മുറിയിലാവണം കിടന്നുറങ്ങുന്നത്. അങ്ങനെയാണ് നമ്മുടെ നാട്ടിലെ ഒരു ചിന്താ​ഗതി. നമ്മുടെ നാട്ടിൽ മാത്രമല്ല, മിക്ക സ്ഥലത്തും അങ്ങനെ തന്നെയാണ്. ഭർത്താവും ഭാര്യയും രണ്ട് മുറികളിൽ ഉറങ്ങാൻ തുടങ്ങിയാൽ വിവാഹജീവിതം തകരാൻ പോകുന്നു എന്നാണ് പലരും കരുതുന്നത്. എന്നാൽ, അത് അങ്ങനെയല്ല എന്നാണ് ഈ യുവതി പറയുന്നത്. മാത്രമല്ല, 14 വർഷം നീണ്ടുനിന്ന തങ്ങളുടെ ഈ ബന്ധം തകരാതിരിക്കാൻ കാരണം പോലുമായിട്ടുണ്ട് ഈ രണ്ട് മുറിയിൽ ഉറങ്ങുന്ന ശീലം എന്നാണ് അവർ പറയുന്നത്.

ബ്രിട്ടീഷ് എഴുത്തുകാരിയും പോഡ്കാസ്റ്ററുമായ സോഫി പലുച്ച് ആണ് താനും ഭർത്താവും രണ്ട് മുറിയിലാണ് ഉറങ്ങുന്നത് എന്ന് പറയുന്നത്. പലരും ഇത് കേൾക്കുമ്പോൾ നെറ്റി ചുളിക്കാറുണ്ട് എന്നും സോഫി പറയുന്നുണ്ട്. എന്നാൽ, രണ്ട് മുറികളിലായി ഉറങ്ങുന്നത് തങ്ങളുടെ ഉറക്കം തന്നെ മെച്ചപ്പെടുത്തി എന്നും വിവാഹജീവിതം നന്നായി മുന്നോട്ട് പോകാൻ സഹായകരമായി എന്നുമാണ് അവർ പറയുന്നത്.

14 വർഷമായി സോഫിയും ഭർത്താവും ഒന്നിച്ച് ജീവിക്കുന്നു. അതിൽ വിവാഹിതരായിട്ട് ഒമ്പത് വർഷമായി. ഇരുവരും ആദ്യമായി കണ്ടുമുട്ടുന്ന സമയത്ത് മദ്യം കഴിച്ചില്ലെങ്കിൽ പോലും ഏത് സാഹചര്യത്തിലും താൻ ഉറങ്ങുമായിരുന്നു എന്ന് സോഫി പറയുന്നു. അതിനി, ഹോസ്റ്റലിലെ ഫയർ അലാറത്തിന് കീഴിലാണെങ്കിൽ പോലും. ഉറങ്ങുന്നതിന് മുമ്പ് വായിക്കുന്ന ശീലവും ഉണ്ടായിരുന്നു സോഫിക്ക്. എങ്ങനെ ആയാലും എട്ട് മണിക്കൂർ ഉറങ്ങുന്നു എന്ന് അവർ ഉറപ്പ് വരുത്തിയിരുന്നു.

എന്നാൽ, അവരുടെ ഭർത്താവ് നേരെ തിരിച്ചായിരുന്നു. ഇടയ്ക്കിടയ്ക്ക് ഉണരും. കൂർക്കം വലിക്കും അങ്ങനെ പോകുന്നു അത്. അങ്ങനെ സോഫിയുടെ ഉറക്കവും ശരിയാവാതെ വന്നു. പിന്നാലെ, തങ്ങൾ രണ്ട് മുറിയിലായി ഉറങ്ങാൻ തുടങ്ങി എന്നാണ് അവർ പറയുന്നത്. ഇത് ഉറക്കം മാത്രമല്ല തങ്ങളുടെ വിവാഹബന്ധവും മെച്ചപ്പെടുത്തി എന്നും സോഫി പറയുന്നു.

തങ്ങൾ വൈകുന്നേരങ്ങൾ ഒരുമിച്ച് ചെലവഴിക്കുന്നു. രാവിലെ ഒരുമിച്ച് കാപ്പി കുടിക്കുന്നു. ഉറക്കം മാത്രമാണ് രണ്ട് മുറികളിൽ. അത് തങ്ങളുടെ ബന്ധത്തെ പൊസിറ്റീവായിട്ട് മാത്രമേ സ്വാധീനിച്ചിട്ടുള്ളൂ എന്നും അവർ പറഞ്ഞു.