മകളുടെ പിറന്നാളിന് നിങ്ങൾ ഏതെങ്കിലും അന്യരാജ്യത്ത് പെട്ടു പോയാലോ? തിരികെ വിമാനം പിടിച്ചു വരാൻ നിങ്ങളുടെ കയ്യിൽ കാശില്ലെങ്കിലോ..?  പെട്ടുപോയ രാജ്യത്തു നിന്ന് നിങ്ങളുടെ ജന്മനാട്ടിലേക്ക് പതിനായിരത്തിലധികം കിലോമീറ്റർ ദൂരമുണ്ടെങ്കിൽ, മോളുടെ പിറന്നാളിന് കണക്കാക്കി നാട്ടിലെത്താൻ വേണ്ടി നിങ്ങൾ ഏതറ്റം വരെ പോകും...? അക്കാര്യത്തിൽ റെഗ് സ്‌പെയേഴ്‌സ് എന്ന ഓസ്‌ട്രേലിയക്കാരൻ 1964-ൽ കുറിച്ച റെക്കോർഡ് ഒരു പക്ഷേ ഈ ലോകത്തു തന്നെ മറ്റാർക്കും ഭേദിക്കാനായെന്നുവരില്ല. അത്തരത്തിൽ ഒരു കടുംകൈയാണ് സ്വന്തം മകളുടെ പിറന്നാളിന് കണക്കാക്കി നാട്ടിലെത്താൻ വേണ്ടി അയാൾ പ്രവർത്തിച്ചത്. 

പിന്നൊരു കാര്യം. അന്ന് കാര്യങ്ങളൊക്കെ ഇന്നെത്തേതിൽ നിന്ന് ഏറെ വ്യത്യസ്തമായിരുന്നു. 1964-ലെ ടോക്കിയോ ഒളിമ്പിക്സിനുള്ള ജാവലിൻ ത്രോ മത്സരങ്ങൾക്ക് പരിശീലനത്തിനിടെ പരിക്കേറ്റ് അതിനുള്ള ചികിത്സയ്ക്കായി  ഇംഗ്ലണ്ടിലെത്തിയതായിരുന്നു റെഗ്.  ഇംഗ്ലണ്ടിൽ എത്തി ചികിത്സ പുരോഗമിക്കുന്നതിനിടെ അദ്ദേഹത്തിന് ഒരു കാര്യം ഉറപ്പായി. പരിക്ക് ഭേദമാവില്ല. ഇനി പരിശീലനം തുടരാൻ സാധിക്കില്ല, ഒളിമ്പിക്സിൽ രാജ്യത്തിനുവേണ്ടി മത്സരിക്കാനും. തിരിച്ച് അഡ്‌ലൈഡിലെ വീട്ടിലേക്ക് പോകാൻ അയാൾക്ക് അതിയായ ആഗ്രഹം തോന്നി ഉള്ളിൽ. ഒരൊറ്റ പ്രശ്നം മാത്രം. തിരിച്ചുള്ള വിമാനടിക്കറ്റിന് കൊടുക്കാൻ വേണ്ട പണമില്ല കയ്യിൽ. അതിനാവശ്യമായ പണം സമ്പാദിക്കുക എന്ന ഉദ്ദേശ്യത്തോടെ ലണ്ടനിലെ എയർ ഫ്രാൻസ് വിമാനകമ്പനിക്കുവേണ്ടി കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യാൻ തുടങ്ങി റെഗ്. അതിനിടെ പക്ഷേ, മകളുടെ പിറന്നാൾ ദിവസം ഇങ്ങടുത്തെത്തി. ടിക്കറ്റിനുള്ള പണം ഇനിയും ആയിട്ടില്ല. പണമില്ലാതെ എങ്ങനെ ടിക്കറ്റെടുക്കും..? അതിനിടെ ആകെയുണ്ടായിരുന്ന സമ്പാദ്യം സൂക്ഷിച്ചിരുന്ന പേഴ്‌സും പോക്കറ്റടിച്ചു പോയി. അതോടെ  റെഗ് ആകെ ഹതാശനായിപ്പോയി. 

എന്നാലും, അതൊന്നും ഒരേയൊരു മകളെ കാണാനുള്ള റെഗ്ഗിന്റെ അഭിലാഷത്തിന് കുറുകെ നിൽക്കാൻ പോന്നതായിരുന്നില്ല. അച്ഛനെക്കാണാൻ മോൾക്ക് ആഗ്രഹം കാണും എന്ന് റെഗ്ഗിനുറപ്പുണ്ടായിരുന്നു. എന്താണിപ്പോൾ ചെയ്യുക..? കയ്യിൽ വിമാനടിക്കറ്റിനുള്ള പണമില്ല. ലണ്ടനിലാണ്. നടന്നാൽ എത്തുമോ അഡ്‌ലെയ്ഡിലേക്ക്..? 

അപ്പോഴാണ് അയാൾക്ക് വളരെ വിചിത്രമായ ഒരു ആശയമുദിച്ചത്. വിമാനകമ്പനിയിൽ താത്കാലിക ജോലി എടുത്തിരുന്ന അയാൾക്ക് ഒരു കാര്യം അറിയുമായിരുന്നു. അന്നൊക്കെ കാർഗോയിൽ 'പേ ഓൺ ഡെലിവറി' എന്നൊരു മാർഗ്ഗമുണ്ട്. പണമടക്കാതെയും അപ്പോൾ പിന്നെ രണ്ടും കല്പിച്ച് കാർഗോ ബോക്സിൽ അവനവനെ കയറ്റി അങ്ങ് കാർഗോ ചെയ്‌താൽ എന്താ ?   ഇന്നത്തെ കാര്യമല്ല, 1964-ൽ നടന്നതാണ് എന്നോർക്കുക. ഇന്നത്തെ അത്ര സെക്യൂരിറ്റി സ്കാനിങ് പരിപാടികളൊന്നും പ്രാവർത്തികമായിട്ടില്ല അന്ന്. 

എയർ ഫ്രാൻസിന്റെ കാർഗോ സെക്ഷനിലാണ് അയാൾ ജോലി ചെയ്തിരുന്നത്. ആ സെക്ഷനിലൂടെ മൃഗങ്ങളും മറ്റും കാർഗോ വഴി വരുന്നത് അയാൾ കണ്ടിട്ടുണ്ട്. അതാണ് ഇങ്ങനെ വിചിത്രമായ ഒരു പദ്ധതി നടപ്പിലാക്കുന്നതിനെപ്പറ്റി അയാൾ ചിന്തിച്ചത്. ലണ്ടനിൽ തനിക്ക് ആതിഥ്യമരുളിയിരുന്ന ജോൺ മക്സൊർലി എന്ന സുഹൃത്തിനെക്കൊണ്ട് അയാൾ ഒരു ബോക്സ് ഉണ്ടാക്കിച്ചു.   5ft x 3ft x 2.5ft ആയിരുന്നു വിമാനകമ്പനിയുടെ കാർഗോ  ബോക്സിനുള്ള സൈസ് ലിമിറ്റ്. റെഗിന്റെ സ്വഭാവം നന്നായി അറിയുമായിരുന്ന ജോൺ പറഞ്ഞപടി ഒരു ബോക്സുണ്ടാക്കിക്കൊടുത്തു. അകത്തുനിന്ന് തുറക്കാനും അടക്കാനും പറ്റുന്ന, ഉള്ളിൽ അവനവനെ സ്ട്രാപ്പുചെയ്ത് സുരക്ഷിതമാക്കാവുന്ന ഒരു ബോക്സ്. ഒന്നുകിൽ കാൽ നീട്ടി ഇരിക്കാം. അല്ലെങ്കിൽ കാലുമടക്കി കിടക്കാം. അത്രയും സൗകര്യമാണ് ആ ബോക്സിനുള്ളിൽ ഉണ്ടായിരുന്നത്.അകത്ത് ആളുണ്ട് എന്ന സംശയം വിമാനക്കമ്പനിക്ക് വരാതിരിക്കാൻ വേണ്ടി ആ കാർഗോ ബോക്സിനുള്ളിൽ പെയിന്റ് ഡബ്ബകളാണ് എന്നായിരുന്നു അവർ കസ്റ്റംസിൽ ഡിക്ലെയർ ചെയ്തത്. അഡ്‌ലൈഡിലെ ഒരു വ്യാജ ഷൂകമ്പനിയുടെ മേൽവിലാസവും നൽകി. താരതമ്യേന ചെറിയ എയർപോർട്ട് ആയ പെർത്തിലേക്കായിരുന്നു കാർഗോ ബുക്ക് ചെയ്തത്.

ഒരു തലയിണ, ഒരു പുതപ്പ്, കുറച്ച് ടിൻഡ് ഫുഡ്, ഒരു കുപ്പി വെള്ളം, മൂത്രമൊഴിക്കാൻ ഒരു കാലിക്കുപ്പി, ഒരു ടോർച്ച് എന്നിങ്ങനെ  ബോക്സിനുള്ളിൽ ചില്ലറ അവശ്യ സാധനങ്ങളും റെഗ് കരുതിയിരുന്നു.  ലണ്ടനിൽ കാലാവസ്ഥ മോശമായതുകൊണ്ട് വിമാനം 24  മണിക്കൂർ വൈകി. കാർഗോ ബോക്സ് വിമാനത്തിനുള്ളിലേക്ക് ലോഡ് ചെയ്ത് വിമാനം ടേക്ക് ഓഫ് ചെയ്തു കഴിഞ്ഞപ്പോൾ ബോക്സിന്റെ വാതിൽ തുറന്ന് റെഗ് പുറത്തിറങ്ങിയിരുന്നു.  ലണ്ടൻ-പാരീസ്-ബോംബെ-പെർത്ത് ഇതായിരുന്നു വിമാനത്തിന്റെ റൂട്ട്. 

മൂത്രമൊഴിക്കാൻ മുട്ടിയിട്ടാണ് ലണ്ടനും പാരീസിനും ഇടക്ക് ആകാശത്തുവച്ച് റെഗ് പുറത്തിറങ്ങിയത്. ഒരു ചെറിയ കാനിൽ മൂത്രമൊഴിച്ച് അടുത്തുകണ്ട ബോക്സിനു മുകളിൽ വെച്ചു. ദൂരം കുറവായതിനാൽ വിമാനം പെട്ടെന്ന് താഴെയിറങ്ങാൻ തുടങ്ങി.  വെപ്രാളപ്പെട്ട് റെഗ്  ചാടിക്കേറി ബോക്സിനകത്തിരുന്ന് വാതിലടച്ചു. തിരക്കിനിടെ ആ മൂത്രമൊഴിച്ച കാൻ മാത്രം അകത്തുവെക്കാൻ മറന്നുപോയി. 

പാരീസിൽ  ചെന്നിറങ്ങിയപ്പോൾ  അവിടത്തെ കാർഗോ ഹാൻഡ്‌ലേഴ്‌സ് ഈ മൂത്രം നിറഞ്ഞ കാൻ കണ്ടെടുത്തു. ലണ്ടനിലെ കാർഗോക്കാരുടെ ഒരു വികൃതി എന്നാണ് അവർക്ക് അതുകണ്ടപ്പോൾ തോന്നിയത്. അവർ ഫ്രഞ്ചിൽ ഇംഗ്ലീഷുകാർ പച്ചത്തെറി വിളിക്കുന്നത് അയാൾക്ക് അകത്തിരുന്നാൽ കേൾക്കാമായിരുന്നു. ഇടക്കെപ്പോഴോ ബോംബെയിൽ അടുത്ത സ്റ്റോപ്പ് ഓവർ. അവിടെ വല്ലാത്ത ചൂടായിരുന്നു. അടുത്ത പെർത്ത്. ദിവസങ്ങൾ നീണ്ട ഇരിപ്പിനൊടുവിൽ റെഗ് അങ്ങനെ തന്റെ  ജന്മനാട്ടിൽ ലാൻഡുചെയ്തു. 

മൂന്നു ദിവസത്തെ യാത്രയെ അതിജീവിക്കാൻ റെഗ്ഗിന് കഴിഞ്ഞെങ്കിലും അധികൃതരുടെ പിടിയിൽ പെടാതെ എയർപോർട്ടിന് പുറത്തുകടക്കുക എന്നതായിരുന്നു അടുത്ത വെല്ലുവിളി. ഇന്നത്തെ അത്ര കാമറാ നിരീക്ഷണങ്ങളൊന്നും അന്ന് എയർപോർട്ടിൽ ഇല്ലായിരുന്നു. ഭാഗ്യം അയാളുടെ കൂടെത്തന്നെ ഉണ്ടായിരുന്നു. കാർഗോയിൽ തന്നെ വന്ന ചില ടൂൾസ് ഉപയോഗിച്ച് ചുവരിൽ ഒരു വലിയ തുളയുണ്ടാക്കി അതിലൂടെ പുറത്തുകടക്കാൻ റെഗ്ഗിന് ആയി. കയ്യിൽ കരുതിയിരുന്ന സ്യൂട്ട് എടുത്ത് ധരിച്ചാണ് അയാൾ ജനലിലൂടെ വിമാനത്താവളത്തിന് പുറത്തെ തെരുവിലേക്ക് കേറിയത്.  ആ വഴി ആദ്യം വന്ന ടാക്സി പിടിച്ച് അയാൾ തന്റെ മകളുടെ പിറന്നാളിന് മുമ്പ് തന്നെ വീട്ടിലും എത്തി. 

എന്നാൽ, മകളെ കാണാനുള്ള ആവേശത്തിന്റെ പുറത്ത് റെഗ് വളരെ പ്രാഥമികമായ ഒരു മര്യാദ മറന്നുപോയിരുന്നു. തനിക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്ത്, ഈ ഗൂഢകൃത്യത്തിൽ പങ്കാളിയായ ബ്രിട്ടീഷ്  സുഹൃത്ത് ജോണിനെ താൻ സുരക്ഷിതനായി ലക്ഷ്യസ്ഥാനത്തെത്തി എന്നൊന്ന് വിളിച്ചു പറയാൻ റെഗ് മറന്നുപോയി. അവിടെ ജോൺ ആകട്ടെ, താൻ പറഞ്ഞു വിട്ട ആൾ അവിടെ എത്തിയോ, ജീവനോടുണ്ടോ, മരിച്ചോ എന്നൊന്നും അറിയാതെ എരിപൊരിസഞ്ചാരത്തിലായിരുന്നു. ഒരു വിളിക്ക് കാത്തിരുന്ന്, ടെൻഷൻ സഹിയാതെ അയാൾ ഒടുവിൽ ഈ വിവരങ്ങൾ ലണ്ടനിലെ പ്രാദേശിക മാധ്യമങ്ങളെ അറിയിച്ചു. അതോടെ വിവരം ഓസ്‌ട്രേലിയയിലേക്കും പരന്നു.

 റെഗ്ഗിന്റെ വീരകൃത്യത്തെയും സാഹസികമനോഭാവത്തെയും മാധ്യമങ്ങൾ വാനോളം പുകഴ്ത്തി. " നിങ്ങൾ ധീരനായ ഒരു ഓസി ആണ്.." എന്ന് പ്രസിദ്ധനായ ഒരു ഓസ്‌ട്രേലിയൻ രാഷ്ട്രീയനേതാവ് റെഗ്ഗിന് കമ്പിയടിച്ചു.  കാർഗോ ഫീസ് മാപ്പാക്കി വിമാനകമ്പനിയും റെഗ്ഗിനെ അംഗീകരിച്ചു. അയാളുടെ അനുഭവങ്ങൾ പകർത്താൻ പത്രക്കാർ തടിച്ചുകൂടി, തെരുവുകളിൽ ട്രാഫിക് ബ്ലോക്ക് തന്നെയുണ്ടായി. അപ്രതീക്ഷിതമായി വന്നിറങ്ങിയ അച്ഛനെക്കണ്ട് മകൾ സന്തോഷത്തിൽ മതിമറന്നുവെങ്കിലും, റെഗ് പറഞ്ഞ കഥകളൊന്നും വിശ്വസിക്കാൻ അദ്ദേഹത്തിന്റെ ഭാര്യമാത്രം ആദ്യമൊന്നും തയ്യാറായില്ല. 

കാർഗോ രംഗത്തെ വിദഗ്ദ്ധർ പറയുന്നത് അത്തരത്തിൽ ഒരു സാഹസിക കൃത്യത്തിന് ഇന്ന് വകുപ്പില്ല എന്നാണ്. കാരണം, വായുമർദ്ദം, താപനില അങ്ങനെ പലതിനെയും അതിജീവിക്കാൻ ഒളിച്ചുകടക്കുന്നവർക്ക്  സാധിക്കില്ല. മാത്രവുമല്ല ഇപ്പോൾ എല്ലാ വിമാനത്താവളങ്ങളിലും നല്ല വ്യക്തമായി കാണാനാകുന്ന സ്കാനറുകളുമുണ്ട്. എന്തായാലും, ചരിത്രത്തിൽ ഇത്തരത്തിൽ ഒരു യാത്ര വിജയകരമായി പൂർത്തിയാക്കിയ ആദ്യത്തെയും, ഒരു പക്ഷേ അവസാനത്തെയും വ്യക്തിയാവാം, റെഗ് സ്‌പെയേഴ്‌സ് എന്ന ഈ ഓസ്‌ട്രേലിയക്കാരൻ..!