ദേശീയ വീരനായകനായി മാറിയ ഇദ്ദേഹത്തെ ജയിലിലടച്ചതിനെതിരെ ആയിരങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു. തുടര്‍ന്നാണ് ജനരോഷത്തിന് വഴങ്ങി കോടതി ഇദ്ദേഹത്തെ വിട്ടയക്കാന്‍ ഉത്തരവിട്ടത്. 

ബാങ്ക് ജീവനക്കാരെ തോക്കുചൂണ്ടി ബന്ദിയാക്കി സ്വന്തം പണം പിന്‍വലിച്ച ലബനീസ് പൗരന്‍ ഒടുവില്‍ ജയില്‍ മോചിതനായി. ഒരു കുറ്റവും ചുമത്താതെ ഇദ്ദേഹത്തെ വിട്ടയക്കാന്‍ കോടതി ഉത്തരവിട്ടതിനെ തുടര്‍ന്നാണ് മോചനമെന്ന് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ദേശീയ വീരനായകനായി മാറിയ ഇദ്ദേഹത്തെ ജയിലിലടച്ചതിനെതിരെ ആയിരങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു. തുടര്‍ന്നാണ് ജനരോഷത്തിന് വഴങ്ങി കോടതി ഇദ്ദേഹത്തെ വിട്ടയക്കാന്‍ ഉത്തരവിട്ടത്. 

42 -കാരനായ ബസാം അല്‍ഷൈഖ് ഹുസൈനാണ് കഴിഞ്ഞ ആഴ്ച ജയിലിലായത്. രണ്ട് ലക്ഷത്തിലേറെ ഡോളര്‍ ബാങ്കിലുണ്ടായിരുന്ന ഇദ്ദേഹം ബന്ധുവിന്റെ ആശുപത്രി ചെലവിന് പണമില്ലാത്തതിനെ തുടര്‍ന്നാണ് തന്റെ നിക്ഷേപത്തില്‍നിന്നും 35,000 ഡോളര്‍ ആവശ്യപ്പെട്ട് ബാങ്കില്‍ എത്തിയത്. ബാങ്ക് ഈ പണം നല്‍കാന്‍ തയ്യാറായില്ല. തുടര്‍ന്നാണ് തോക്കുമായി വന്ന് ബാങ്കിലെ ആറു ജീവനക്കാരെ ബന്ദിയാക്കി തനിക്കാവശ്യമുള്ള പണം ഇദ്ദേഹം വാങ്ങിയത്. 

സംഭവമറിഞ്ഞ് വന്‍ ജനക്കൂട്ടം ബാങ്കിനു മുന്നില്‍ കൂടിയിരുന്നു. ഇവര്‍ ഇദ്ദേഹത്തിന് അനുകൂലമായി മുദ്രാവാക്യം വിളിച്ചതിനിടെ പൊലീസ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് കടുത്ത കുറ്റങ്ങള്‍ ചുമത്തി ഇദ്ദേഹത്തെ ജയിലിലടച്ചു. തുടര്‍ന്നാണ്, ജനരോഷം ശക്തമായത്. തെരുവിലിറങ്ങിയ ആയിരങ്ങള്‍ ഇദ്ദേഹത്തെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് റോഡുകള്‍ തടസ്സപ്പെടുത്തി. ഇതിനു പിന്നാലെയാണ് ഇദ്ദേഹത്തെ മോചിപ്പിച്ചത്. ബസാം അല്‍ഷൈഖ് ഹുസൈന്‍ വീട്ടിലെത്തി പ്രിയപ്പെട്ടവര്‍ക്കൊപ്പം കഴിയുന്നതായി സഹോദരന്‍ മാധ്യമങ്ങളോട് പറഞ്ഞു. 

2019-ലെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന്, ലബനോനിലെ ബാങ്കുകള്‍ക്ക് അസാധാരണമായ അധികാരങ്ങളാണ് നിലവില്‍ വന്നത്. എത്ര നിക്ഷേപം ബാങ്കിലുണ്ടെങ്കിലും ആര്‍ക്ക് എത്ര പണം തിരിച്ചു നല്‍കണമെന്ന് തീരുമാനിക്കാനുള്ള അവകാശം ബാങ്കുകള്‍ക്ക് അനൗദ്യോഗികമായി ലഭിക്കുകയായിരുന്നു. ഇത് വ്യാപകമായ വിധത്തില്‍ ദുരുപയോഗം ചെയ്തതിനെ തുടര്‍ന്ന് പണം പിന്‍വലിക്കാനാവാതെ ജനം വലയുകയായിരുന്നു. സര്‍ക്കാര്‍ പൂര്‍ണമായും ധനകാര്യ സ്ഥാപനങ്ങള്‍ക്ക് വഴങ്ങിയ സാഹചര്യത്തിലാണ് കഴിഞ്ഞ ആഴ്ച നടന്നതുപോലുള്ള സംഭവങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. 

ഹംറ സ്ട്രീറ്റിനടുത്തുള്ള ബാങ്കിലാണ് 42 -കാരനായ ബസാം അല്‍ഷൈഖ് ഹുസൈന്‍ മണിക്കൂറുകളോളം ബാങ്ക് ഉദ്യോഗസ്ഥരെ തോക്കിന്‍മുനയില്‍ നിര്‍ത്തിയത്. ബന്ധുവിന്റെ ആശുപത്രി ബില്ലിനുള്ള പണം കണ്ടെത്താനായിട്ടാണ് ഇയാള്‍ പണം പിന്‍വലിക്കാന്‍ ബാങ്കില്‍ എത്തിയത്. എന്നാല്‍, ബാങ്കിംഗ് ഇടപാടുകളിലെ നിയന്ത്രണം കാരണം അത് പിന്‍വലിക്കാനായില്ല. ഫിക്‌സഡ് ഡെപ്പോസിറ്റുകളെല്ലാം ഇവിടെ മരവിപ്പിച്ചിരിക്കുകയാണ്. കുറച്ച് ഇടപാടുകാര്‍ക്ക് മാത്രമാണ് ഇവിടെ ടോക്കണ്‍ അടിസ്ഥാനത്തില്‍ പണം പിന്‍വലിക്കാനാവുന്നത്. 

ഈ സാഹചര്യത്തില്‍ ബസാം അല്‍ഷൈഖ് ഹുസൈനും തന്റെ പണം പിന്‍വലിക്കാനായില്ല. തുടര്‍ന്നാണ് ഇയാള്‍ ബാങ്ക് ഉദ്യോഗസ്ഥരെ ഏഴ് മണിക്കൂര്‍ ബന്ദികളാക്കിയത്. തുക തരാതെ താന്‍ പിന്മാറാന്‍ ഒരുക്കമല്ല എന്നും ഇയാള്‍ വ്യക്തമാക്കി. തുടര്‍ന്ന് ഇയാളുമായി ചര്‍ച്ച നടന്നു. ഒടുവില്‍ ഇയാള്‍ ആവശ്യപ്പെട്ട 35,000 ഡോളര്‍ നല്‍കാനുള്ള തീരുമാനമായി. അങ്ങനെയാണ് ബസാം പൊലീസിന് കീഴടങ്ങിയത്. 

സംഭവം വലിയ വാര്‍ത്തയായതോടെ യുവാവിനെ പിന്തുണച്ച് നിരവധിപേര്‍ രംഗത്തെത്തി. പലരും തെരുവിലിറങ്ങി പ്രതിഷേധമറിയിച്ചു. 'നിങ്ങള്‍ ഹീറോയാണ്' എന്നും പലരും വിളിച്ചു പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തിരുന്നു.