കേരളത്തില്‍ വ്യാപകമായി കൃഷി ചെയ്യാന്‍ കഴിയുന്ന മാവുകളാണ് മൂവാണ്ടന്‍, കിളിച്ചുണ്ടന്‍, കൊളമ്പി മാങ്ങ, നീലം, പ്രിയൂര്‍, കലപ്പാടി, കിളിമൂക്ക് എന്നിവ. മാവ് പൂക്കാനും കായ്ക്കാനും മടി കാണിക്കുന്നുണ്ടോ? ചില മാവുകള്‍ 7-10 വര്‍ഷമായാലും പൂക്കാതെയും കായ്ക്കാതെയും ഒരേ നില്‍പ് നില്‍ക്കും. ഇത്തരം മാവുകളില്‍ നിറയെ മാങ്ങ ഉണ്ടാകാന്‍ ചില വഴികളുണ്ട്. അതുപോലെ അതി തീവ്ര സാന്ദ്രതാ നടീല്‍ രീതി ഉപയോഗിച്ച്  നമുക്ക് വാഴ കൃഷി ചെയ്യുന്നത് പോലെ മാവും കൃഷി ചെയ്യാം. ഇത്തരം ചില കാര്യങ്ങള്‍ കര്‍ഷകരെ പരിചയപ്പെടുത്തുകയാണ് ചാത്തന്നൂര്‍ കൃഷി ഭവനിലെ കൃഷി ഓഫീസര്‍ പ്രമോദ്.

'പൂക്കുകയും കായ്ക്കുകയും ചെയ്യാത്ത മാവിന്റെ തടം തുറന്ന് വേരുകള്‍ തെളിഞ്ഞു കാണത്തക്ക വിധത്തില്‍ രണ്ടാഴ്ച വെയിലേറ്റ് കിടക്കാന്‍ അനുവദിക്കണം.  അഴുകിപ്പൊടിഞ്ഞ ചാണകപ്പൊടിയും ചാമ്പല്‍, വേപ്പിന്‍ പിണ്ണാക്ക്, എല്ലുപൊടി, കടലപ്പിണ്ണാക്ക് എന്നിവയടങ്ങിയ മിശ്രിതം 10 കി.ഗ്രാം ചേര്‍ത്ത് മണ്ണിട്ട് മൂടണം. പിന്നീട് കരിയില ഇട്ട് പുതച്ച് നന്നായി നിറയ്ക്കണം. തളിര് വരുന്ന സമയത്ത് വെട്ടിമുറിച്ചിടുന്ന കീടങ്ങള്‍ പ്രശ്നം തന്നെയാണ്. ഇവയെ ഒഴിവാക്കാന്‍ 2 ശതമാനം വീര്യമുള്ള വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം തുടക്കത്തില്‍ തളിക്കാം.'  പ്രമോദ് നിര്‍ദേശിക്കുന്നത് ഹോര്‍മോണുകള്‍ പ്രയോഗിക്കാതെ മാവ് പൂക്കാനുള്ള വഴികളാണ്.

മാവിന്റെ തായ്ത്തടിയില്‍ നിന്ന് മോതിരത്തിന്റെ വീതിയില്‍ ഒരിടത്ത് തൊലി വട്ടത്തില്‍ നീക്കം ചെയ്യാം. അതുപോലെ തായ്ത്തടിയില്‍ ആഴത്തിലല്ലാതെ വരഞ്ഞിടുന്നതും നല്ലതാണ്. ഒരു ലിറ്റര്‍ വെള്ളത്തില്‍ 10 ഗ്രാം പൊട്ടാസ്യം നൈട്രേറ്റ് കലര്‍ത്തി ഇലകളില്‍ തളിക്കാം. മാവിനടിയില്‍ പുകയിടുന്നതും മാവ് കായ്ക്കാന്‍ സഹായിക്കും. തൊണ്ടും കരിയിലയും ഉപയോഗിച്ച് പുകയ്ക്കാം.

ഇതെല്ലാം പരീക്ഷിച്ചു നോക്കിയിട്ടും പൂക്കാത്ത മാവുകളില്‍ ഹോര്‍മോണ്‍ പ്രയോഗം നടത്തി നോക്കാം. കേരളത്തില്‍ വാണിജ്യാടിസ്ഥാനത്തില്‍ മാവ് കൃഷി ചെയ്യുന്നത് പാലക്കാട് ജില്ലയിലെ മുതലമടയിലാണ്.

മാന്തളിര്‍ മുറിയനെ തുരത്താം

മാവിന്റെ തളിരുകള്‍ എങ്ങനെയാണ് മുറിഞ്ഞു താഴെ വീഴുന്നത്? മാന്തളിര്‍ മുറിയന്റെ ഉപദ്രവമാണ് ഇവിടെ സംഭവിക്കുന്നത്. ഇവ കുഞ്ഞന്‍വണ്ടുകളുടെ രൂപത്തിലുള്ള പ്രാണികളാണ്.

കൂട്ടത്തോടെ വന്ന് തളിരിലകള്‍ മുറിച്ച് അതില്‍ മുട്ടകളിട്ട് തറയിലേക്ക് വീഴ്ത്തും. ഏകദേശം 50 മുതല്‍ 55 ദിവസങ്ങള്‍ക്കുള്ളില്‍ ഇവ വീണ്ടും വണ്ടുകളായി മാറും. അങ്ങനെയാണ് മാവിന്റെ തളിരുകള്‍ നശിക്കുന്നത്. ഇത് ഒഴിവാക്കാനുള്ള പരിഹാരമാണ് പ്രമോദ് നിര്‍ദേശിക്കുന്നത്. 'മാന്തളിര്‍ മുറിയന്റെ ആക്രമണമുണ്ടാകുന്നത് ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളിലാണ്. മാവ് തളിര്‍ത്ത് ഇലകള്‍ വിടര്‍ന്ന് ഒരിഞ്ച് വീതിയെത്തുമ്പോള്‍ രണ്ട് ശതമാനം വീര്യമുള്ള വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം തളിക്കാം. 20 മി.ലി. വേപ്പെണ്ണയും 20 ഗ്രാം വെളുത്തുള്ളി നീരും 5 ഗ്രാം ബാര്‍ സോപ്പും ഉപയോഗിച്ച് മിശ്രിതം തയ്യാറാക്കാം'

തറയില്‍ തളിരിലകള്‍ വീണാല്‍ വാരിക്കത്തിക്കണം. കത്തിച്ചുകളയണം.അങ്ങനെ ചെയ്താല്‍ മുട്ടക്കൂട്ടങ്ങള്‍ വിരിയാതെ നശിപ്പിക്കാന്‍ കഴിയും. മാവിന്റെ ചുറ്റിലും ചെറുതായി മണ്ണിളക്കി വേപ്പിന്‍ പിണ്ണാക്ക് ചേര്‍ത്തിളക്കാം.

അതി തീവ്ര സാന്ദ്രതാ നടീല്‍ മാവുകളില്‍

ഒരേക്കറില്‍ 674 മാവുകള്‍ നടാം. രണ്ട് വരികള്‍ തമ്മില്‍ 3 മീറ്റര്‍ അകലം വേണം. ഒരു വരിയിലെ തൈകള്‍ തമ്മില്‍ രണ്ട് മീറ്ററും അകലം ഉണ്ടായിരിക്കണം.

'ജയിന്‍ ഇറിഗേഷന്‍ കമ്പനിയാണ് ഈ രീതി ഇന്ത്യയില്‍ പ്രചാരത്തില്‍ കൊണ്ടു വന്നത്. നമ്മുടെ സാധാരണ രീതിയില്‍ മാവ് നടുമ്പോള്‍ 10 മീറ്റര്‍ അകലത്തില്‍ ഒരു ഏക്കറില്‍ വെറും 40 മാവുകളാണ് നടാന്‍ കഴിയുന്നത്'. പ്രമോദ് പറയുന്നു.

തൈകള്‍ നടുന്ന വിധം

ഒരു മീറ്റര്‍ വീതിയിലും ഒരു മീറ്റര്‍ ആഴത്തിലും ആവശ്യമായ നീളത്തിലും കുഴികള്‍ എടുക്കണം. മിനി സോസര്‍ ഉപയോഗിച്ച് ഇത്തരത്തില്‍ കുഴികള്‍ എടുക്കാം. ഇത്തരം കുഴികളില്‍ മേല്‍മണ്ണ്, 20 കിലോ ചാണകപ്പൊടി, ഒരു കിലോ റോക്ക് ഫോസ്ഫേറ്റ്/ എല്ലുപൊടി, 250 ഗ്രാം വേപ്പിന്‍ പിണ്ണാക്ക് എന്നിവ ചേര്‍ത്ത് കുഴിയെടുത്ത് മൂടി അതില്‍ മാവിന്റെ ഗ്രാഫ്റ്റ് തൈകള്‍ നടാം.

ഓരോ മാവിന്റെ ചുവട്ടിലും തുള്ളിനനയിലൂടെ വളം ലഭ്യമാക്കുന്ന സംവിധാനങ്ങളും കള വരാതിരിക്കാന്‍ പുതയിടലും നടത്താം. ഇത്തരത്തില്‍ വളര്‍ത്താവുന്ന മാവിനങ്ങളാണ് പ്രിയൂര്‍,കിളിമൂക്ക് എന്നിവ.

മാവ് വളര്‍ന്ന് ഒരു മീറ്റര്‍ പൊക്കമെത്തുമ്പോള്‍ തലപ്പത്ത് നിന്ന് ഒരടി താഴത്ത് മാവിന്റെ മുകള്‍ ഭാഗം മുറിയക്കുക. മുറിപ്പാടില്‍ കുമിള്‍നാശിനി പുരട്ടാം. വീണ്ടും ശിഖരങ്ങള്‍ പൊട്ടി വരുമ്പോള്‍ 4 ദിശകളില്‍ നിന്നും വരുന്ന ശക്തിയുള്ള നാല് എണ്ണം മാത്രം നിര്‍ത്തി മറ്റുള്ളവ മുറിച്ച് നീക്കാം. അതിന് ശേഷം മുറിപ്പാടില്‍ കുമിള്‍നാശിനി പുരട്ടുക.

പാര്‍ശ്വ ശിഖരങ്ങള്‍ 60 മുതല്‍ 70 സെ.മീ നീളത്തിലെത്തുമ്പോള്‍ 15-20 സെമീ നീളത്തില്‍ അഗ്രഭാഗം മുറിച്ച് മുറിവില്‍ കുമിള്‍നാശിനി പുരട്ടുക. ഇതില്‍ നിന്നും പൊട്ടിമുളയ്ക്കുന്ന കരുത്തുള്ള 2-3 ശിഖരങ്ങള്‍ നിര്‍ത്തി മറ്റുള്ളവ മുറിച്ചുനീക്കുക. ഇങ്ങനെ മാവ് പരമാവധി 2 മീറ്റര്‍ മാത്രം ഉയരത്തില്‍ നിര്‍ത്തി ക്രമമായ ഇടവേളകളില്‍ അത്യാവശ്യമായ ശിഖരങ്ങള്‍ മുറിച്ചുമാറ്റി ഒരു വലിയ കുടയുടെ ആകൃതിയില്‍ നിര്‍ത്താം. ക്രമമായ ജലസേചനവും വളപ്രയോഗവും കൊമ്പുകോതലും നടത്തണം. ഇങ്ങനെ പരിചരിച്ചാല്‍ ഒരു മാവില്‍ നിന്നും ശരാശരി 6 മുതല്‍ 8 കിലോഗ്രാം വരെ മാങ്ങകള്‍ ലഭിക്കും.

പൂക്കളുണ്ടായാല്‍ മൂന്നാംകൊല്ലം മുതലുള്ള പൂക്കള്‍ മാത്രമേ കായകളായി വളരാന്‍ അനുവദിക്കാവൂ. ഒരു ഹെക്ടറില്‍ നിന്നും 5 ടണ്‍ മാങ്ങകള്‍ വരെ ലഭിക്കും.