ഈ വിചിത്രമായ കൂടിക്കാഴ്ച വീഡിയോയിൽ പകർത്തിയത് സോഫിയുടെ ഭർത്താവ് ബൊട്ടാമൈൻ തന്നെയാണ്.
പ്രണയിനിയെ കാണാൻ വേണ്ടി എന്തും ചെയ്യുന്ന കാമുകൻമാർ എക്കാലവും ഉണ്ടായിട്ടുണ്ട്. അതുപോലെ തന്റെ കാമുകിയെ കാണുന്നതിന് വേണ്ടി ഏകദേശം 500 മൈൽ സഞ്ചരിച്ച് ചെന്നെത്തിയ ഒരു യുവാവിനുണ്ടായ വൻ അമളിയാണ് ഇപ്പോൾ വാർത്തയാവുന്നത്. ബെൽജിയത്തിലാണ് സംഭവം. ഒരു ഫ്രഞ്ച് മോഡലായിരുന്നു യുവാവിന്റെ ഈ ഭാവിവധു.
മൈക്കൽ എന്ന യുവാവാണ് തന്റെ ഭാവി വധുവാണ് എന്ന് വിശ്വസിച്ച് ഫ്രഞ്ച് മോഡൽ സോഫി വൗസെലോഡിനെ കാണാനായി മാത്രം 472 മൈൽ (760 കിമി) ഡ്രൈവ് ചെയ്തത്. എന്നാൽ, ആ യാത്ര അവസാനിച്ചത് അത്ര നല്ല രീതിയിൽ അല്ല. കടുത്ത നിരാശയിലാണ്. സോഫിയെ കാണാൻ വേണ്ടി ചെന്ന മൈക്കലിനെ അവിടെ അവരുടെ വീട്ടുവാതിൽക്കൽ എതിരേറ്റത് സോഫിയുടെ ഭർത്താവായ 38 -കാരൻ ഫാബിയൻ ബൗട്ടെമിൻ ആണ്.
ഈ വിചിത്രമായ കൂടിക്കാഴ്ച വീഡിയോയിൽ പകർത്തിയത് സോഫിയുടെ ഭർത്താവ് ബൊട്ടാമൈൻ തന്നെയാണ്. 'ഒരാൾ ഡോർബെൽ അടിച്ചു, താൻ സോഫി വൗസ്ലോഡിന്റെ ഭാവി ഭർത്താവാണ് എന്നാണ് അയാൾ പറഞ്ഞുകൊണ്ടിരിക്കുന്നത്, മിക്കവാറും ഇവിടെ ഒരു ഏറ്റുമുട്ടലുണ്ടാവും. കാരണം ഞാൻ സോഫിയുടെ ഇപ്പോഴത്തെ ഭർത്താവാണ്' എന്നാണ് ബൊട്ടാമൈൻ പറയുന്നത്.
എന്നാൽ, എന്താണ് ശരിക്കും സംഭവിച്ചത് എന്ന് ബൊട്ടാമൈൻ അറിയാൻ ശ്രമിക്കുന്നുണ്ട്. സത്യത്തിൽ ആരോ സോഫിയുടെ വ്യാജ അക്കൗണ്ടുണ്ടാക്കിതിലാണ് മൈക്കലിനെ പറ്റിച്ചിരിക്കുന്നത്. മൈക്കലിനെ കുറിച്ച് സങ്കടമുണ്ട് എന്നാണ് ബൊട്ടാമൈൻ പറയുന്നത്. ഫേക്ക് അക്കൗണ്ടുകളെ ശ്രദ്ധിക്കണം എന്നും എല്ലാവരും ജാഗ്രതയോടെയിരിക്കുന്നതിന്റെ ആവശ്യകത അറിയിക്കുന്നതിന് വേണ്ടിയാണ് താൻ ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത് എന്നും ബൊട്ടാമൈൻ പറയുന്നു.
മൈക്കൽ ആദ്യം പറഞ്ഞത് സോഫി തന്നെ പറ്റിച്ചു എന്ന് തന്നെയാണ്. എന്നാൽ, പിന്നീട് സോഫിയുടെ ഭർത്താവ് അത് മറ്റാരോ ആണെന്നും ഫേക്ക് അക്കൗണ്ടാണ് എന്നും മൈക്കലിനെ ബോധ്യപ്പെടുത്തി. എന്നാൽ, ഇത് മാത്രമല്ല സോഫിയാണ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ആൾ പറഞ്ഞ അക്കൗണ്ടിലേക്ക് മൈക്കൽ $35,000 (30,16,576.50 രൂപ) അയക്കുകയും ചെയ്തത്രെ.


