Asianet News MalayalamAsianet News Malayalam

കെച്ചപ്പും മഞ്ഞള്‍പ്പൊടിയും കഴിച്ച് 24 ദിവസം, കടലില്‍ കുടുങ്ങിയ യുവാവ് ഒടുവില്‍ രക്ഷപ്പെട്ടു!

''ഒരു കണ്ണാടിയാണ് എന്നെ രക്ഷപ്പെടുത്തിയത്. കണ്ണാടി ഉപയോഗിച്ച് ഞാന്‍ സൂര്യപ്രകാശത്തെ ആ വിമാനത്തിനു മുകളില്‍ പതിപ്പിക്കാന്‍ ശ്രമിച്ചു. വിമാന ജീവനക്കാര്‍ എങ്ങനെയോ അതു ശ്രദ്ധിച്ചു.'

Man survived on ketchup while lost at sea for 24 days
Author
First Published Jan 20, 2023, 7:47 PM IST

24 ദിവസങ്ങള്‍. ഡൊമിനിക്ക ഇന്‍ ദ കരീബിയന്‍ ദ്വീപിലെ ഒരു മല്‍സ്യ തൊഴിലാളി ഏകനായി കടലില്‍ കുടുങ്ങിയത് ഇത്രയും നാളുകളാണ്. രക്ഷപ്പെടുമെന്ന് ഒരുറപ്പുമില്ലാതിരുന്നിട്ടും ആരെങ്കിലും തന്നെ കണ്ടെത്തും എന്നുറപ്പിച്ച് മുങ്ങാറായ ബോട്ടില്‍ കഴിഞ്ഞ ഇയാള്‍ ഇരതയും ദിവസം ആകെ കഴിച്ചത് ബോട്ടിലുണ്ടായിരുന്ന അല്‍പ്പം കെച്ചപ്പും  മഞ്ഞള്‍പ്പൊടിയുമായിരുന്നു. കൊളംബിയന്‍ നാവിക സേന പുറത്തിറക്കിയ വീഡിയോയിലാണ്, ഈ മല്‍സ്യ തൊഴിലാളിയുടെ അസാധാരണമായ അതിജീവനത്തിന്റെ കഥ പറയുന്നത്. 

''എന്റെ കൈയില്‍ ഭക്ഷണം ഒന്നുമുണ്ടായിരുന്നില്ല. ബോട്ടിനകത്താണെങ്കില്‍ ഒരു കുപ്പി കെച്ചപ്പു മാരതമാണുണ്ടായിരുന്നത്. പിന്നെ അല്‍പ്പം  മഞ്ഞള്‍പ്പൊടിയും.  മഴവെള്ളം ശേഖരിച്ച്, കെച്ചപ്പ് അതില്‍ കലക്കി അല്‍പ്പം മഞ്ഞള്‍ പൊടിയുമിട്ടാണ് ഞാന്‍ കഴിച്ചു കൊണ്ടിരുന്നത്. അതു കൊണ്ടു മാത്രമാണ്, 24 ദിവസം തനിയെ ഞാന്‍ കടലില്‍ അതിജീവിച്ചത്.''-എല്‍വിസ് ഫ്രാങ്കോ എന്ന 47-കാരന്‍ വീഡിയോയില്‍ പറയുന്നു. 

കൊടുംവെയിലായിരുന്നതിനാല്‍ നിറജലീകരണം സംഭവിക്കാനുള്ള സാധ്യത ഏറെയായിരുന്നു. മഴവെള്ളം തുണികളില്‍ ശേഖരിച്ചാണ് അതില്‍നിന്നും രക്ഷപ്പെട്ടതെന്ന് ഇയാള്‍ പറയുന്നു.  ഏതെങ്കിലും ബോട്ടോ കപ്പലോ കാണുന്നതിനായി തന്റെ ബോട്ടിനു മുകളില്‍ 'സഹായം' എന്ന് വലിയ അക്ഷരത്തില്‍ എഴുതി വെച്ചിരുന്നു. എന്നാല്‍, ഒരാളും സഹായത്തിന് എത്താതെ ദിവസങ്ങള്‍ കടന്നുപോയി. അനേകം ബോട്ടുകളെയും കപ്പലുകളെയും അകലെ കണ്ടിരുന്നു. എന്നാല്‍, അവരാരും അയാളെ ശ്രദ്ധിക്കാതെ കടന്നു പോയി. 23-ാം ദിവസം ഒരു വിമാനമാണ് ഇയാളെ ഒടുവില്‍ കണ്ടെത്തിയത്. 

 

Man survived on ketchup while lost at sea for 24 days

 

''ഒരു കണ്ണാടിയാണ് എന്നെ രക്ഷപ്പെടുത്തിയത്. കണ്ണാടി ഉപയോഗിച്ച് ഞാന്‍ സൂര്യപ്രകാശത്തെ ആ വിമാനത്തിനു മുകളില്‍ പതിപ്പിക്കാന്‍ ശ്രമിച്ചു. വിമാന ജീവനക്കാര്‍ എങ്ങനെയോ അതു ശ്രദ്ധിച്ചു. അവര്‍ എന്റെ ബോട്ടിനു മുകളിലൂടെ പറന്നു. അതിനുശേഷം നാവിക സേനയെ വിവരമറിയിച്ചു. അങ്ങനെയാണ്, എന്റെ രക്ഷപ്പെടലിനുള്ള വഴിയൊരുങ്ങിയത്.''-വീഡിയോയില്‍ ഫ്രാങ്കോ പറയുന്നു. 

പ്യൂവര്‍ട്ടോ ബൊലിവറില്‍നിന്ന് 120 നോട്ടില്‍ മൈല്‍ തെക്ക് പടിഞ്ഞാറായാണ് ഇയാളെ അവസാനം കണ്ടെത്തിയതും നാവിക സേനാ ബോട്ടുകള്‍ രക്ഷപ്പെടുത്തിയതും. 

''24 ദിവസങ്ങള്‍. കര കാണാനില്ല. സംസാരിക്കാന്‍ ആരുമില്ല. എന്ത് ചെയ്യണമെന്നറിയില്ല. എവിടെയാണെന്നും ഒരു പിടിയുമില്ല. കടുപ്പം തന്നെയായിരുന്നു ആ അനുഭവം. ഇടയ്ക്ക് ഞാന്‍ പ്രതീക്ഷകള്‍ കൈവിട്ടുപോയി. എന്നാല്‍, കാത്തിരിക്കുന്ന കുടുംബത്തെ കുറിച്ച് ആലോചിച്ചപ്പോള്‍ പ്രതീക്ഷ ഞാന്‍ തിരിച്ചു പിടിച്ചു.''ഫ്രാങ്കോ പറയുന്നു. 

തീരത്തോട് അടുത്ത് ഒരു ബോട്ടിന്റെ അറ്റകുറ്റപ്പണി നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് ഫ്രാങ്കോ ആഴക്കടലിനുള്ളില്‍ പെട്ടുപോയതെന്ന് നാവിക സേന വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. പെട്ടെന്ന് പ്രകൃതി ക്ഷോഭിക്കുകയും ഫ്രാങ്കോയും ബോട്ടും കരകാണാക്കടലിലേക്ക് എത്തപ്പെടുകയുമായിരുന്നു. നാവിഗേഷന്‍ ഉപകരണങ്ങള്‍ ഒന്നുമില്ലാത്തതിനാല്‍, രക്ഷപ്പെടാന്‍ അയാളുടെ മുന്നില്‍ ഒരു വഴിയുമുണ്ടായിരുന്നില്ല. അങ്ങനെയാണ്, രക്ഷകരെ കാത്ത്, 24 ദിവസം അയാള്‍ക്ക് ്കടലില്‍ കഴിയേണ്ടി വന്നത്. 
 

Follow Us:
Download App:
  • android
  • ios