ആരോഗ്യപ്രശ്നം കാരണം ജോലിക്ക് വൈകി എത്താമോ എന്ന് ചോദിച്ച യുവതിയോട്, ആർത്തവമാണോ എന്ന് മാനേജർ. ആര്‍ത്തവമാണെങ്കില്‍ അവധിയെടുത്തോളൂ എന്നും ശമ്പളം കട്ടാകില്ല എന്നും മാനേജര്‍. അനുകൂലിച്ചും വിമര്‍ശിച്ചും നെറ്റിസണ്‍സ്. 

ആരോഗ്യപ്രശ്നങ്ങൾ കാരണം ഓഫീസിൽ വൈകി വന്നാൽ മതിയോ എന്ന് ചോദിച്ച വനിതാ ജീവനക്കാരിക്ക് മാനേജർ നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. നളിനി ഉനാഗർ എന്ന എക്സ് യൂസറാണ് ഒരു മാനേജരും ജീവനക്കാരിയും തമ്മിലുള്ള വാട്സ്ആപ്പ് സംഭാഷണത്തിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ചത്. ‌'യഥാർത്ഥ പുരുഷന്മാർ സ്ത്രീകളിൽ കുറ്റബോധമല്ല, മറിച്ച് കംഫർട്ട് ആണ് ഉണ്ടാക്കുക' എന്ന ക്യാപ്ഷനോടെയായിരുന്നു സ്ക്രീൻഷോട്ട് പങ്കുവെച്ചത്. തനിക്ക് ചില ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ ഉച്ചയ്ക്ക് 12 മണിക്ക് ശേഷം ജോലി തുടങ്ങിയാൽ മതിയോ എന്ന് ജീവനക്കാരി മാനേജരോട് ചോദിക്കുന്നത് കാണാം. ഇതിന് 'ഓക്കേ, നോ വറീസ്' എന്നായിരുന്നു മാനേജരുടെ ആദ്യ മറുപടി.

Add Asianetnews as a Preferred SourcegooglePreferred

പിന്നീട് ഇത് വല്ല ഗുരുതരമായ ആരോഗ്യപ്രശ്നവുമാണോ എന്ന് മാനേജർ ചോദിച്ചപ്പോൾ, 'അല്ല, സാധാരണ ബോഡി പാനിക് മാത്രമാണ്' എന്ന് ജീവനക്കാരി മറുപടി നൽകി. ഇതിന് പിന്നാലെ മാനേജർ 'ഓ, അത് പിരീഡ്‌സ് ആണോ?' എന്ന് ചോദിക്കുന്നത് കാണാം. ജീവനക്കാരി 'അതേ' എന്ന് പറഞ്ഞപ്പോൾ, ആർത്തവസമയത്ത് സുഖമില്ലാതിരുന്നാൽ കമ്പനി 2-3 ദിവസത്തെ അവധി അനുവദിക്കാറുണ്ടെന്നും ഇവിടെ പുതിയ ആളായത് കൊണ്ട് അറിയാത്തതാണ് എന്നും മാനേജർ തിരിച്ചു പറയുന്നു. 'കുഴപ്പമില്ല, താൻ ജോലിക്ക് കയറിക്കോളാം' എന്ന് യുവതി പറയുമ്പോൾ, 'ശമ്പളം കട്ട് ചെയ്യില്ല അതിനാൽ വിശ്രമിക്കൂ' എന്ന് മാനേജർ പറയുന്നത് കാണാം.

വളരെ പെട്ടെന്നാണ് പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടത്. മാനേജരെ അനുകൂലിച്ചുകൊണ്ടാണ് ഒരു വിഭാ​ഗം കമന്റുകൾ നൽകിയത്. ഇത്രയും സഹാനുഭൂതിയുള്ള മാനേജർ ഭാ​ഗ്യമാണ് എന്ന് ആളുകൾ അഭിപ്രായപ്പെട്ടു. 'ഇതൊരു നല്ല സാഹചര്യമാണ്, കോർപ്പറേറ്റുകളിൽ സാധാരണയായി മാനേജർ/ലീഡ്/സൂപ്പർവൈസർ അയക്കുന്ന ഇത്തരം മെസ്സേജുകൾക്ക് ശേഷം കഥ മാറാറുണ്ട്, പ്രത്യേകിച്ച് ആ സ്ത്രീ ഒരു പുതിയ ജീവനക്കാരിയാണെങ്കിൽ ഓർഗനൈസേഷനിൽ ഇതൊരു പോഷ് (POSH) കേസിന് വരെ കാരണമായേക്കാം' എന്നാണ് ഒരാൾ കമന്റ് നൽകിയത്.

Scroll to load tweet…

അതേസമയം, ജീവനക്കാരിയോട് ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നതിലൂടെ പ്രൊഫഷണലായിട്ടുള്ള അതിരുകൾ മാനേജർ ലംഘിച്ചു എന്നാണ് മറ്റ് ചിലർ അഭിപ്രായപ്പെട്ടത്. ഒരാൾക്ക് വയ്യ എന്ന് പറഞ്ഞാൽ അതെന്താണ് എന്ന് ചോദിക്കേണ്ട കാര്യം ഒരു മാനേജർക്കുമില്ല എന്നായിരുന്നു ഇവരുടെ അഭിപ്രായം. അതേസമയം, സ്ത്രീകൾക്ക് ഇത്തരത്തിൽ അവധി നൽകുമ്പോൾ അത് പുരുഷന്മാർക്ക് ഇരട്ടിജോലി വരാൻ കാരണമാകരുത് എന്ന് അഭിപ്രായപ്പെട്ടവരും, സ്ത്രീകൾ ഇത് ദുരുപയോ​ഗം ചെയ്യുന്നതിലേക്ക് കാര്യങ്ങൾ എത്തരുത് എന്ന് അഭിപ്രായപ്പെട്ടവരും ഉണ്ട്.