സുഹൃത്തിനെ വിശ്വസിച്ച് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാൻ നൽകിയ യുവാവിന് നഷ്ടമായത് 3.5 ലക്ഷം രൂപ. പണം തിരികെ നൽകാമെന്ന് വാക്ക് നൽകി മുങ്ങിയ സുഹൃത്ത് ഇതൊരു സ്ഥിരം തട്ടിപ്പ് പരിപാടിയായി തുടരുന്നയാളാണെന്ന് പിന്നീട് വ്യക്തമായി. സാമ്പത്തിക സമ്മർദ്ദത്തിലായ യുവാവ് നിയമനടപടികൾക്കൊരുങ്ങുകയാണ്.
സുഹൃത്തിനെ വിശ്വസിച്ച് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാൻ നൽകിയതിന് പിന്നാലെ 3.5 ലക്ഷം രൂപയുടെ ബാധ്യതയിൽപ്പെട്ടു പോയെന്ന് ഒരു യുവാവ് സമൂഹ മാധ്യമത്തിലെഴുതിയ അനുഭവം വലിയ ചർച്ചകൾക്കാണ് വഴി തുറന്നത്. മുംബൈയിൽ ഇവന്‍റ് മാനേജറായി ജോലി ചെയ്യുന്ന സുഹൃത്താണ് കാർഡ് ഉപയോഗിച്ചതെന്നാണ് റെഡ്ഡിറ്റിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്. സംഭവത്തെ തുടർന്ന് പണം തിരികെ ലഭിക്കാത്തതിനാൽ കാർഡ് ഉടമ നിയമപരമായ മാർഗങ്ങൾ തേടുകയാണെന്നും കുറിപ്പിൽ വിശദമാക്കുന്നു.
3.5 ലക്ഷത്തിന്‍റെ ബാധ്യത
സുഹൃത്ത് മുമ്പും തന്‍റെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചിരുന്നെന്നും ഓരോ തവണയും പണം കൃത്യമായി തിരിച്ചടച്ചിരുന്നതായും യുവാവ് പറയുന്നു. ഈ വിശ്വാസത്തിലാണ് ഇത്തവണയും കാർഡ് ഉപയോഗിക്കാൻ അനുവദിച്ചിരുന്നത്. എന്നാൽ, അന്താരാഷ്ട്ര യാത്രയ്ക്കുള്ള വിമാന ടിക്കറ്റുകൾ, യാത്രയ്ക്കിടയിലെ മറ്റ് ചെലവുകൾ, നേരത്തെയുള്ള ചില വാങ്ങലുകൾ എന്നിവ ഉൾപ്പെടെ ആകെ ഏകദേശം 3.5 ലക്ഷം രൂപയുടെ ഇടപാടുകളാണ് ഇത്തവ സുഹൃത്ത് നടത്തിയതെന്നും യുവാവ് കുറിപ്പിൽ ആരോപിച്ചു. ആദ്യഘട്ടത്തിൽ പണം തിരിച്ചുനൽകാമെന്ന് സുഹൃത്ത് ഉറപ്പ് നൽകിയിരുന്നു. പണം കൈമാറാനുള്ള ശ്രമത്തിലാണെന്നും എന്നാൽ കുറച്ച് കൂടി ദിവസം കാത്തിരിക്കണമെന്നും സുഹൃത്ത് പറഞ്ഞതായും കുറിപ്പിൽ പറയുന്നു. എന്നാൽ, ദിവസങ്ങൾ കഴിഞ്ഞപ്പോൾ വിളിച്ചിട്ട് പോലും ഫോൺ കോളുകൾക്ക് മറുപടി ഇല്ലാതായി. സന്ദേശങ്ങൾക്ക് പോലും പ്രതികരണമില്ലാതായെന്നും കുറിപ്പിൽ പറയുന്നു.
'സജീവം, പക്ഷേ തന്‍റെ ഫോൺ എടുക്കുന്നില്ല!'
അതേസമയം, സോഷ്യൽ മീഡിയയിൽ എഴുത്തും ചിത്രങ്ങളുമായി സുഹൃത്ത് സജീവമാണെന്നും പുറത്ത് പാർട്ടികളിൽ പങ്കെടുക്കുകയും ചെയ്യുന്നുണ്ടെന്നും യുവാവ് ആരോപിച്ചു. ഇതേ കാരണത്താൽ മറ്റൊരു സുഹൃത്ത് വഴി ബന്ധപ്പെട്ടാൻ ശ്രമിച്ചെങ്കിലും അതും നടന്നില്ലെന്നും കുറിപ്പിൽ പറയുന്നു. പിന്നാലെ ക്രെഡിറ്റ് കാർഡിന്‍റെ ബിൽ അടയ്ക്കേണ്ട സമയമായതോടെ സാമ്പത്തിക സമ്മർദം രൂക്ഷമായെന്നും തന്‍റെ സ്വസ്ഥത നഷ്ടമായെന്നും യുവാവ് കുറിച്ചു. ഡിസംബറിൽ തന്‍റെ വിവാഹം നടക്കാനിരിക്കെ 3.5 ലക്ഷം രൂപയുടെ ഈ അധിക ബാധ്യത കൂടി താങ്ങാനാകില്ലെന്നും യുവാവ് എഴുതി. ഇടപാടുകളുടെ രേഖകളും പണം തിരിച്ചുനൽകുന്നതുമായി ബന്ധപ്പെട്ട സന്ദേശങ്ങളും തന്‍റെ കൈവശമുണ്ടെന്നും വ്യക്തമാക്കി അദ്ദേഹം എന്താണ് ചെയ്യേണ്ടതെന്ന ഉപദേശം സമൂഹ മാധ്യമ ഉപയോക്താക്കളോടായി ചോദിച്ചു.
ഇതൊരു സ്ഥിരം പരിപാടി
പിന്നീടൊരു കൂട്ടിച്ചേർക്കലായി, തന്‍റെ സുഹൃത്തിനെ കുറിച്ച് മറ്റ് പല സുഹൃത്തുക്കളോടും ചോദിച്ചെന്നും അവരിൽ നിന്നും സമാനമായ രീതിയിൽ വിശ്വാസം നേടിയ ശേഷം പണം തട്ടിയിട്ടുണ്ടെന്നും വ്യക്തമായെന്നും ഇത് സുഹൃത്തിന്‍റെ ഒരു സ്ഥിരം പണം തട്ടൽ പരിപാടിയാണെന്നും യുവാവ് എഴുതി. എന്നാൽ, അതേസമയം തന്നെ ഒരു സമൂഹ മാധ്യമ അക്കൗണ്ടുകളിൽ നിന്ന് അൺഫോളോ ചെയ്യുകയോ, ബ്ലോക്ക് ചെയ്യുകയോ ചെയ്തിട്ടില്ലെന്നും യുവാവ് ചൂണ്ടിക്കാട്ടി.
നിയമപരമായി നീങ്ങുക
യുവാവിന്‍റെ കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ നിരവധി പേരാണ് ഉപദേശങ്ങളുമായി രംഗത്തെത്തിയത്. യുവാവിനെതിരെ നിയമപരമായി നീങ്ങണമെന്നായിരുന്നു പലരും കുറിച്ചത്. നിയമനോട്ടീസ് അയയ്ക്കുന്നതടക്കമുള്ള മാർഗങ്ങൾ സ്വീകരിക്കണമെന്നും ചിലർ എഴുതി. അതേസമയം, മറ്റൊരാൾക്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാൻ നൽകിയത് തന്നെ വലിയ തെറ്റായിരുന്നെന്നും ആരെയും കണ്ണടച്ച് വിശ്വസിക്കരുതെന്നും മറ്റ് ചിലർ ചൂണ്ടിക്കാട്ടി.


