ആശുപത്രി കിടക്കയിൽ വെച്ച് മാധ്യമങ്ങളോട് സംസാരിക്കവേ ഇദ്ദേഹം പറഞ്ഞത് കൈ നഷ്ടപ്പെട്ടതിൽ ദുഖമുണ്ടെങ്കിലും ജീവൻ തിരിച്ചുകിട്ടിയതിൽ അതിയായ സന്തോഷം ഉണ്ട് എന്നാണ്.

തടാകത്തിനരികെ മൂത്രമൊഴിക്കാൻ എത്തിയ യുവാവിന്റെ കൈ മുതല കടിച്ചെടുത്തു. ഞായറാഴ്ച പുലർച്ചെ ഫ്‌ളോറിഡയിലെ പോർട്ട് ഷാർലറ്റിലാണ് സംഭവം നടന്നത്. ജോർദാൻ റിവേര എന്ന 23 -കാരന്റെ വലതു കൈയാണ് മുതലയുടെ ആക്രമണത്തിൽ നഷ്ടമായത്. അപ്രതീക്ഷിത ആക്രമണത്തിന്റെ ആഘാതത്തിൽ നിന്ന് ഇയാൾ ഇതുവരെയും മുക്തനായിട്ടില്ല. അതുകൊണ്ട് തന്നെ നടന്ന സംഭവങ്ങളെക്കുറിച്ചൊന്നും ഇയാൾക്ക് ഓർമ്മയില്ല.

എൻബിസി റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ജോർദാൻ റിവേരയ്ക്ക് സംഭവത്തെക്കുറിച്ച് ആകെ ഓർമ്മയുള്ളത് ആ സമയം താൻ ബാറിലായിരുന്നെന്നും ബാറിലെ ബാത്ത്റൂമിലെ നീണ്ട ക്യൂവിൽ നിൽക്കാൻ മടിയായതിനാൽ മൂത്രം ഒഴിക്കാൻ തടാകക്കരയിലേക്ക് പോകുക ആയിരുന്നുവെന്നുമാണ്. തടാക കരയിലെത്തിയ ഇയാൾ മൂത്രമൊഴിക്കുന്നതിനിടയിൽ കാൽ തെറ്റിയാണ് തടാകത്തിലേക്ക് വീണത്. ഈ സമയത്താണ് മുതലയുടെ അപ്രതീക്ഷിത ആക്രമണം ഉണ്ടാവുകയും റിവേരയുടെ വലുതുകൈ കടിച്ചെടുക്കുകയും ചെയ്തത്.

റിവേരയുടെ നിലവിളികേട്ട് എത്തിയ ബാറിലെ ജീവനക്കാരാണ് ഇയാളെ മുതലയുടെ വായിൽ നിന്നും രക്ഷപ്പെടുത്തിയത്. പക്ഷെ, അവരെത്തിയപ്പോഴേയ്ക്ക് മുതല ഇയാളുടെ ഒരു കൈ കടിച്ചെടുത്തിരുന്നു. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് ബാർ ജീവനക്കാർക്ക് മുതലയുടെ ആക്രമണത്തിൽ നിന്നും ജോർദാൻ റിവേരയെ രക്ഷിച്ചെടുക്കാൻ ആയത്. ആ സമയം കൊണ്ട് ഇയാളുടെ ശരീരത്തിൽ നിന്നും വലിയ അളവിൽ രക്തം വാർന്നു പോയിരുന്നു. 

ബാർ ജീവനക്കാർ വളരെ വേഗത്തിൽ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചതിനാലാണ് ജീവൻ തിരിച്ചുകിട്ടിയത്. ആശുപത്രി കിടക്കയിൽ വെച്ച് മാധ്യമങ്ങളോട് സംസാരിക്കവേ ഇദ്ദേഹം പറഞ്ഞത് കൈ നഷ്ടപ്പെട്ടതിൽ ദുഖമുണ്ടെങ്കിലും ജീവൻ തിരിച്ചുകിട്ടിയതിൽ അതിയായ സന്തോഷം ഉണ്ട് എന്നാണ്. തന്റെ മകന്റെ ജീവൻ രക്ഷിച്ചവരെ മാലാഖമാരായാണ് കാണുന്നതെന്ന് ജോർദാർ റിവേരയുടെ അമ്മയും പറഞ്ഞു.