ദീപാവലി ആഘോഷത്തിന് പിന്നാലെയാണ് തലസ്ഥാനത്തെ വായുമലിനീകരണം ഇത്രയേറെ അപകടകരമായ അവസ്ഥയിൽ എത്തിയത്. മലിനീകരണം വർദ്ധിക്കുമ്പോൾ മറ്റ് രോഗങ്ങളുള്ളവർക്ക് അപകടസാധ്യതകൾ കൂടുതലാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഡൽഹിയിൽ ആരോഗ്യപ്രശ്നങ്ങളുള്ള ഒരാൾ ഭാര്യയോടൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്യുമ്പോൾ ശ്വാസം കിട്ടാതെ വിഷമിക്കുന്ന ദൃശ്യങ്ങൾ വൈറലാവുന്നു. ഇത് ന​ഗരത്തിലെ വായുമലിനീകരണം കാരണമാണ് എന്ന ആരോപണമാണ് ഉയരുന്നത്. നഗരത്തിലെ എയർ ക്വാളിറ്റി ഇൻഡക്സ് (AQI) അപകടകരമായ നിലയിലേക്ക് ഉയർന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. പ്രത്യേകിച്ചും ദീപാവലിക്ക് ശേഷം.

ഒക്ടോബർ 22 -ന് ചിത്രീകരിക്കുകയും പിന്നീട് '@zia_moto_' എന്ന അക്കൗണ്ട് ഇൻസ്റ്റ‌ഗ്രാമിൽ പങ്കുവെക്കുകയും ചെയ്ത ദൃശ്യത്തിൽ, ശ്വാസം കിട്ടാതെ സ്കൂട്ടർ യാത്രികൻ റോഡരികിൽ സ്‌കൂട്ടർ നിർത്തുന്നതായി കാണാം. പരിഭ്രാന്തയായ ഭാര്യ അടുത്തുള്ള വഴിയാത്രക്കാരോട് സഹായം അഭ്യർത്ഥിക്കുകയും സഹായത്തിനായി വിളിക്കുകയും ചെയ്യുന്നുണ്ട്.

View post on Instagram

അതേ ദിവസം രാവിലെ, സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡ് (CPCB) ആനന്ദ് വിഹാറിലെ എ.ക്യു.ഐ 401 ആണ് രേഖപ്പെടുത്തിയത്. ഇത് 'വളരെ മോശം' (Very Poor) അല്ലെങ്കിൽ 'അതീവ ഗുരുതരം' എന്ന വിഭാഗത്തിൽ പെടുന്നതാണ്. ഈ നിലയിലുള്ള വായു, താമസക്കാർക്ക്, പ്രത്യേകിച്ച് ശ്വാസകോശ സംബന്ധമായോ ഹൃദയസംബന്ധമായോ അസുഖങ്ങളുള്ളവർക്ക് അങ്ങേയറ്റം അനാരോഗ്യകരമാണ്.

ദീപാവലി ആഘോഷത്തിന് പിന്നാലെയാണ് തലസ്ഥാനത്തെ വായുമലിനീകരണം ഇത്രയേറെ അപകടകരമായ അവസ്ഥയിൽ എത്തിയത്. മലിനീകരണം വർദ്ധിക്കുമ്പോൾ മറ്റ് രോഗങ്ങളുള്ളവർക്ക് അപകടസാധ്യതകൾ കൂടുതലാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദീപാവലി സമയത്ത് ഡൽഹി-എൻസിആറിൽ ഗ്രീൻ പടക്കങ്ങൾ വിൽക്കാനും പൊട്ടിക്കാനും ചില വ്യവസ്ഥകളോടെ സുപ്രീം കോടതി അനുമതി നൽകിയിരുന്നു.

നാഷണൽ എൻവയോൺമെന്റൽ എഞ്ചിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത ഗ്രീൻ പടക്കങ്ങൾ സാധാരണ പടക്കങ്ങളേക്കാൾ 30 ശതമാനം കുറവ് മലിനീകരണം മാത്രമേ ഉണ്ടാക്കുന്നുള്ളൂ എന്ന് അവകാശപ്പെടുന്നു. ഈ പടക്കങ്ങളിൽ ബേരിയം, അലുമിനിയം തുടങ്ങിയ രാസവസ്തുക്കളുടെ അളവ് കുറവാണ്. കൂടാതെ, പൊടിയും പുകയും നിയന്ത്രിക്കുന്നതിനുള്ള അഡിറ്റീവുകളും ഇവയിൽ ചേർത്തിട്ടുണ്ട്.