പന്ത്രണ്ട് വയസുള്ളപ്പോള്‍ വിവാഹം കഴിഞ്ഞ പെണ്‍കുട്ടി അതാണ് ഉഗാണ്ട സ്വദേശിനി മറിയം.. പതിമൂന്നാമത്തെ വയസ്സില്‍ അവര്‍ ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് ജന്മവും നല്‍കി. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ വീണ്ടും അമ്മയായി. ഇത്തവണ മൂന്ന് കുഞ്ഞുങ്ങള്‍. വീണ്ടും രണ്ട് വര്‍ഷം കടന്നുപോയി.. അപ്പോഴായിരുന്നു അടുത്ത പ്രസവം, അതില്‍ നാല് കുഞ്ഞുങ്ങള്‍. കേള്‍ക്കുമ്പോള്‍, കേള്‍ക്കുന്നവര്‍ക്ക് അസാധാരണം എന്നൊക്കെ തോന്നാമെങ്കിലും മറിയത്തിന് അതില്‍ യാതൊരു വിധ ആകുലതകളുമുണ്ടായില്ല. മറ്റൊരു കാര്യം കൂടി മറിയം പറഞ്ഞു, 'എന്‍റെ അച്ഛന് പല സ്ത്രീകളിലായി 45 കുട്ടികളുണ്ടായിരുന്നു. അതില്‍ തന്നെ ഒറ്റ പ്രസവത്തില്‍ മൂന്നും നാലും കുട്ടികളുണ്ടായിരുന്നു.' 

ഏതായാലും ഇതിനെ കുറിച്ച് ഉഗാണ്ടയിലെ ഡോക്ടര്‍ ചാള്‍സ് കിഗ്ഗുന്‍ഡു പറയുന്നത്, 'ജനറ്റിക് പ്രിഡിസ്പൊസിഷന്‍ ടു ഹൈപ്പര്‍ ഓവുലേറ്റ്' എന്ന അവസ്ഥയാണ് മറിയത്തിന്‍റേത് എന്നാണ്. അണ്ഡോല്‍പാദന സമയത്ത് ഒന്നിലധികം അണ്ഡങ്ങളുല്‍പ്പാദിപ്പിക്കപ്പെടുന്ന അവസ്ഥയാണിത്. അതുകൊണ്ട് തന്നെ ഒറ്റ പ്രസവത്തില്‍ തന്നെ രണ്ടോ അതിലധികമോ കുഞ്ഞുങ്ങളുണ്ടാകാനുള്ള സാധ്യതയുമുണ്ട്. 

അങ്ങനെ ആറാമത്തെ പ്രസവമായി.. അപ്പോഴേക്കും 18 കുട്ടികളുടെ അമ്മയായിക്കഴിഞ്ഞിരുന്നു മറിയം. അതോടെ പ്രസവം നിര്‍ത്തിയേക്കാം എന്ന് ചിന്തിച്ചതാണ് മറിയം. എന്നാല്‍, ഡോക്ടര്‍മാര്‍ അവരെ അതില്‍ നിന്നും പിന്തിരിപ്പിക്കുകയായിരുന്നു. ജനറ്റിക് പ്രിഡിസ്പൊസിഷന്‍ ടു ഹൈപ്പര്‍ ഓവുലേറ്റ് എന്ന അവസ്ഥയുള്ളവരില്‍ അണ്‍ഫെര്‍ട്ടിലൈസ്ഡായ അണ്ഡങ്ങള്‍ കൂടുന്നത് പ്രത്യുല്‍പാദന സംവിധാനത്തേയും ചിലപ്പോള്‍ അവരുടെ ജീവിതത്തെ കൂടിയും ബാധിച്ചേക്കാം എന്നതായിരുന്നു കാരണം. ഒരിക്കല്‍, മറിയം ഇന്‍റര്‍ യൂറൈറണ്‍ ഡിവൈസുപയോഗിക്കാന്‍ ശ്രമിച്ചതായിരുന്നു മറിയം. പക്ഷെ, അസുഖം പിടിപെട്ടു. ഒരു മാസത്തോളം കോമയില്‍ വരെ ആയി. 

2016 -ല്‍ മറിയം തന്‍റെ അവസാനത്തെ കുട്ടിക്ക് ജന്മം നല്‍കി. 44 കുട്ടികള്‍ ജനിച്ചവരില്‍ 38 പേരാണ് ഇന്ന് ജീവനോടെയുള്ളത്. ആദ്യത്തെ കുട്ടിക്ക് 25 വയസ്സ്. പക്ഷെ, കുട്ടികള്‍ പലരും അച്ഛനെ കണ്ടതായി ഓര്‍ക്കുന്നു പോലുമില്ല. രാത്രി മദ്യപിച്ച് ലക്കുകെട്ടാണ് ആളെത്തുക. പുലരും മുമ്പ് മടങ്ങിപ്പോവുകയും ചെയ്യും. കുട്ടികളുടെ കാര്യങ്ങളെല്ലാം നോക്കുന്നത് മറിയം തനിച്ചാണ്. അവര്‍ക്ക് ശരിയായ രീതിയില്‍ ഭക്ഷണം നല്‍കാന്‍ പോലും മറിയത്തിന് കഴിയുന്നില്ല. 

'മോസ്റ്റ് ഫെര്‍ട്ടൈല്‍ വുമണ്‍ ഇന്‍ ദ വേള്‍ഡ് എന്ന വിശേഷണത്തോടെ നിരവധി അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇവരുടെ അഭിമുഖം പ്രസിദ്ധീകരിച്ചിട്ടുണ്ട്.'