എഴുപതോളം മീറ്റർ ഉയരത്തിൽ തലയെടുപ്പോടെ നിന്നിരുന്ന പടുകൂറ്റൻ കെട്ടിടങ്ങൾ നിമിഷ നേരം കൊണ്ട് കോൺക്രീറ്റ്, കമ്പി മാലിന്യങ്ങളാക്കി മാറ്റപ്പെടും. അത് മരട് മുനിസിപ്പാലിറ്റിയുടെ ഭൂപ്രകൃതിയെ പാടെ മാറ്റിവരക്കും. 

മരടിൽ അനധികൃതമായി കെട്ടിപ്പൊക്കപ്പെട്ട നാലു ബഹുനിലഫ്ലാറ്റുകളിൽ രണ്ടെണ്ണം, H2O ഹോളി ഫെയ്ത്ത്, ആൽഫാ സെറീൻ എന്നിവ പൊളിച്ചടുക്കാൻ ഇനി ഇരുപത്തിനാലുമണിക്കൂറിൽ താഴെമാത്രം സമയം. കോസ്റ്റൽ റെഗുലേഷൻ സോൺ ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് കെട്ടിപ്പൊക്കിയ ഈ കെട്ടിടങ്ങൾ പൊളിച്ചു മാറ്റാനുള്ള സുപ്രീം കോടതി വിധി ഒടുവിൽ നടപ്പിലാക്കപ്പെടുന്നു. എഴുപതോളം മീറ്റർ ഉയരത്തിൽ തലയെടുപ്പോടെ നിന്നിരുന്ന പടുകൂറ്റൻ കെട്ടിടങ്ങൾ നിമിഷനേരം കൊണ്ട് കോൺക്രീറ്റ്, കമ്പി മാലിന്യങ്ങളാക്കി മാറ്റപ്പെടും. അത് മരട് മുനിസിപ്പാലിറ്റിയുടെ ഭൂപ്രകൃതിയെ പാടെ മാറ്റിവരക്കും. ഇന്നലെവരെ അവിടെ നിന്നിരുന്ന ചില അംബരചുംബികൾ ഇനിയിവിടെ കാണില്ല. 

ഫ്ലാറ്റുകൾ പൊളിക്കുന്നതിലെ, സ്ഫോടനമൊഴികെ മറ്റെല്ലാ പ്രക്രിയകളും അടങ്ങുന്ന ഒരു മോക്ക് ഡ്രിൽ ഇന്ന് നടക്കുന്നു. സ്ഫോടനവും തകർന്നുവീഴലും കഴിഞ്ഞാൽ ഫയർസർവീസ് വാഹനങ്ങൾ കടന്നു വരുന്നതും, ആംബുലൻസുകൾ സൈറ്റിൽ തയ്യാറായി നിൽക്കുന്നതും ഒക്കെ പരീക്ഷിക്കപ്പെടും. നാളെ സ്ഫോടനം നടക്കുമ്പോൾ അതൊക്കെ വിജയകരമായി നടക്കും എന്നുറപ്പിക്കുന്നതിനാണത്. കഴിഞ്ഞ വർഷം മെയ് 8 -ന് നടപ്പിലാക്കണം എന്ന് സുപ്രീം കോടതി നിഷ്കർഷിച്ചതാണ് ഈ പൊളിക്കൽ. അത് നടപ്പിലാക്കാതിരുന്നതിന് ചീഫ് സെക്രട്ടറി ടോം ജോസിനെ അന്ന് കോടതി വിളിച്ചു വരുത്തി ശാസിക്കുകയും ചെയ്തിരുന്നു.

"

ശനിയാഴ്ച രാവിലെ 11.00 മണിക്കും 11.05 നും ഇടയ്ക്ക് H2O ഹോളി ഫെയ്ത്ത് എന്ന 68 മീറ്റർ ഉയരമുള്ള, 16 നിലകളുള്ള കെട്ടിടത്തിന്റെ പല നിലകളിലുള്ള സപ്പോർട്ട് കോളങ്ങളിൽ ഘടിപ്പിച്ചിട്ടുള്ള അമോണിയം സൾഫേറ്റ് അടിസ്ഥാനപ്പെടുത്തിയുള്ള ഇമൽഷൻ സ്ഫോടകവസ്തുക്കൾ വൈദ്യുതി ഉപയോഗിച്ചുകൊണ്ട്, ദൂരെ മാറി സജ്ജീകരിക്കുന്ന ബ്ലാസ്റ്റിങ് ഷെഡിൽ നിന്ന് ട്രിഗർ ചെയ്യും. വെറും ഇരുപതു സെക്കൻഡ് നേരം കൊണ്ട് ആ കെട്ടിടം വെറും പതിനെട്ടു മീറ്റർ മാത്രം ഉയരത്തിലുള്ള കോൺക്രീറ്റ് വേസ്റ്റ് ആയി പൊളിഞ്ഞടുങ്ങും. ദക്ഷിണാഫ്രിക്കയിലെ അറിയപ്പെടുന്ന ഡെമോളിഷൻ കമ്പനിയായ ജെറ്റ് ഡെമോളിഷൻ ഇന്ത്യയിലെ എഡിഫിസ് എഞ്ചിനീയറിങ് കമ്പനിയുമായി ചേർന്നുകൊണ്ടാണ് സ്ഫോടനത്തിനുവേണ്ട സാങ്കേതികമായ പ്രക്രിയകൾ നിയന്ത്രിക്കുന്നത്. നൂറുകണക്കിന് ബഹുനിലക്കെട്ടിടങ്ങൾ പൊളിച്ചു വീഴ്ത്തിയ പരിചയമുള്ള ജെറ്റ് ഡെമോളിഷനിലെ ജോ ബ്രിങ്ക്മാൻ ആണ് സ്ഫോടനം നിയന്ത്രിക്കാൻ വേണ്ടി കൊച്ചിയിലേക്ക് പറന്നെത്തിയിട്ടുള്ളത്. 

ഫ്ലാറ്റിന്റെ ഇരുനൂറ് മീറ്റർ ചുറ്റളവിലുള്ള സ്ഥലം എക്സ്ക്ലൂഷൻ സോൺ ആയി പ്രഖ്യാപിച്ചിട്ടുണ്ട്. അവിടേക്ക് ആർക്കുംതന്നെ പ്രവേശനമുണ്ടാകില്ല. ചുവന്ന കൊടികൾ കുത്തിനിർത്തി ആ സോണിന്റെ അതിരുകൾ അടയാളപ്പെടുത്തിയിട്ടുണ്ട്. ഫ്ലാറ്റൊന്നിന് അഞ്ഞൂറ് പൊലീസുകാരെ വെച്ചാണ് നിയോഗിച്ചിട്ടുള്ളത്. അവർ പ്രദേശത്തേക്ക് ആരെയും കടത്തിവിടാതെ നിയന്ത്രിക്കും. ഹോളിഫെയ്ത്ത് ഫ്ലാറ്റ് പൊളിഞ്ഞു വീഴുമ്പോൾ അത് ചെറുതായി ഫ്ലാറ്റിന്റെ മുറ്റത്തേക്ക് ചെരിയുമെങ്കിലും, അത് ഗേറ്റിനപ്പുറം കടക്കുകയോ, തൊട്ടടുത്ത്, വെറും 71 മീറ്റർ മാത്രം ദൂരെ സ്ഥിതി ചെയ്യുന്ന കുണ്ടന്നൂർ പാലത്തിനോ എന്ന സംഭരണ ഫെസിലിറ്റിക്കോ യാതൊരു കേടുപാടും വരുത്തുകയോ ചെയ്യില്ല എന്നാണ് എഡിഫിസ് എഞ്ചിനീയറിങ് വക്താക്കൾ പറയുന്നത്. ആൽഫ സെറീൻ ഫ്ലാറ്റിന്റെ രണ്ടു ടവറുകളും നാളെ തന്നെ നിലം പൊത്തുന്നതാണ്. കോയമ്പത്തൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന വിജയ സ്റ്റീൽസ് ആണ് ഈ കെട്ടിടം പൊളിക്കുന്നത്. ഒരേസമയത്താണ് രണ്ടു ഫ്ലാറ്റുകളും തകർന്നു വീഴുക. പരമാവധി 120 ഡെസിബെൽ ശബ്ദമാണ് സ്‌ഫോടനത്തിൽ ഉണ്ടാവുക. തൃശൂർ പൂരത്തിൽ വെടിക്കെട്ടിനിടെ 125 ഡെസിബെൽ വരെ തീവ്രതയുള്ള ശബ്ദമുണ്ടാകാറുണ്ട്. 

ചുറ്റുപാടും നിൽക്കുന്ന വീടുകൾക്കോ, മറ്റു കെട്ടിടങ്ങൾക്കോ യാതൊരു തകരാറും തന്നെ ഉണ്ടാകില്ല എന്ന് പറയുമ്പോഴും, ഫ്ലാറ്റുകൾ പൊളിച്ചു തീരും വരെ അക്കാര്യത്തിൽ ആശങ്കകൾ വിട്ടുമാറാതെ തന്നെ തുടരുകയാണ് മാറാട് നിവാസികളുടെ മനസ്സിൽ.