മീറ്റ് പ്രൊഡക്ട് കാനുകൾക്ക് മീതെ മൂത്രമൊഴിച്ച് ഒന്നും സംഭവിക്കാത്തത് പോലെ അവിടെ നിന്നും നടന്ന് മറ്റ് ഉത്പ്പന്നങ്ങൾ വച്ച സ്ഥലത്തേക്ക് നീങ്ങുകയായിരുന്നു ഇയാള്‍ എന്നും റിപ്പോർട്ടുകൾ പറയുന്നു.
ഒമ്പത് ലക്ഷം വില വരുന്ന ഇറച്ചി ഉത്പ്പന്നങ്ങൾക്ക് മീതെ മൂത്രമൊഴിച്ചു, ഫ്ലോറിഡയിൽ 70 -കാരൻ അറസ്റ്റിൽ. അടച്ചു സൂക്ഷിച്ചിരിക്കുന്ന $10,500 -ലധികം വില വരുന്ന ഇറച്ചി ഉത്പ്പന്നങ്ങൾക്ക് മുകളിലാണ് ഇയാൾ മൂത്രമൊഴിച്ചത്. സാംസ് ക്ലബ്ബ് സ്റ്റോറിലാണ് സംഭവം.
റിപ്പോർട്ട് അനുസരിച്ച്, ഒർലാൻഡോയ്ക്കടുത്തുള്ള ലേഡി ലേക്ക് നഗരത്തിലെ കടയിലാണത്രെ ഈ സംഭവം നടന്നത്. പാട്രിക് ഫ്രാൻസിസ് മിച്ചൽ എന്ന 70 -കാരനെയാണ് സംഭവത്തെ തുടർന്ന് അറസ്റ്റ് ചെയ്തത്. ഇയാൾ കടയിൽ ഈ ഉൽപ്പന്നങ്ങൾ വിൽക്കാൻ വച്ചിരിക്കുന്നിടത്ത് നിൽക്കുന്നത് ഇവിടുത്തെ സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. സ്പാം, വിയന്ന സോസേജുകൾ അടുക്കി വച്ചിരിക്കുന്ന അലമാരയ്ക്കടുത്ത് ചെന്ന് നിൽക്കുകയായിരുന്നു ഇയാൾ ആദ്യം ചെയ്തത്.
പിന്നീട് കുറച്ച് നേരം അവിടെ അനങ്ങാതെ നിന്നു. ശേഷം മീറ്റ് പ്രൊഡക്ട് കാനുകൾക്ക് മീതെ മൂത്രമൊഴിച്ച് ഒന്നും സംഭവിക്കാത്തത് പോലെ അവിടെ നിന്നും നടന്ന് മറ്റ് ഉത്പ്പന്നങ്ങൾ വച്ച സ്ഥലത്തേക്ക് നീങ്ങുകയായിരുന്നു എന്നും റിപ്പോർട്ടുകൾ പറയുന്നു.
മരിയോൺ കൗണ്ടി ഡിറ്റക്ടീവ് റോണി വില്യംസ് തന്റെ റിപ്പോർട്ടിൽ പറഞ്ഞത്, ഇയാൾ പ്രൊഡക്ടുകളിൽ മൂത്രമൊഴിച്ചു എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല എന്നാണ്. ഇതിന്റെ ഫലമായി, വിയന്ന സോസേജുകളുടെ 188 ബൾക്ക് യൂണിറ്റുകളും സ്പാം ക്ലാസിക്കിന്റെ 345 യൂണിറ്റുകളും വിൽക്കാൻ സാധിക്കില്ല എന്ന അവസ്ഥയിലായത്രെ. അവസാനം കടയുടമയ്ക്ക് ഈ ഉത്പന്നങ്ങൾ മുഴുവനും കളയേണ്ടുന്ന അവസ്ഥയായി. ഇതിന്റെ ഫലമായി ഒമ്പത് ലക്ഷം രൂപയുടെ നഷ്ടം കടയുടമയ്ക്ക് വന്നു.
എന്നാൽ, മൂത്രമൊഴിച്ച ശേഷം മിച്ചൽ അവിടെ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചൊന്നുമില്ല. അതിന് ശേഷം സ്നാക്സുകൾ വച്ചിരിക്കുന്ന സെക്ഷനുകളിലും മറ്റും പോയി. കൗണ്ടറിൽ പോയി അയാൾ വാങ്ങിയിരുന്ന സാധനങ്ങളുടെ പണവും അടച്ച ശേഷമാണ് അവിടെ നിന്നും പോയത്.
നഗരത്തിലെ ഒരു റിട്ടയർമെന്റ് ഹോമിൽ ഭാര്യയ്ക്കൊപ്പം കഴിയുകയാണ് മിച്ചൽ. അറസ്റ്റിന് ശേഷം $3,000 ബോണ്ടിന് മിച്ചലിനെ പിന്നീട് വിട്ടയച്ചു.


