കഴുത്തില്‍ കുടുക്കിപ്പിടിക്കുന്നതിന് മുമ്പായി യുവതി ഇയാളുടെ മൂക്കിൽ ഇടിച്ചതായും പറയപ്പെടുന്നു. സംഭവത്തെ കുറിച്ച് അറിയിക്കാൻ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ നിർത്താൻ അവൾ ബസ് ഡ്രൈവറോട് ആവശ്യപ്പെട്ടു. 

ലോകത്തെല്ലായിടത്തും സ്ത്രീകള്‍ക്ക് നേരെ രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ അതിക്രമങ്ങള്‍ നടക്കാറുണ്ട്. എന്നാല്‍, ഇവിടെ ഒരു യുവതി തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ച ഒരാള്‍ക്ക് ഉചിതമായ മറുപടി നല്‍കിയിരിക്കുകയാണ്. ആയോധനകലയില്‍ പ്രാവീണ്യമുള്ള യുവതിയാണ് തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചയാള്‍ക്ക് തക്ക മറുപടി കൊടുത്തത്. 

ഒക്‌ടോബർ 20 -ന് യുവതി ജിമ്മിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബ്രസീലിയൻ നഗരമായ ബെലെമി(Brazilian city of Belem)ലാണ് സംഭവം. ബസിൽ വെച്ച് യുവതിയെ ഒരാള്‍ ഉപദ്രവിച്ചതായി ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തു. ബസിലെ മറ്റൊരു യാത്രക്കാരനാണ് വീഡിയോ റെക്കോർഡ് ചെയ്‌തത്. യുവതി മുവായ് തായ്, കപ്പോയ്‌റ(Muay Thai and capoeira) എന്നിവ പരിശീലിക്കുന്നയാളാണ്. ഉപദ്രവിക്കാന്‍ ശ്രമിച്ചയാളുടെ കഴുത്ത് കൈകൊണ്ട് ചുറ്റിപ്പിടിച്ചിരിക്കുന്നത് വീഡിയോയില്‍ കാണാം. 

ബസ്സിന്റെ തറയിലേക്ക് അവനെ പതുക്കെ താഴ്ത്തുന്നതിനുമുമ്പ് അവൾ പുറകിൽ നിന്ന് ആ മനുഷ്യനെ കഴുത്തിൽ മുറുകെ പിടിക്കുന്നത് കാണാം. പിന്നീട് അയാളെ ബസില്‍ നിലത്തേക്കിരുത്തുന്നു. തിരക്കേറിയ ബസ് മുതലെടുത്ത് യുവതിയുടെ പിന്നിൽ നിന്ന് സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിക്കാന്‍ ഇയാൾ ശ്രമിച്ചതായി പൊലീസ് റിപ്പോർട്ട് ഉദ്ധരിച്ച് ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. ഇയാള്‍ തന്‍റെ പാന്‍റ് അഴിച്ചിരുന്നതായും റിപ്പോര്‍ട്ടിലുണ്ട്. 

കഴുത്തില്‍ കുടുക്കിപ്പിടിക്കുന്നതിന് മുമ്പായി യുവതി ഇയാളുടെ മൂക്കിൽ ഇടിച്ചതായും പറയപ്പെടുന്നു. സംഭവത്തെ കുറിച്ച് അറിയിക്കാൻ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ നിർത്താൻ അവൾ ബസ് ഡ്രൈവറോട് ആവശ്യപ്പെട്ടു. സംഭവത്തിൽ പ്രതിയെ തിരിച്ചറിഞ്ഞതായും ഇയാൾക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. ലൈംഗിക പീഡനം എന്ന കുറ്റം തെളിയിക്കപ്പെട്ടാൽ, ബ്രസീലിയൻ നിയമം അനുസരിച്ച്, ഒന്ന് മുതൽ അഞ്ച് വർഷം വരെ തടവ് അനുഭവിക്കേണ്ടിവരും.

ലൈംഗിക പീഡനത്തിന്റെ ഏറ്റവും ഗുരുതരമായ കേസുകളിൽ, സംശയിക്കുന്നയാൾ അക്രമം നടത്തുകയോ അതിക്രമം നേരിട്ട ആളെ ഗുരുതരമായി ഭീഷണിപ്പെടുത്തുകയോ ചെയ്യുമ്പോൾ, പ്രതിക്കെതിരെ ബലാത്സംഗ കുറ്റം ചുമത്താവുന്നതാണ്.