ചെലവ് ചുരുക്കാൻ മറ്റു ചില കാര്യങ്ങൾ കൂടി അദ്ദേഹം ചെയ്യുന്നുണ്ട്. പാചകം ചെയ്ത ഭക്ഷണം ഇദ്ദേഹം കഴിക്കാറില്ല, ചൂടുവെള്ളത്തിൽ കുളിക്കാറില്ല, നേരം നന്നായി ഇരുട്ടിയാൽ അല്ലാതെ ബൾബ് തെളിക്കാറില്ല.

കരണ്ട് ബില്ല് പലപ്പോഴും നമുക്ക് പണി തരാറില്ലേ? അങ്ങനെ പണി കിട്ടാതിരിക്കാൻ ഓസ്ട്രേലിയൻ സ്വദേശിയായ ഒരു മനുഷ്യൻ എന്താണ് ചെയ്യുന്നത് എന്നറിയാമോ? ഇദ്ദേഹം തന്റെ വീട്ടിൽ ആകെ ഉപയോഗിക്കുന്നത് ഒരു ബൾബാണ്. ആവശ്യം വരുമ്പോൾ ഈ ബൾബ് ഒരു മുറിയിൽ നിന്നും ഊരി മറ്റൊരു മുറിയിൽ ഇടും. ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിലെ ബേറ്റ്മാൻസ് ബേയിൽ വാടകയ്ക്ക് താമസിക്കുന്ന മാർട്ടിൻ ബോംഗിയോർണോ ആണ് ഇത്തരത്തിൽ തൻറെ ജീവിത ചെലവ് നിയന്ത്രിക്കാൻ പുതിയൊരു മാർഗ്ഗം കണ്ടെത്തിയത്.

ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിലെ ബേറ്റ്മാൻസ് ബേയിൽ ഒരു വാടക വീട്ടിലാണ് മാർട്ടിൻ താമസിക്കുന്നത്. ഏതാനും നാളുകൾക്കു മുൻപ് ജോലിസ്ഥലത്ത് നിന്നും ഉണ്ടായ ഒരു അപകടത്തെ തുടർന്ന് ജോലി ചെയ്യാൻ സാധിക്കാതെ വന്ന ഇദ്ദേഹത്തിന് ഇപ്പോൾ ആകെയുള്ള വരുമാനം തൊഴിലാളികളുടെ നഷ്ടപരിഹാരത്തുകയാണ്. തനിക്ക് മറ്റൊരു വരുമാന മാർഗ്ഗവും ഇല്ലാതായതോടെയാണ് ഇത്തരത്തിൽ ചെലവുകളെ നിയന്ത്രിച്ചുകൊണ്ട് കൃത്യമായ ഒരു ബഡ്ജറ്റിലേക്ക് ഇദ്ദേഹം തൻറെ ജീവിതത്തെ ഒതുക്കിയത്.

ഒരുതവണ 2,000 ഓസ്‌ട്രേലിയൻ ഡോളർ വൈദ്യുതി ബിൽ അടയ്ക്കാൻ കഴിയാതെ വന്നതോടെയാണ് അദ്ദേഹം ഇത്തരത്തിൽ തൻറെ വൈദ്യുതി ഉപഭോഗത്തെ ക്രമീകരിച്ചത്. എബിസി ന്യൂസിന് നൽകി അഭിമുഖത്തിൽ ഇദ്ദേഹം പറയുന്നത് തന്റെ വീട്ടിലെ ഏറ്റവും നടുവിലത്തെ മുറിയിലാണ് താൻ ഈ ബൾബ് ക്രമീകരിച്ചിരിക്കുന്നത്. ഏതെങ്കിലും കാരണത്താൽ മറ്റു മുറികളിലേക്ക് കൂടുതൽ വെളിച്ചം ആവശ്യമായി വന്നാൽ താൻ ഈ ബൾബൂരി ആ മുറിയിൽ ഇടുമെന്നും ആവശ്യം കഴിഞ്ഞാൽ വീണ്ടും നടുവിലെ മുറിയിലേക്ക് തന്നെ മാറ്റുമെന്ന് ഇദ്ദേഹം പറയുന്നു.

ചെലവ് ചുരുക്കാൻ മറ്റു ചില കാര്യങ്ങൾ കൂടി അദ്ദേഹം ചെയ്യുന്നുണ്ട്. പാചകം ചെയ്ത ഭക്ഷണം ഇദ്ദേഹം കഴിക്കാറില്ല, ചൂടുവെള്ളത്തിൽ കുളിക്കാറില്ല, നേരം നന്നായി ഇരുട്ടിയാൽ അല്ലാതെ ബൾബ് തെളിക്കാറില്ല. ഇദ്ദേഹത്തിൻറെ വാടക ആഴ്ചയിൽ 40 ഓസ്‌ട്രേലിയൻ ഡോളർ (2,200 രൂപ) വർധിപ്പിച്ചതിനെത്തുടർന്നാണ് ഭക്ഷണത്തിനായി ഒരു ദിവസം 15 ഡോളറും (800 രൂപ) വൈദ്യുതിയ്ക്കായി ആഴ്ചയിൽ 20 ഡോളറും (1,100 രൂപ) നീക്കിവെക്കാൻ മാർട്ടിൻ നിർബന്ധിതനായത്.

ഓസ്ട്രേലിയയിലെ ജനങ്ങൾ ഇപ്പോൾ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നമാണ് വർദ്ധിച്ചുവരുന്ന ജീവിത ചിലവ്. 31 ശതമാനം വരെ വർദ്ധനവാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളത് എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്