Asianet News MalayalamAsianet News Malayalam

ഗുഹയ്ക്കകത്തേക്ക് വീണു, കുടുങ്ങിക്കിടന്നത് 54 മണിക്കൂര്‍, ഇന്ന് തന്നെ രക്ഷിച്ച അതേ സംഘത്തില്‍ അംഗമായി യുവാവ്

പുറത്തേക്കുള്ള വഴിയെത്തിയപ്പോഴുണ്ടായ ആശ്വാസം പറഞ്ഞറിയിക്കാനാവില്ല എന്ന് അദ്ദേഹം പറയുന്നു. പുറത്തെത്തിയപ്പോള്‍ നിറയെ ആളുകളും മാധ്യമങ്ങളും ഒക്കെ ഉണ്ടായിരുന്നു. പിന്നീട് ആംബുലന്‍സില്‍ നേരെ ആശുപത്രിയിലേക്ക്.

man trapped in cave 54 hours now member in rescue team that saved him
Author
Brecon Beacons, First Published Jan 26, 2022, 1:15 PM IST

കഴിഞ്ഞ നവംബറിലാണ് ജോര്‍ജ് ലിനന്‍(George Linnane) എന്ന യുവാവ് ഒരു ഗുഹായാത്രക്കിടെ അപകടത്തില്‍ പെടുന്നത്. നീണ്ട 54 മണിക്കൂറാണ് അയാള്‍ക്ക് ഗുഹയ്ക്കകത്ത് ജീവിതത്തിനും മരണത്തിനും ഇടയില്‍ ചെലവഴിക്കേണ്ടി വന്നത്. താനിനി ജീവനോടെ മടങ്ങില്ലെന്ന് തന്നെയാണ് അയാള്‍ കരുതിയിരുന്നത്. എന്നാല്‍, രക്ഷാസേനയെത്തി ഇയാളെ രക്ഷിച്ചു. ഇപ്പോള്‍, തന്നെ അവര്‍ രക്ഷിച്ചതുപോലെ മറ്റുള്ളവരെ തനിക്കും രക്ഷിക്കണമെന്ന ആഗ്രഹത്തോടെ ലിനനും രക്ഷാസംഘത്തില്‍ അംഗമായിരിക്കുകയാണ്. 

നവംബറിൽ ബ്രെക്കൺ ബീക്കൺസിലെ, ഒഗോഫ് ഫിന്നോൺ ഡു ഗുഹാ സംവിധാനത്തിൽ(Ogof Ffynnon Ddu cave system) വീണു കൈയും വാരിയെല്ലും താടിയെല്ലും ഒടിഞ്ഞ ജോർജ് ലിനനെ രക്ഷപ്പെടുത്താൻ രാജ്യത്തുടനീളമുള്ള 300 ഓളം സന്നദ്ധപ്രവർത്തകർ വേണ്ടി വന്നു. 54 മണിക്കൂർ നീണ്ട ഓപ്പറേഷൻ വെൽഷ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഗുഹാരക്ഷാദൗത്യമായിരുന്നു. അന്ന് 38 -കാരനായ യുവാവ് ബിബിസിയോട് പറഞ്ഞത് "ജീവിച്ചിരിക്കുന്നതിൽ തന്നെ ഭാഗ്യം" എന്നാണ്. എന്നാല്‍, ആ അപകടം അയാളെ അത്തരം സാഹസികയാത്രകളില്‍ നിന്നും പിന്തിരിപ്പിച്ചില്ല. എഞ്ചിനീയര്‍ കൂടിയായ യുവാവ് പറഞ്ഞത് എത്രയും വേഗം അത്തരം യാത്രകളിലേക്ക് മടങ്ങാന്‍ താന്‍ ആഗ്രഹിക്കുന്നു എന്നാണ്. 

അദ്ദേഹത്തെ രക്ഷിക്കാനുള്ള ഓപ്പറേഷൻ ഏകോപിപ്പിച്ച സൗത്ത്, മിഡ് വെയിൽസ് കേവ് റെസ്ക്യൂ ടീമിന് വേണ്ടി സന്നദ്ധസേവനം നടത്താൻ അദ്ദേഹം രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ് ഇപ്പോള്‍, "എന്‍റെ അതേ അവസ്ഥയില്‍ ആരെങ്കിലും പെട്ടാല്‍ എനിക്കവരെ സഹായിക്കാമല്ലോ" എന്നാണ് യുവാവ് അതേക്കുറിച്ച് പറയുന്നത്. 

പെൻ‌വിൽ‌റ്റിനടുത്തുള്ള ആഴത്തിലുള്ള ഗുഹാസംവിധാനത്തിലേക്ക് ആറ് മണിക്കൂർ യാത്ര നടത്താനായി ഒരു ചെറിയ സംഘത്തോടൊപ്പം നവംബർ 6 -ന് രാവിലെയാണ് ലിനന്‍ പുറപ്പെട്ടത്. എന്നാൽ, പരിചയസമ്പന്നനായിരുന്നിട്ടും ലിനന്‍ ഗുഹയ്ക്കകത്തേക്ക് വീണു, ഉണർന്നപ്പോൾ അയാൾക്ക് അനങ്ങാൻ കഴിഞ്ഞില്ല. ശരീരത്തില്‍ എല്ലായിടത്തുമെന്നോണം പരിക്കേറ്റു. “ഞാൻ ആ സമയത്ത് വേദനകൊണ്ട് നിലവിളിക്കുകയായിരുന്നു” അദ്ദേഹം പറഞ്ഞു. 

ഒരു സുഹൃത്ത് അപകടത്തെ കുറിച്ച് അറിയിക്കാന്‍ പോയപ്പോൾ, മറ്റൊരാൾ അവിടെ നിന്ന് അയാളുറങ്ങാതിരിക്കാനായി മണിക്കൂറുകളോളം സംസാരിച്ചു. അയാള്‍ ബോധത്തിനും അബോധത്തിനും ഉറക്കത്തിനും ഉണര്‍വ്വിനുമിടയില്‍ സഞ്ചരിച്ചു. രക്ഷപ്പെടുമെന്ന് ഒരുറപ്പും ഇല്ലായിരുന്നു. ആദ്യത്തെ സംഘം എത്തിയപ്പോഴാണ് രക്ഷപ്പെടാനൊരു ചാന്‍സുണ്ട് എന്ന തോന്നല്‍ പോലുമുണ്ടാവുന്നത്. രാജ്യത്തുടനീളമുള്ള രക്ഷാപ്രവർത്തകർ അദ്ദേഹത്തിന്റെ സഹായത്തിനെത്തി. അതില്‍, പരിചിതമായ മുഖങ്ങൾ കണ്ടതായി തനിക്ക് ഓർമ്മയുണ്ടെന്ന് ലിനൻ പറഞ്ഞു. ലിനനെ രക്ഷപ്പെടുത്തിയെടുക്കാന്‍ അവർ 43.5 മൈൽ താഴേക്കിറങ്ങി. രക്ഷപ്പെടുത്തിയ ശേഷം അവനെ ഒരു വിശാലമായ പ്രദേശത്തെത്തിച്ചു. തണുത്ത് മരവിച്ചിരുന്ന ശരീരം ചൂടാക്കാനായി ടെന്‍റിനുള്ളിലാക്കി. സ്‌ട്രെച്ചറിൽ അദ്ദേഹത്തെ രക്ഷാപ്രവർത്തകർ ഗുഹയിൽ നിന്ന് പുറത്തെത്തിച്ചു. മൊത്തത്തില്‍ രണ്ടുദിവസത്തിലധികമാണ് ഇതിനൊക്കെ കൂടിയെടുത്തത്. 

പുറത്തേക്കുള്ള വഴിയെത്തിയപ്പോഴുണ്ടായ ആശ്വാസം പറഞ്ഞറിയിക്കാനാവില്ല എന്ന് അദ്ദേഹം പറയുന്നു. പുറത്തെത്തിയപ്പോള്‍ നിറയെ ആളുകളും മാധ്യമങ്ങളും ഒക്കെ ഉണ്ടായിരുന്നു. പിന്നീട് ആംബുലന്‍സില്‍ നേരെ ആശുപത്രിയിലേക്ക്. കേവിംഗ് സ്വതവേ സുരക്ഷിതമായ സ്പോര്‍ട്സാണ് എന്നാണ് എന്നിട്ടും ലിനന്‍റെ അഭിപ്രായം. ഇതുപോലെയുള്ള അപകടങ്ങള്‍ വല്ലപ്പോഴും മാത്രമേ സംഭവിക്കാറുള്ളൂ എന്നും ലിനന്‍ പറയുന്നു. ഏതായാലും അങ്ങനെ ആരെങ്കിലും അപകടത്തില്‍ പെട്ടാല്‍ സഹായിക്കാനുള്ള ദൗത്യത്തില്‍ പങ്കാളിയാകാനുള്ള ശ്രമത്തിലാണ് ഇന്ന് ലിനന്‍. 

Follow Us:
Download App:
  • android
  • ios