ഷെയർ ചെയ്ത് വളരെ പെട്ടെന്ന് തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറി. അനേകം പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്.

ബെം​ഗളൂരുവിൽ റോഡിൽ നടന്ന അതിനാടകീയമായൊരു സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത് പൊലീസ്. ഹെന്നൂർ മെയിൻ റോഡിലെ ലിംഗരാജ്പുരം ഫ്ലൈഓവർ അണ്ടർബ്രിഡ്ജിന് സമീപത്ത് വച്ച് ഒരാൾ യാത്രക്കാരെ കത്തിവച്ച് ഭീഷണിപ്പെടുത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇതുവഴി യാത്ര ചെയ്യുകയായിരുന്ന ഒരാളാണ് വീഡിയോ പകർത്തിയിരിക്കുന്നത്. ഒരു ​ഗുഡ്സ് വാഹനത്തിന്റെ ഡ്രൈവർ കത്തിയുമായി നിൽക്കുന്നയാളെ തടയാൻ ശ്രമിച്ചെങ്കിലും വാഹനത്തിന് കേടുപാടുകൾ വരുത്തിയ ശേഷം ഇയാൾ സ്കൂട്ടറിൽ ഒരു സുഹൃത്തിനോടൊപ്പം രക്ഷപ്പെടുകയായിരുന്നു.

എന്തായാലും, വീഡിയോയുടെ അവസാനഭാ​ഗത്ത് പറയുന്നത് ഇയാൾക്കെതിരെ കേസ് എടുത്തിട്ടുണ്ട് എന്നാണ്. പരാതിയുടെ പകർപ്പും പൊലീസ് ഷെയർ ചെയ്തിരിക്കുന്ന വീഡിയോയിൽ കാണാം. 2025 സെപ്റ്റംബർ 4 -ന് ലിംഗരാജ്പുരം ഫ്ലൈഓവറിന് സമീപത്താണ് സംഭവം നടന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. അന്നേ ദിവസം തന്നെ രാത്രി 10.15 നാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തീർന്നില്ല, വീഡിയോയുടെ ഏറ്റവും ഒടുവിലായി യുവാവിന്റെ ചിത്രവും കാണാം. അറസ്റ്റിന് ശേഷം എടുത്ത ചിത്രമായിരിക്കാം ഇത് എന്നാണ് കരുതുന്നത്.

റോഡിലെ ഇത്തരം പ്രവൃത്തികൾ നിങ്ങളെ കുഴപ്പത്തിലാക്കും. ആയുധം കയ്യിൽ വയ്ക്കുക, പ്രശ്നങ്ങൾ സൃഷ്ടിക്കുക, മോശമായി പെരുമാറുക ഇവയ്ക്കൊന്നും ബെം​ഗളൂരു ന​ഗരത്തിൽ സ്ഥാനമില്ല. ഇങ്ങനെ വല്ലതും കണ്ടാൽ 112 -ൽ വിളിക്കണം എന്നും പൊലീസ് കുറിച്ചിരിക്കുന്നത് കാണാം. സുരക്ഷിതമായി വാഹനമോടിക്കാനും ഇത്തരം പെരുമാറ്റങ്ങൾ ഒഴിവാക്കാനും പൊലീസ് വീഡിയോയുടെ കാപ്ഷനിൽ പറയുന്നുണ്ട്.

View post on Instagram

ഷെയർ ചെയ്ത് വളരെ പെട്ടെന്ന് തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറി. അനേകം പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. റോഡിൽ ഇത്തരത്തിൽ പെരുമാറുന്നവർക്കെതിരെ കർശന നടപടികൾ തന്നെ സ്വീകരിക്കണമെന്നാണ് പലരും അഭിപ്രായപ്പെട്ടത്.