ജോലിസ്ഥലത്തെ സിഗരറ്റ് പുകയുടെ ഗന്ധം അസഹനീയമായതിനെ തുടർന്ന് ജാൻഹവി ചാവഡ എന്ന യുവതി ജോലി രാജിവെച്ചു. തന്‍റെ രാജിക്കത്ത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ, ജോലിസ്ഥലത്തെ പുകവലി നിയന്ത്രണങ്ങളെയും ജീവനക്കാരുടെ അവകാശങ്ങളെയും കുറിച്ച് വലിയ ചർച്ചകൾക്ക് ഇത് വഴിവെച്ചു.

ജോലി സ്ഥലത്തെ സിഗരറ്റ് പുകയുടെ ഗന്ധം സഹിക്കാനാകാത്തതിനെ തുടർന്ന് ജോലി രാജിവെച്ച യുവതിയുടെ നടപടി സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായി. ജാൻഹവി ചാവഡ എന്ന യുവതിയാണ് ഓഫീസിലെ സിഗരറ്റ് പുകയുടെ പ്രശ്നം ചൂണ്ടിക്കാട്ടി രാജിക്കത്ത് നൽകിയത്. ഓഗസ്റ്റ് 25 ആണ് തന്‍റെ അവസാന ജോലി ദിവസമെന്ന് വ്യക്തമാക്കുന്ന രാജിക്കത്തിന്‍റെ സ്ക്രീൻഷോട്ട് എക്സിൽ പങ്കുവെച്ചു കൊണ്ടാണ് അവർ തന്‍റെ രാജി വെളിപ്പെടുത്തിയത്.

'അസഹനീയം ആ പുക മണം'

“സിഗരറ്റിന്‍റെ മണം എനിക്ക് ഒട്ടും സഹിക്കാനാകില്ല. പരമാവധി പൊരുത്തപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല” എന്ന് ജാൻഹവി രാജിക്കത്തിൽ വ്യക്തമാക്കി. ജോലിസ്ഥലത്തെ പുകവലി മൂലം താൻ നേരിടുന്ന ബുദ്ധിമുട്ട് വ്യക്തമാക്കുന്നതിനൊപ്പം, പുകയില, പുക എന്നിവ ശരീരത്തിലുണ്ടാക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള വിവരങ്ങളും അവർ പോസ്റ്റിനൊപ്പം പങ്കുവെച്ചു. സിഗരറ്റ് പുകയിലെ ചെറിയ തോതിലുള്ള എക്സ്പോഷർ പോലും ശ്വാസനാളത്തിൽ അസ്വസ്ഥതയുണ്ടാക്കാമെന്നും ചിലരിൽ നെഞ്ചിൽ അസ്വസ്ഥത അനുഭവപ്പെടാമെന്നും ജാൻഹവി എഴുതി. മൂക്ക്, തൊണ്ട, ശ്വാസനാളം എന്നിവിടങ്ങളിൽ പ്രകോപനം ഉണ്ടാകാനും ചിലരിൽ ശ്വാസനാളത്തിന് ചുറ്റുമുള്ള പേശികൾ മുറുകാനും സാധ്യതയുണ്ടെന്നും കുറിപ്പിൽ അവരെഴുതി.

രണ്ടുപക്ഷവു പിടിച്ച് നെറ്റിസെൺസ്

രാജിവെച്ച തീരുമാനം പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ അനുകൂലിച്ചും വിമർശിച്ചും പ്രതികരണങ്ങളെത്തി. ആരോഗ്യത്തിനും മാനസികസുഖത്തിനും പ്രാധാന്യം നൽകി ജോലി ഉപേക്ഷിച്ചത് ശരിയായ തീരുമാനമാണെന്ന് ചിലർ അഭിപ്രായപ്പെട്ടു. പുകവലി പ്രശ്നം ആദ്യം മാനേജ്മെന്‍റിന്‍റെ ശ്രദ്ധയിൽപ്പെടുത്തുകയും പരിഹാരം തേടുകയും ചെയ്തശേഷം മാത്രമേ രാജിവെക്കേണ്ടിയിരുന്നുള്ളൂവെന്നാണ് മറ്റൊരു വിഭാഗത്തിന്‍റെ അഭിപ്രായം. ഈ സംഭവം ജോലിസ്ഥലങ്ങളിലെ പുകവലി നിയന്ത്രണങ്ങളും പുകവലിക്കാത്ത ജീവനക്കാരുടെ അവകാശങ്ങളും വീണ്ടും ചർച്ചയിലേക്ക് കൊണ്ടുവന്നു. മറ്റുള്ളവരുടെ ആരോഗ്യത്തെ ബാധിക്കുന്ന തരത്തിലുള്ള പുകവലി ഒഴിവാക്കേണ്ടത് ജോലിസ്ഥലത്തെ അടിസ്ഥാന മര്യാദകളിൽ ഒന്നാണെന്നും നിരവധി പേർ പ്രതികരിച്ചു.