1977 മാർച്ച് 18 -ന് ഡൊനെഗല്‍ അതിർത്തിയിൽ വളരെ ഭയാനകമായ ഒരു കാര്യം സംഭവിച്ചു...

ഏഴുവയസ്സുള്ള മേരി ബോയലിന്‍റെ കുടുംബം മേരിയുടെ മുത്തശ്ശിയെ കാണാനായി വന്ന ദിവസമായിരുന്നു അന്ന്. ആ കൊച്ചു മിടുക്കി ഓടിച്ചെന്ന് അമ്മയെ കെട്ടിപ്പിടിച്ച്, ഉമ്മവെച്ചു. "ഇന്ന് രാവിലെ ഞാൻ അമ്മയ്ക്ക് ഉമ്മ തരാൻ മറന്നു" ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു. പക്ഷേ, അമ്മയോട് അവൾ അവസാനമായി പറഞ്ഞ വാക്കുകളായിരുന്നു അത്. 

അകത്ത്, മുതിർന്നവർ ഭക്ഷണം കഴിക്കുമ്പോൾ, പുറത്ത്, ഇരട്ട സഹോദരിയായ ആൻ, ജ്യേഷ്ഠൻ പാഡി, രണ്ട് കസിൻസ് എന്നിവരോടൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു മേരി. മേരിയുടെ അമ്മാവൻ വീടിന്‍റെ മേൽക്കൂര ശരിയാക്കാനായി 400 യാർഡ് അകലെ താമസിച്ചിരുന്ന അയൽവാസികളായ കാവ്‌ലീസിന്‍റെ പക്കൽനിന്ന് ഒരു ഏണി വാങ്ങിയിരുന്നു. ഉച്ചകഴിഞ്ഞ് 3.45 ഓടെ അത് തിരിച്ച് കൊടുക്കാനായി അവളുടെ അമ്മാവൻ ജെറി ഗല്ലഗെർ, കാവ്‌ലീസിന്‍റെ വീട്ടിലേക്ക് നടന്നു. എന്നാൽ അത് കണ്ട മേരി കൗതുകം തോന്നി അമ്മാവനെ പിന്തുടർന്നു.

അമ്മാവൻ അവളോട് തിരിച്ചുപോകാൻ പറഞ്ഞു. ഒരു പാക്കറ്റ് ചിപ്‍സും കഴിച്ചുകൊണ്ട് അവൾ തിരിഞ്ഞുനടന്നു. കഷ്ടിച്ച് അഞ്ച് മിനിറ്റ് പോലും വേണ്ട അവിടന്ന് അവളുടെ മുത്തശ്ശിമാരുടെ ഫാം ഹൗസിലേക്കുള്ള തിരിച്ച് പോക്കിന്. എന്നാൽ അവൾ മടങ്ങിയെത്തിയില്ല. പൊലീസും ഒരുകൂട്ടം നാട്ടുകാരും ചേർന്ന് അവിടം മുഴുവൻ അരിച്ചുപെറുക്കിയെങ്കിലും അവളെ കണ്ടെത്താനായില്ല. അവളുടെ മുത്തശ്ശിയുടെ വീടിന് പുറകിലുള്ള തടാകം മുഴുവൻ വറ്റിച്ചുനോക്കി. എന്നിട്ടും കാര്യമുണ്ടായില്ല.

 

ആറ് വയസ്സുള്ള ആ ഐറിഷ് പെൺകുട്ടിയുടെ തിരോധാനം റിപ്പബ്ലിക് ഓഫ് അയർലണ്ടിൽ കാണാതായവയുടെ കൂട്ടത്തിലുള്ള ഏറ്റവും വലിയ കേസാണ്. 40 വർഷം കഴിഞ്ഞിട്ടും പൊലീസിന് ഇന്നും ആ കേസ് തെളിയിക്കാനായില്ല. ആ മാതാപിതാക്കളുടെ മനസ്സിൽ അവളുടെ തിരോധാനം ഇന്നും ഒരു തീരാദുഖമായി തുടരുന്നു. ഒരു തുമ്പും അവശേഷിപ്പിക്കാതെ മേരി അപ്രത്യക്ഷമായി. 40 വർഷങ്ങൾക്ക് മുമ്പ് ആ മാർച്ച് മാസം ഉച്ചതിരിഞ്ഞ് എന്താണ് സംഭവിച്ചതെന്ന് ഇന്നും പൊലീസിന് അറിയാന്‍ കഴിഞ്ഞിട്ടില്ല. കുറ്റകൃത്യത്തെക്കുറിച്ചുള്ള ശാസ്ത്രീയ അന്വേഷണം മതിയായി പുരോഗമിച്ചിട്ടില്ലായിരുന്നു അന്ന്. മൊബൈൽ ഫോണില്ലാത്ത, സോഷ്യൽ മീഡിയയില്ലാത്ത, ജിപിഎസ് ഇല്ലാത്ത ഒരു ലോകമായിരുന്നു അത്. അക്കാലത്ത് വളരെ കുറച്ച് വീടുകളിൽ മാത്രമേ ലാൻഡ്‌ലൈൻ ടെലിഫോണുകൾ ഉണ്ടാകുമായിരുന്നുള്ളൂ. 

 

പർവ്വതനിരകളിൽ കാണാതായ ആ കുട്ടിയെ ചുറ്റിപ്പറ്റി അനവധി ഊഹാപോഹങ്ങൾ നിലനിൽക്കുന്നു. കുട്ടികളെ കൊല്ലുന്ന മനസികരോഗിയായ റോബർട്ട് ബ്ലാക്കായിരിക്കും മേരിയുടെ തിരോധാനത്തിന് പിന്നിൽ എന്നതാണ് അതിലൊന്ന്. ബ്ലാക്ക് 19 പെൺകുട്ടികളെയെങ്കിലും കൊന്നതായി കണക്കാക്കുന്നു. മൂന്ന് സ്‌കൂൾ വിദ്യാർത്ഥിനികളെ തട്ടിക്കൊണ്ടുപോയി കൊന്നതിന് 1994 -ൽ ബ്ലാക്കിനെ 10 വർഷം ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു. ഒരു ട്രക്ക് ഡ്രൈവറായ ബ്ലാക്കിനെ അന്നേദിവസം ആ പരിസരഭാഗത്ത് കണ്ടിരുന്നുവെന്നും, അയാളുടെ വാനിൽനിന്ന് കരച്ചിലുകൾ ഉയർന്നിരുന്നുവെന്നും സാക്ഷികൾ പറഞ്ഞിരുന്നു. എന്നാൽ അത് വെറുമൊരു ഊഹമായി പിന്നീട് തള്ളിക്കളഞ്ഞു.

 

2018 -ൽ ബന്ധുക്കളും അനുയായികളും സ്‌ട്രാനോർലറിലെ കൊറോണറുടെ ഓഫീസിന് പുറത്ത് നിശബ്ദ പ്രതിഷേധം നടത്തിയിരുന്നു. മേരിയുടെ മരണത്തെക്കുറിച്ച് അന്വേഷണം നടത്താൻ ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. വിചാരണ നടത്തണമെന്ന് ആവശ്യപ്പെട്ട് പതിനായിരത്തിലധികം ഒപ്പുകൾ അടങ്ങിയ നിവേദനത്തിൽ മേരി ബോയലിന്‍റെ ഇരട്ട സഹോദരി ആനിന്‍റെ ഒപ്പും ഉണ്ടായിരുന്നു.

മേരിയുടെ തിരോധാനത്തെക്കുറിച്ചും, അന്വേഷണത്തിന്‍റെ അഭാവത്തെക്കുറിച്ചും ഉള്ള നിശബ്ദത വളരെ ദാരുണമാണ്. ഇന്നും ആ കേസ് വേണ്ടരീതിയിൽ പരിഗണിക്കപ്പെടുന്നില്ല. പക്ഷേ, നീതിലഭിക്കും വരെ പോരാടുമെന്ന് മേരിയുടെ കുടുംബം പറയുന്നു.